ADVERTISEMENT

ന്യൂഡൽഹി∙ എല്ലാ അനുമാനങ്ങളെയും കടത്തിവെട്ടി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് നടപ്പുസാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) 7.6%. 

6.5% മുതൽ 7% വരെ വളർച്ചാനിരക്ക് കൈവരിക്കുമെന്നായിരുന്നു വിവിധ ഏജൻസികളുടെ അനുമാനം. റിസർവ് ബാങ്കിന്റെ ഔദ്യോഗിക അനുമാനം പോലും 6.5 ശതമാനമായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ ‘അതിശയകരമായ വളർച്ച’ നേടുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അടുത്തയിടയ്ക്ക് പറഞ്ഞിരുന്നു.

ഉൽപാദന, നിർമാണ, ഖനന മേഖലകളിലെ ഉണർവാണ് ഇത്തവണ മെച്ചപ്പെട്ട വളർച്ച സമ്മാനിച്ചത്.

ഏപ്രിൽ–ജൂണിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.8 ശതമാനമായിരുന്നു. ഇക്കൊല്ലം രാജ്യത്തിന്റെ വളർച്ച 6.5% എന്നാണ് ആർബിഐയുടെ പ്രവചനം.

ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം). 

share-market

രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) കഴിഞ്ഞ വർഷം ജൂലൈ–സെപ്റ്റംബറിൽ 38.78 ലക്ഷം കോടി രൂപയായിരുന്നത് ഇത്തവണ 41.74 ലക്ഷം കോടിയായിട്ടാണ് വർധിച്ചത്.

കാർഷിക മേഖലയിലെ വളർച്ചയിൽ ഇടിവുണ്ടായി. ആദ്യപാദത്തിൽ 3.5 ശതമാനമായിരുന്നത് 1.2 ആയി ഇത്തവണ കുറഞ്ഞു. എന്നാൽ ഉൽപാദന മേഖല കുതിച്ചു. 4.7% ആയിരുന്നത് 13.9% ആയി. നിർമാണ മേഖല 7.9% ആയിരുന്നത് 13.3 ആയി. ഖനന, ക്വാറി രംഗം ആദ്യ പാദത്തിൽ 5.8 ശതമാനമായിരുന്നത് 10% ആയി. ധനകാര്യ, റിയൽ എസ്റ്റേറ്റ് സേവനമേഖലകൾ, ഹോട്ടലുകൾ, വാണിജ്യരംഗം, ഗതാഗതം എന്നിവയിൽ ഇടിവുണ്ടായി.

ധനക്കമ്മി 45 ശതമാനത്തിലെത്തി

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി സാമ്പത്തികവർഷത്തിന്റെ ആദ്യ 7 മാസം കൊണ്ട് ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 45 ശതമാനത്തിലെത്തി. ഏപ്രിൽ–ഒക്ടോബർ കാലയളവിൽ ധനക്കമ്മി 8.03 ലക്ഷം കോടി രൂപയാണ്. 17.86 ലക്ഷം കോടിയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്. സർക്കാരിന്റെ മൊത്ത ചെലവും വായ്‌പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണിത്. 

ഇന്ത്യയുടെ സാമ്പത്തികവളർച്ചാനിരക്ക്

2022-23

∙ പാദം 1: 13.1%

∙ പാദം 2: 6.2%

∙ പാദം 3: 4.5%

∙ പാദം 4: 6.1%

2023–24

∙ പാദം 1: 7.8%

∙ പാദം 2: 7.6%

English Summary:

India's Growth 7.6%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com