ADVERTISEMENT

അഹമ്മദാബാദിൽ കൂടി ഒ‍ഴുകുന്ന സബർമതി നദിയുടെ ഇരു കരയിലും 5.5 കി.മീ ദൂരത്തിൽ 850 കോടി ചെലവിൽ മനോഹരമായ റിവർ ഫ്രണ്ട് പണിതിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ യാരാ നദിയുടെ കര പണ്ട് തുകൽ ഊറയ്ക്കിടുന്ന നാറിയ സ്ഥലമായിരുന്നു. ടാനറി. എന്നേ അതു സർവ ടൂറിസ്റ്റുകളും കാണാനെത്തുന്ന റിവർ വോക്ക് ആക്കി മാറ്റി. 

രണ്ടിടത്തും സംഗതികൾ ഒന്നു തന്നെ–വൃത്തിയാക്കിയ നദിയുടെ സൈഡ് കെട്ടുന്നു, ടൈൽ പാകിയ വോക്‌വേ, സൈക്കിൾ ട്രാക്ക്, പാലങ്ങൾ, നിരയായി മരങ്ങൾ, ചാരു    ബെഞ്ചുകൾ, പുഷ്പ–ലതാ നികുഞ്ജങ്ങൾ.

ഇതിനത്ര ബുദ്ധിയൊന്നും വേണ്ട. എന്നാലും നമുക്കെന്താ ഇങ്ങനെയൊന്നും തോന്നാത്തെ? നമുക്കുമില്ലേ സകല പട്ടണങ്ങളിലും കായലും നദിയും പുഴയും മറ്റും? നികുഞ്ജങ്ങൾക്ക് നമുക്കെന്നാ കുറവ്? ജനീവ–സൂറിക്ക് ലേക്ക് പോലല്ലേ കൊച്ചീക്കായലും ആക്കുളംകായലും അഷ്ടമുടിക്കായലും?

അഹമ്മദാബാദിന്റെ ഇരട്ട നഗരമായ ഗാന്ധിനഗറിൽ ഗിഫ്റ്റ് സിറ്റിയുണ്ട്. ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്ക് സിറ്റി എന്നതിന്റെ ചുരുക്കമാണ് ഗിഫ്റ്റ് സിറ്റി. ധനകാര്യ ബിസിനസ് കേന്ദ്രം. ഇന്റർനാഷനൽ ഫിനാൻസ് സർവീസസ് സെന്റർ (ഐഎഫ്എസ്‌സി) ഇവിടെയാണ്. 32 ലോകപ്രശസ്ത ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വർണം ട്രേഡ് നടത്തുന്ന ബുള്യൻ എക്സ്ചേഞ്ച് (ഐഐബിഎക്സ്) തുടങ്ങിയ സ്ഥാപനങ്ങൾ ഈ സൗകര്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലയുടെ ആനുകൂല്യങ്ങളും കണ്ട് വന്നിട്ടുണ്ട്. ഗൂഗിളിന്റെ ആഗോള ഫിൻടെക് സെന്റർ ഇവിടെ സ്ഥാപിക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിട്ടുണ്ട്.  20000 പേർക്ക് തൊഴിലുണ്ട്.

ഗിഫ്റ്റ് സിറ്റി ഇപ്പോൾ 886 ഏക്കർ മാത്രം. 3300 ഏക്കറിലേക്ക് അത് വ്യാപിപ്പിക്കുകയാണ്. സെൻട്രൽ പാർക്ക്, വിനോദ–റീട്ടെയ്ൽ സോണുകൾ, ലണ്ടൻ ഐ പോലെ കാഴ്ച കാണാൻ വലിയ വീൽ...അതിനടുത്തു കൂടിയും സബർമതി നദി ഒഴുകുന്നതിനാൽ അവിടെയും റിവർ ഫ്രണ്ട് പണിയും. 

ഇതിന്റെയൊക്കെ നടത്തിപ്പ് എസ്പിവികൾ വഴിയാണ്. ഗിഫ്റ്റ് അർബൻ ഡവലപ്മെന്റ് അതോറിറ്റിയുണ്ട്. വാട്ടർ ഫ്രണ്ടിന്റെ നടത്തിപ്പിനും പ്രത്യേക ഏജൻസിയുണ്ട്. പ്രഫഷനലുകളുടെ പണിയാണ്, അല്ലാതെ ലോക്കൽ കൗൺസിലർമാരല്ല.

അവിടെ ഒരു ധനകാര്യ സ്ഥാപനത്തിന്റെ തലപ്പത്തുള്ള മലയാളിയോട് സബർമതി റിവർ ഫ്രണ്ട് പോലൊന്ന് കേരളത്തിൽ ഇല്ലാത്തതിനെക്കുറിച്ചു ചോദിച്ചു:  മറുപടി: ‘‘രാജ്യം എത്ര മുമ്പോട്ട് പോയി, നമ്മുടെ ചെറുപ്പക്കാരും മുമ്പോട്ട് പോയി. നമ്മൾ ഇപ്പോഴും ഭൂതകാലത്ത് ജീവിക്കുന്നു!’’

നമ്മളും അങ്കമാലിക്കടുത്ത അയ്യമ്പുഴ പഞ്ചായത്തിൽ ഗിഫ്റ്റ് സിറ്റിക്ക് സ്ഥലമെടുപ്പ് തുടങ്ങിയിട്ടുണ്ട്. 

ഒടുവിലാൻ∙ ഗുജറാത്തിൽ എല്ലാം കേമമൊന്നുമല്ല. അവിടെ ഗ്രീൻകാർഡ് ഉണ്ടുപോൽ. എന്തിനാ? മദ്യം വാങ്ങാൻ!!! അതൊക്കെ കേരളം... 

English Summary:

Business Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com