എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ്
Mail This Article
കൊച്ചി ∙ബജറ്റ് എയർലൈനായി സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന് ആദ്യമായി വിഐപി ക്ലാസും. പുതിയ ബോയിങ് 737-8 വിമാനങ്ങൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു. ബിസിനസ് ക്ലാസിന് സമാനമായ സൗകര്യങ്ങളാണുള്ളത്.
നിലവിൽ മൂന്ന് 737–8 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്. 2024 ഡിസംബറോടെ ഇത് 43 ആകും.
വിശാലമായ സീറ്റുകളും കൂടുതൽ ലെഗ് റൂമും ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ നൽകുന്നതാണ് വിഐപി ക്ലാസ്. തിരുവനന്തപുരം– ബെംഗളൂരു, കൊച്ചി–ഹൈദരാബാദ്, കണ്ണൂർ–ബെംഗളൂരു എന്നീ സർവീസുകളിൽ ആദ്യ ഘട്ടത്തിൽ വിഐപി ക്ലാസുകളുണ്ടാകും.
രാജ്യാന്തര വിമാനങ്ങളിൽ 40 കിലോഗ്രാമും, ആഭ്യന്തര വിമാനങ്ങളിൽ 25 കിലോയും ബാഗേജ് അലവൻസ്, എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളുടെ സൗകര്യം എന്നിവയും പാക്കേജിന്റെ ഭാഗമാണ്.
15 മുതലുള്ള യാത്രകൾക്ക് വിഐപി ക്ലാസ് ബുക്ക് ചെയ്യാം. മറ്റ് ക്ലാസുകളിൽ ബുക്ക് ചെയ്യുന്നവർക്ക് അപ്ഗ്രേഡ് ചെയ്യാനും സൗകര്യമുണ്ട്.