സോവറിൻ ഗോൾഡ് ബോണ്ട്: 22 വരെ അപേക്ഷിക്കാം
Mail This Article
റിസർവ് ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന ആരംഭിച്ചു. 22 വരെ അപേക്ഷിക്കാം. ഈ വർഷം ഇതുവരെ സ്വർണവിലയിലുണ്ടായ വർധന 10 ശതമാനത്തിലേറെയാണ്. സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. ഭൗതിക രൂപത്തിൽ സ്വർണം സൂക്ഷിച്ചുവയ്ക്കുന്ന ‘റിസ്ക്’ ഒഴിവാക്കാം. സ്വർണത്തിന്റെ വിപണി മൂല്യം മച്യുരിറ്റി തുകയായി ലഭിക്കും. പ്രതിവർഷം 2.5% പലിശ ലഭിക്കുമെന്നതും ആകർഷണം.
ഗ്രാമിന് 6199 രൂപയാണ് ബോണ്ടിന്റെ ഇഷ്യൂ വില. ഓൺലൈനായി വാങ്ങുമ്പോൾ ഗ്രാമിന് 50 രൂപ ഇളവു ലഭിക്കും. 8 വർഷമാണ് ബോണ്ടുകളുടെ കാലാവധി. അഞ്ചാം വർഷം മുതൽ നിക്ഷേപങ്ങൾ പിൻവലിക്കാം. കാലാവധിക്കുശേഷം പിൻവലിച്ചാൽ മൂലധനനേട്ടനികുതി ഒഴിവാകും.
ഇന്ത്യൻ പൗരത്വമുള്ള ആർക്കും ഗോൾഡ് ബോണ്ട് വാങ്ങാം. ഒരു ഗ്രാം മുതൽ നിക്ഷേപം നടത്താം. ഇത്തരത്തിൽ ഒരു വർഷം 4 കിലോഗ്രാം വരെ (വ്യക്തികൾക്ക്) സ്വർണം വാങ്ങാം. ട്രസ്റ്റുകൾക്ക് 20 കിലോഗ്രാം വരെയും. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, സ്റ്റോക് എക്സ്ചേഞ്ചുകൾ, പോസ്റ്റ് ഓഫിസുകൾ എന്നിവ വഴി ബോണ്ട് വാങ്ങാം.