നിക്ഷേപകർക്ക് മികച്ച നേട്ടവുമായി കമ്പനികളുടെ വിപണി അരങ്ങേറ്റം
Mail This Article
മുംബൈ∙ ഓഹരി നിക്ഷേപകർക്ക് ഗംഭീര നേട്ടം സമ്മാനിച്ച് മൂന്ന് കമ്പനികളുടെ വിപണി പ്രവേശം. ടാറ്റ ടെക്നോളജീസ്, ഗാന്ധാർ ഓയിൽ റിഫൈനറി, ഐആർഇഡിഎ എന്നിവയാണ് ആദ്യദിനം മിന്നുന്ന പ്രകടനം നടത്തിയത്.
ടാറ്റ ടെക്നോളജീസ് വിപണിയെ ഞെട്ടിച്ചുകൊണ്ട് 140 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്.
ഇഷ്യു വിലയായ 500 രൂപയിൽനിന്ന് 1,200ലേക്ക് ഓഹരി കുതിച്ചുകയറി. പിന്നീട് 1400 വരെ ഉയർന്നു. 162.6 ശതമാനം നേട്ടത്തോടെ 1,313 രൂപയിലാണ് ക്ലോസ് ചെയ്തത്.
പ്രാഥമിക ഓഹരിവിൽപനയ്ക്ക് 73.38 ലക്ഷം അപേക്ഷകരായിരുന്നു എത്തിയത്. 69.43 മടങ്ങായിരുന്നു സബ്സ്ക്രിപ്ഷൻ.
ഓട്ടോമൊബൈൽ മേഖലയിലുള്ള കമ്പനിയാണ് ടാറ്റ ടെക്നോളജീസ്. പ്രമോട്ടർമാരായ ടാറ്റ മോട്ടോഴ്സും, നിക്ഷേപകരായ ആൽഫ ടിസി ഹോൾഡിങ്സും ടാറ്റ കാപ്പിറ്റൽ ഗ്രോത്ത് ഫണ്ടും 6.08 കോടി ഓഹരികളാണ് ഐപിഒയിലൂടെ കൈമാറിയത്.
2004ൽ ടാറ്റ കൺസൽറ്റൻസി സർവീസസിനു ശേഷം പ്രാഥമിക ഓഹരി വിൽപന നടത്തുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ ടെക്.
ഇന്നലെ ലിസ്റ്റ ചെയ്ത മറ്റൊരു കമ്പനിയായ ഗാന്ധാർ ഓയിൽ റിഫൈനറി ഇഷ്യു പ്രൈസ് ആയ 169 രൂപയിൽനിന്ന് 76.33 ശതമാനം കുതിപ്പോടെ 298 രൂപയ്ക്കാണ് അരങ്ങേറ്റം നടത്തിയത്. തുടർന്ന് 344.05 രൂപ വരെ ഉയരുകയും ചെയ്തു. ക്ലോസിങ് നിരക്ക് 301.55 രൂപ. കമ്പനിയുടെ 500 കോടിയുടെ ഐപിഒയ്ക്ക് 64.07 മടങ്ങ് അപേക്ഷകളാണ് എത്തിയത്.
കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്ത ഇന്ത്യൻ റിന്യുവബ്ൾ എനർജി ഡവലപ്മെന്റ് ഏജൻസി (ഐആർഇഡിഎ)യുടെ വിപണി അരങ്ങേറ്റവും തിളക്കമുള്ളതായിരുന്നു.
32 രൂപയായിരുന്നു ഇഷ്യുപ്രൈസ്. 87.5 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. 50 രൂപയിൽ ലിസ്റ്റ് ചെയ്ത ഓഹരി 60 രൂപയിലേക്ക് എത്തുകയും ചെയ്തു. ഐപിഒയ്ക്കുള്ള അപേക്ഷകൾ 38.80 മടങ്ങായിരുന്നു.
അതേസമയം, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ(ഫെഡ്ഫിന) ഓഹരിപ്രവേശം ഇഷ്യു വിലയേക്കാൾ 1.42 ശതമാനം കുറവോടെയായിരുന്നു. 140 രൂപയായിരുന്ന ഇഷ്യുവില. ലിസ്റ്റ് ചെയ്തത് 138 രൂപയ്ക്ക്. പിന്നീട് 148.25 രൂപ വരെ എത്തുകയും ചെയ്തു. 140.25 രൂപയിലാണ് ക്ലോസ് ചെയ്തത്.