ADVERTISEMENT

ന്യൂഡൽഹി ∙ കാറ്റാടിപ്പാടം സ്ഥാപിക്കാനായി രാജ്യത്തിന്റെ തീരക്കടൽ പാട്ടത്തിനു നൽകാൻ കേന്ദ്രസർക്കാർ ചട്ടം പുറത്തിറക്കി. ഒരു ചതുരശ്ര കിലോമീറ്ററിന് പ്രതിവർഷം ഒരുലക്ഷം രൂപ നിരക്കിൽ 35 വർഷത്തേക്കു പാട്ടത്തിനു നൽകാനാണു വ്യവസ്ഥ. ഒരു കരാറുകാരന് 25 മുതൽ 500 ചതുരശ്ര കിലോമീറ്റർ വരെ പാട്ടത്തിനു ലഭിക്കാം. വിദേശകാര്യ മന്ത്രാലയമാണു വിജ്ഞാപനമിറക്കിയത്.കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുന്നതു കടലിലായതിനാൽ മറ്റു തടസ്സങ്ങളില്ലാതെ ശക്തമായ കാറ്റു ലഭിക്കുമെന്നതാണ് തീരക്കടൽ കാറ്റാടിപ്പാടം പദ്ധതിയുടെ മെച്ചം. 35 വർഷത്തെ പാട്ടത്തിനു മുൻപ് പഠനത്തിനും സർവേക്കുമായി പരമാവധി 5 വർഷം അനുവദിക്കും.

200 നോട്ടിക്കൽ മൈൽ വരെയുള്ള ജലാതിർത്തി യുഎൻ നിയമപ്രകാരം രാജ്യത്തിന് അധികാരമുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (ഇഇസെഡ്) ആണ്. ഇവിടെ കാറ്റിൽനിന്നും ജലത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനടക്കം അധികാരമുണ്ട്. ഇഇസെഡ് മേഖലയായതിനാലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിജ്ഞാപനം.

നിയന്ത്രണം ഏർപ്പെടുത്താം

പദ്ധതിക്ക് പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ, പരിസ്ഥിതി മന്ത്രാലയങ്ങളുടെയും ബഹിരാകാശ, തുറമുഖ വകുപ്പുകളുടെയും അനുമതി നിർബന്ധമാണ്. കരാറുകാരൻ കേന്ദ്രവുമായാണു കരാർ വയ്ക്കുന്നത്. അതതു സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കും. കടലിൽ അനുമതി ലഭിക്കുന്ന ഭാഗത്ത് ബോട്ടുകൾ, കപ്പലുകൾ അടക്കമുള്ളവയ്ക്ക് ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടത്താൻ കരാറുകാരന് അനുമതിയുണ്ടാകും. കാറ്റാടിയന്ത്രത്തിന് ചുറ്റും 50 മീറ്റർ ദൂരത്തിലും കടലിലെ സബ് സ്റ്റേഷനു ചുറ്റും 500 മീറ്റർ ദൂരത്തിലും സഞ്ചാരം തടയാം. 

സ്ഥിരം സംവിധാനമായി സ്ഥാപിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്ക് (ഫിക്സഡ് ഫിഷിങ് ഗിയർ) നിയന്ത്രണം ഏർപ്പെടുത്താം. എന്നാൽ, ഉപജീവനത്തിനുള്ള മത്സ്യബന്ധനവും മറ്റും അനുവദിക്കണം. കരാർ ലഭിച്ച് 3 മാസത്തിനകം പദ്ധതിപ്രദേശം കൃത്യമായി അടയാളപ്പെടുത്തണം. പാട്ടക്കാലാവധി കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ കാറ്റാടിയന്ത്രമടക്കം നീക്കി കടലിന്റെ അടിത്തട്ട് പൂർവസ്ഥിതിയിലാക്കണം. കടലിലെ ആവാസവ്യവസ്ഥയ്ക്കു കോട്ടം വരുത്തിയാൽ പാട്ടക്കരാർ റദ്ദാകും.

ആദ്യ പദ്ധതി കന്യാകുമാരിയിൽ

രാജ്യത്തെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി തമിഴ്നാട്ടിൽ കന്യാകുമാരി അടക്കമുള്ള മേഖലകളിലായിരിക്കും. ആദ്യ ടെൻഡർ കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം ഫെബ്രുവരി ഒന്നിനു വിളിക്കും. 1443 ചതുരശ്ര കിലോമീറ്ററിൽ 7 ബ്ലോക്കുകളായാണ് ആദ്യഘട്ടത്തിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്നത്. പിന്നീട് ഇത് 14 ബ്ലോക്കുകളാക്കും. ഇതിൽനിന്ന് 7,215 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണു പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കാൻ കേരളവും താൽപര്യം പ്രകടിപ്പിച്ചിരുന്നു.

English Summary:

Offshore lease for wind farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com