ADVERTISEMENT

വിപണിക്കു രാഷ്‌ട്രീയമില്ല. പക്ഷേ രാഷ്‌ട്രീയം ഓഹരി വിപണിയുടെ ഗതി നിർണയിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ വിപണിയുടെ ദിശാസൂചികയാകുന്നത് 5 സംസ്‌ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമായിരിക്കും.

  മധ്യപ്രദേശ്, രാജസ്‌ഥാൻ, തെലങ്കാന, ഛത്തീസ്‌ഗഡ്, മിസോറം എന്നീ സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നൊക്കെ അഭിപ്രായമുണ്ട്. യുക്‌തിഭദ്രമെന്നു പറയാൻ കഴിയാത്തതിനാൽ ഈ അഭിപ്രായത്തിന്റെ വില അതേപടി വരവുവയ്‌ക്കാൻ വിപണിക്കു കഴിയില്ല. പോരെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറു മാസത്തോളം അകലെയുമാണ്. അതേസമയം ഫലപ്രഖ്യാപനത്തിൽനിന്നുള്ള ചില സൂചനകൾ വിപണിക്കു കണക്കിലെടുക്കാതിരിക്കാനുമാവില്ല. ഈ സൂചനകളായിരിക്കും ഇന്നും അടുത്ത ദിവസങ്ങളിലും വിപണി പ്രകടനത്തിൽ പ്രതിഫലിക്കുക. അതാകട്ടെ തൽക്കാലത്തേക്കു മാത്രമായിരിക്കും. കാരണം സമീപദിനങ്ങളിൽത്തന്നെ വിപണിക്കു പരിഗണിക്കാൻ അടിയന്തിര പ്രാധാന്യമുള്ള എത്രയോ യാഥാർഥ്യങ്ങൾ വേറെയുണ്ട്.

ആർബിഐ നയം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന പണ നയ സമിതി യോഗം ഈ ആഴ്‌ച ചേരും. വെള്ളിയാഴ്‌ച പ്രഖ്യാപിക്കുന്ന തീരുമാനം വിപണിക്കു വളരെ നിർണായകമാണ്. വായ്‌പ നിരക്കുകൾ സംബന്ധിച്ചു കേന്ദ്ര ബാങ്ക് കൈക്കൊള്ളുന്ന ഏതു തീരുമാനവും വിപണിക്ക് അവഗണിക്കാവുന്നതല്ല.

ഫെഡ് റിസർവ് തീരുമാനം

ആർബിഐയുടെ തീരുമാനത്തിനുള്ള പ്രാധാന്യത്തിനൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ളതാണു യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനം. 13ന് അതു പുറത്തുവരും. ഇന്ത്യയിലെ ഓഹരി, കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപ പ്രവാഹം പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫെഡ് റിസർവിന്റെ തീരുമാനത്തിനു പ്രസക്‌തി ഏറെ. കേന്ദ്ര സർക്കാരിന്റെ കടപ്പത്രങ്ങളിലേക്കും കോർപറേറ്റ് ബോണ്ടുകളിലേക്കും നവംബറിൽ 12,500 കോടിയോളം രൂപയ്‌ക്കു തുല്യമായ ഡോളർ നിക്ഷേപമെത്തുകയുണ്ടായി. ഓഹരി വിപണിയിലേക്കു നവംബറിൽ 9000 കോടിയിലേറെ രൂപയുടെ നിക്ഷേപമെത്തി. ഈ മാസം ഇതിനെക്കാൾ കൂടിയ തോതിൽ നിക്ഷേപമെത്തുമെന്ന പ്രതീക്ഷയാണുള്ളതെന്നിരിക്കെ അതിനു മങ്ങലേൽപിക്കുന്ന തീരുമാനമുണ്ടായാൽ വിപണിയുടെ പ്രകടനം മോശമാകാതെ വയ്യല്ലോ.

മുന്നേറ്റത്തിന്റെ ഡിസംബറുകൾ

നിഫ്‌റ്റിയുടെ വർഷാന്ത്യ പ്രകടനം ആരംഭിച്ചിരിക്കുന്നതു റെക്കോർഡ് നിലവാരമായ 20,291.55 പോയിന്റിലേക്കു പതാക ഉയർത്തിക്കെട്ടിക്കൊണ്ടാണ്. ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിലെ അതിശയകരമായ വളർച്ചയും മറ്റുമാണു മുന്നേറ്റത്തിനു കരുത്തു പകർന്നത്. അതേസമയം, ഡിസംബറുകൾ വിപണിക്കു പൊതുവേ നേട്ടതിന്റേതാകുന്നതാണു ചരിത്രം. 12 വർഷത്തിനിടയിൽ ഏഴു ഡിസംബറിലും നിഫ്‌റ്റി സമ്മാനിച്ചതു നേട്ടമാണ്. വിദേശ, ആഭ്യന്തര നിക്ഷേപക സ്‌ഥാപനങ്ങളാണു നേട്ടത്തിനു കാരണക്കാർ. 10 വർഷത്തിനിടയിൽ ഏഴു ഡിസംബറിലും ആഭ്യന്തര ധനസ്‌ഥാപനങ്ങൾ വിപണിയിലേക്കു പണമൊഴുക്കി. ആറു ഡിസംബറിലും വിദേശ ധനസ്‌ഥാപനങ്ങൾ വിൽപനക്കാരായിരുന്നുമില്ല. ഇത്തവണയും നിക്ഷേപക സ്‌ഥാപനങ്ങളുടെ പിന്തുണയിലാണു വിപണിയുടെ പ്രതീക്ഷ.

നിഫ്‌റ്റി 20,510 – 20,600 നിലവാരത്തിലേക്ക്

നിഫ്‌റ്റിയുടെ ‘ക്ലോസിങ്’ നിരക്ക് 20,267.90 പോയിന്റാണ്. 18,750 പോയിന്റിലെ കരുത്തുറ്റ കടമ്പ കടന്നതോടെ ദൃഢീകരണത്തിന്റെ ഘട്ടം അവസാനിച്ചെന്നു കരുതാം. 20,110 – 20,220 നിലവാരമാകും ഇനി അടുത്ത കടമ്പ. അതു കടക്കാനായാൽ 20,510 – 20,600 നിലവാരം യാഥാർഥ്യമാകും. 20,140 നിലവാരത്തിൽ വിപണിയുടെ നില ഭദ്രമാണെന്നു കരുതാവുന്ന സാഹചര്യമാണുള്ളത്. 

മന:ശാസ്‌ത്രപരമായി പ്രാധാന്യമുള്ള 20,000 പോയിന്റ് മറികടന്നതോടെ വിപണിയിൽ നിക്ഷേപകർക്കു പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. വിപണിയുടെ ആകമാന ഘടന മുന്നേറ്റത്തിന് അനുകൂലമായി മാറിയിട്ടുണ്ടെങ്കിലും ലാഭമെടുപ്പിലെ വർധന വെല്ലുവിളിയായേക്കുമെന്ന യാഥാർഥ്യം വിസ്‌മരിച്ചുകൂടാ. 

English Summary:

Stock preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com