ADVERTISEMENT

കൊച്ചി/മുംബൈ ∙ 960 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പി (മുത്തൂറ്റ് ബ്ലൂ) ൽപ്പെട്ട മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് 18നു മൂലധന വിപണിയിലെത്തുന്നു. ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) 20ന് അവസാനിക്കും.

10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിനു നിശ്‌ചയിച്ചിട്ടുള്ള വില നിലവാരം 277 – 291 രൂപയാണ്. കുറഞ്ഞത് 51 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. 51ന്റെ ഗുണിതങ്ങളായി അധിക ഓഹരികൾക്ക് അപേക്ഷിക്കാം. ഓഹരികൾ ബിഎസ്‌ഇയിലും നാഷനൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചി (എൻഎസ്‌ഇ) ലും ലിസ്‌റ്റ് ചെയ്യും.

പുതിയ ഓഹരികൾ പുറപ്പെടുവിക്കുന്നതിലൂടെ 760 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; 200 കോടി രൂപ ‘ഓഫർ ഫോർ സെയിൽ’ (ഒഎഫ്‌എസ്) മാർഗത്തിലൂടെയും.

ഗ്രേറ്റർ പസിഫിക് ക്യാപ്പിറ്റൽ എന്ന വിദേശ ധനസ്‌ഥാപനത്തിന്റെയും തോമസ് ജോൺ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോർജ് മുത്തൂറ്റ്, പ്രീതി ജോൺ മുത്തൂറ്റ്, റെമ്മി തോമസ്, നീന ജോർജ് എന്നിവരുടെയും പക്കലുള്ള ഓഹരികളാണ് ഒഎഫ്‌എസ് മുഖേന വിൽക്കുന്നത്. സമാഹരിക്കുന്ന തുക മൂലധന അടിത്തറ വിപുലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഭാവിആവശ്യങ്ങൾക്കു വിനിയോഗിക്കാനാണ്. 

ഓഹരികളുടെ ‘അലോട്‌മെന്റ്’ 21നു നടന്നേക്കും. 26നു ‘ലിസ്‌റ്റിങ്’ നടക്കുമെന്നു പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാൻസ് കമ്പനികളിലൊന്നാണു മുത്തൂറ്റ് മൈക്രോഫിൻ. മൈക്രോഫിനാൻസ് രംഗത്ത് ഏറ്റവും മുന്തിയ റേറ്റിങ്ങുള്ള കമ്പനികളിലൊന്നുമാണിത്. ‘ഗ്രേ മാർക്കറ്റ്’ എന്നറിയപ്പെടുന്ന അനൗദ്യോഗിക വിപണിയിൽ അതുകൊണ്ടുതന്നെ മൈക്രോഫിൻ ഓഹരിക്കു 130 രൂപ വരെ പ്രീമിയം വാഗ്‌ദാനം ചെയ്യപ്പെടുന്നതായാണു ചില വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പതാകവാഹക സ്‌ഥാപനമായ മുത്തൂറ്റ് ഫിൻകോർപിനും ഐപിഒ വിപണിയെ സമീപിക്കാൻ ഉദ്ദേശ്യമുണ്ട്. അനുമതിക്കായി ഏതാനും മാസങ്ങൾക്കകം സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യെ സമീപിക്കുമെന്നാണ് അറിയുന്നത്. 

മുംബൈയിലെ വാർത്താസമ്മേളനത്തിൽ മുത്തൂറ്റ് മൈക്രോഫിൻ മാനേജിങ് ഡയറക്ടർ തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, സിഇഒ സദാഫ് സഇൗദ് എന്നിവർ സംസാരിച്ചു. 

English Summary:

Muthoot Microfin's IPO to open on Dec 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com