ADVERTISEMENT

വർഷങ്ങൾക്കു മുൻപ് തന്റെ കരിയർ ഉപേക്ഷിച്ച് പ്രകൃതികൃഷിയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ ബിജി അബൂബക്കർ കണ്ട സ്വപ്നമാണ് കീടനാശികളോ, രാസവളമോ ചേർക്കാത്ത പ്രകൃതിദത്തമായ കാർഷികോല്പന്നങ്ങൾക്കായി ഒരു ബ്രാൻഡ് എന്നത്.  കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന നാച്ചുറല്‍ എഡിബിള്‍സ് എന്ന സ്ഥാപനത്തിലൂടെ ബിജി ഇപ്പോൾ തന്റെ സ്വപ്നം യഥാർഥ്യമാക്കിയിരിക്കുകയാണ്. നല്ല ആരോഗ്യം നല്ല ആഹാരത്തിലൂടെ എന്ന മഹത്തായ സന്ദേശം പങ്കുവച്ചുകൊണ്ട് കലര്‍പ്പില്ലാത്ത, പ്രകൃതികൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ബിജി. 

കാർഷിക സംസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത് എങ്കിലും ഇവിടുത്തെ ജനങ്ങൾ  കൃഷിയിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിലെ മുഴുവൻ ജനതയ്ക്കും ആവശ്യമായ കാർഷികോല്പന്നങ്ങൾ നൽകാൻ മാത്രം പ്രാപ്തമല്ല ഇവിടുത്തെ കൃഷിയിടങ്ങൾ. ഫലമോ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ഉൽപ്പന്നങ്ങളിൽ സംതൃപ്തരാകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇത്തരം കാർഷികോല്പന്നങ്ങളിൽ കീടനാശികളുടെയും രാസവളങ്ങളുടെയും സാന്നിധ്യം ഏറെ കൂടിയ അളവിലാണ്. 

natural2
ചിത്രം : ലക്ഷ്മി നാരായണൻ

ഇത്തരമൊരു അവസ്ഥയിലാണ് പ്രകൃതികൃഷിയിലൂടെ ശ്രദ്ധേയയായ ബിജി അബൂബക്കർ എന്ന വനിത നാച്ചുറൽ എഡിബിൾസ് എന്ന ബ്രാൻഡുമായി എത്തുന്നത്. വർഷങ്ങളായി  പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി നടത്തിയും കാലങ്ങളുടെ ഗവേഷണത്തിലൂടെയുമൊക്കെ വികസിപ്പിച്ചെടുത്തതാണ് നാച്ചുറൽ എഡിബിൾസ് എന്ന ബ്രാൻഡിന്റെ ആശയം.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന നാച്ചുറൽ എഡിബിൾസ് ഔട്ട്ലെറ്റിലൂടെ സുഭാഷ് പലേക്കർ വിഭാവനം ചെയ്ത പ്രകൃതികൃഷി എന്ന ആശയത്തിലൂടെ വികസിപ്പിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

പ്രകൃതികൃഷി എന്താണ്?

മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കർ മുന്നോട്ട് വച്ച ഈ കൃഷി രീതി കേരളത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് പിന്തുടരുന്നത്. നാടൻ പശുവിന്റെ മൂത്രം, ചാണകം എന്നിവകൊണ്ട് നിർമിക്കുന്ന ബീജാമൃതം എന്ന വളമാണ് പ്രകൃതികൃഷിയുടെ കാതൽ. ഒരു നാടന്‍ പശുവിനെ ഉപയോഗിച്ച് പ്രകൃതികൃഷിയിലൂടെ 26ഏക്കറോളം കൃഷി ചെയ്യാന്‍ സാധിക്കും. എന്നാൽ ഏറെ ശ്രമകരമായ ഇത്തരം കൃഷി രീതി കേരളത്തിൽ പിന്തുടരുന്നവർ വളരെ കുറവാണ്. അതിനാൽ തന്നെ നാച്ചുറൽ എഡിബിൾസ് എന്ന ബ്രാൻഡിലൂടെ പ്രകൃതികൃഷി ചെയ്തുണ്ടാക്കിയ നൂറിലേറെ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനായി ബിജി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി സഞ്ചരിച്ചത് രണ്ടര ലക്ഷം കിലോമീറ്ററാണ്. 

അഞ്ചു വർഷത്തെ പരിശ്രമത്തിന്റെ ഫലം 

എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ ജോലി ചെയ്യുന്ന കാലത്താണ് പ്രകൃതികൃഷിയിൽ താല്പര്യം ജനിക്കുന്നത്. വിഷാംശം തീരെയില്ലാത്ത ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ചിന്തയിൽ നിന്നുമാണ് ബിജിയും പങ്കാളിയും പ്രകൃതികൃഷിയിൽ എത്തിച്ചേർന്നത്. അത് പ്രകാരം പങ്കാളിയുമൊത്ത് പാലക്കാട് ജില്ലയിൽ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി തുടങ്ങി.   നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അരി മേളകളിലൂടെ പ്രകൃതി കൃഷിക്കും അതിലൂടെ വിളഞ്ഞ അരിക്കും നല്ല പ്രചാരം നൽകാൻ ബിജിക്കും പങ്കാളിക്കും കഴിഞ്ഞു.എന്നാൽ 2018  ലെ  അപ്രതീക്ഷിത പ്രളയം എല്ലാ സ്വപ്നങ്ങളും ഇല്ലാതാക്കി. മഹാ പ്രളയത്തില്‍ 270 ഏക്കറിലെ കൃഷിയാണ് വീണുപോയത്.  

natural3

നിലനില്പില്ലാതായതോടെ  പ്രകൃതികൃഷി എന്ന സ്വപ്നം എന്നെന്നേക്കുമായി ഉപേക്ഷിച്ച് വരുമാനത്തിനുള്ള വക കണ്ടെത്തുന്നതിനായി ബിജി ദുബായിലേക്ക് ചേക്കേറി. ദുബായില്‍ ക്വാളിറ്റി സൂപ്പര്‍വൈസര്‍ എന്ന ജോലിയില്‍ പ്രവേശിച്ചു.അപ്പോഴാണ് ശ്രീനിവാസൻ, യേശുദാസ് തുടങ്ങി പല സെലിബ്രിറ്റികളുടെയും പേരില്‍ അവർ പോലും അറിയാതെ ഓര്‍ഗാനിക് അരി മാര്‍ക്കറ്റിലുണ്ട് എന്ന കാര്യം ബിജി മനസിലാക്കുന്നത്. പൊതുവിപണിയില്‍ രണ്ട് ദിര്‍ഹത്തിന് കിട്ടുന്ന അരി ഓര്‍ഗാനിക്കെന്ന പേരില്‍ 20 ദിര്‍ഹത്തിന് വില്‍ക്കുകയാണ് ചില ലോബികള്‍. ഇത് തിരിച്ചറിഞ്ഞതോടെ തട്ടിപ്പിന്റെ ഭാഗമാകാന്‍ പറ്റില്ലെന്ന വാശിയിൽ ജോലി വേണ്ടെന്നു വച്ചു.

ജിസിസിയിലാകെ ബിസിനസുള്ള ഒരു വനിതാ സംരംഭകയാണ് കൃഷിയിലേക്ക് തിരിച്ചു പോകാനുള്ള പ്രചോദനം ബിജിക്ക് നൽകിയത്. അങ്ങനെ നാച്ചുറൽ എഡിബിൾസ് , ഫാം ടു ഫാമിലി എന്ന് ടാഗ് ലൈനിൽ തന്റെ സ്വപ്ന സംരംഭത്തിന്റെ അടിത്തറ ബിജി ഇട്ടു.നാട്ടിൽ തിരിച്ചെത്തി 2019  മുതൽ നാച്ചുറൽ ഫാമിങ് ചെയ്യുന്ന യഥാർത്ഥ കർഷകരെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനായി ബിജി ശ്രമം തുടങ്ങി. ആ യാത്രക്ക് ശുഭകരമായ ഒരു അവസാനമുണ്ടായിരിക്കുന്നത് 2023  ലാണ്. രണ്ടര ലക്ഷം കിലോമീറ്റർ ദൂരമാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി പ്രകൃതികൃഷി ഉല്പന്നങ്ങൾക്കായി ബിജി സഞ്ചരിച്ചത്. ആ യാത്ര ഫലം കണ്ടതോടെ വിവിധയിനം അരികൾക്ക് പുറമെ, പരിപ്പ്, പയർ, കടല, ചെറുപയർ പരിപ്പ്, ശർക്കര, പഞ്ചസാര, പച്ചക്കറികൾ ,കറിപ്പൊടികൾ  തുടങ്ങി ഒരു വീട്ടിലെ ഭക്ഷ്യാവശ്യങ്ങൾക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും ബ്രാൻഡിന് കീഴിൽ വില്പനക്ക് എത്തിക്കാൻ സാധിച്ചു.

natuar1

പ്രകൃതിക്കർഷകർക്ക് കൈത്താങ്ങായി 

വിഷാംശം തീരെയില്ലാത്ത ഉൽപ്പന്നങ്ങൾ നിർമിക്കുനന്തിനായി പ്രകൃതികൃഷിയിലേക്ക് മടങ്ങാൻ കർഷകർക്ക് പ്രചോദനമാകുകയാണ് നാച്ചുറൽ എഡിബിൾസ്. ആദ്യഘട്ടം എന്ന നിലക്ക് കേരളത്തിലെ പ്രകൃതികര്‍ഷകരുല്‍പ്പാദിപ്പിച്ച നെല്ല് മുഴുവന്‍ നാച്ചുറല്‍ എഡിബിള്‍സ് വാങ്ങി. സപ്ലൈകോയുടെ സംഭരണ വിലയേക്കാള്‍ 10-13 രൂപ വരെ ഒരു കിലോ നെല്ലിന് നല്‍കിയാണ് സംഭരണം. അരിയുടെ സംഭരണം ഉറപ്പാക്കിയ ശേഷം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പന്നങ്ങൾ തേടിയിറങ്ങി. പയറുവർഗങ്ങളും ഇത്തരത്തിൽ എത്തിക്കാൻ കഴിഞ്ഞതോടെ മില്ലറ്റ് നൂഡിൽസ്, മില്ലറ്റ് പാസ്ത, സ്നാക്കുകൾ, ചമ്മന്തിപൊടികൾ, നെയ്യ്, പനീർ, തുടങ്ങി നൂറുകണക്കിന് ഉപോല്പന്നങ്ങളുടെ നിർമാണത്തിലേക്കും കടന്നു. 

കീടനാശിനി പ്രയോഗം ഇല്ലാത്തതിനാൽ തന്നെ  ഷെൽഫ് ലൈഫ് കുറവാണ് ഉൽപ്പന്നങ്ങൾക്ക്. എന്നാൽ ആരോഗ്യം വർധിപ്പിക്കും എന്നതിൽ സംശയം വേണ്ട. വെളിച്ചെണ്ണ, ശുദ്ധമായ നെയ്യ്, തേന്‍ എന്നിവയും ഇവിടെ  ലഭ്യമാണ്. തമിഴ്‌നാട്, കർണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരെയാണ് ഉല്പന്നങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്നത്. എറണാകുളത്ത് ഉള്ളവർക്ക് ഓൺലൈൻ ആയി സാധനങ്ങൾ എത്തിച്ചു കൊടുക്കാനുള്ള സൗകര്യമുണ്ട് നാച്ചുറൽ എഡിബിൾസിന്. ലോകത്തിന്റെ  ഏത് ഭാഗത്തേക്കും കൊറിയർ ആയി ഉൽപ്പന്നങ്ങൾ അയക്കാനുള്ള സൗകര്യവും ഉണ്ട്. അധികം വൈകാതെ തന്നെ നാച്ചുറൽ എഡിബിൾസ് എന്ന ബ്രാൻഡിന്റെ കൂടുതൽ ഔട്ട്ലെറ്റുകൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജിയും കൂട്ടരും.

English Summary:

The Story of Natural Edibles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com