ADVERTISEMENT

കൊച്ചി∙ ഷവർമ, അൽഫാം, മന്തി, ഷവായ്...!! അറബിക് വിഭവങ്ങൾക്ക് ഓൺലൈനിൽ ഓർഡറുകൾ കയറുകയാണ്. പക്ഷേ  നമ്മുടെ കോഴി ബിരിയാണി തന്നെ ഇപ്പോഴും നമ്പർ വൺ!

വടക്കൻ ജില്ലകളിലാണ് അറബിക് രുചികൾക്ക് ആവശ്യക്കാർ കൂടുതലെങ്കിലും തെക്കൻ ജില്ലകൾ അധികം പിന്നിലല്ല. ദുഷ്പ്രചാരണങ്ങൾ തരിമ്പും ഏശാതെ 3 നേരവും കേരള പൊറോട്ട ജൈത്രയാത്ര തുടരുകയാണ്. ബൈക്കുകളിൽ പാഞ്ഞുവരുന്ന തീറ്റയിൽ വെജിന് സ്പീഡ് പോര, 70% വരെ നോൺവെജ്! 

കേരളത്തിൽ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ആപുകളിലൂടെ ഭക്ഷണം വരുത്തുമ്പോഴുള്ള ശീലങ്ങൾ കൗതുകകരമാണ്. 

വിവാഹ ജീവിതം തുടങ്ങുന്ന ന്യൂജൻ പിള്ളേര് പഴയ പോലെ പാചക പുസ്തകം വായിച്ച് വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കി നേരം കളയുന്നതിൽ വിശ്വസിക്കുന്നില്ല. രാവിലെ എഴുന്നേറ്റ് 2 ചായ പോലും ഓർഡർ ചെയ്യുന്ന യുവദമ്പതിമാരുണ്ടത്രെ. പിന്നങ്ങോട്ട് അവർ എന്തൊക്കെയാണ് വരുത്തി കഴിക്കുന്നതെന്നു നോക്കാം.

കാലത്തേ ‘കാപ്പികുടിക്ക്’ ദോശ–ഇഡ്ഡലിയേക്കാളും ഓൺലൈനിൽ പ്രിയം പൂരിമസാലയ്ക്കും പൊറോട്ട– കുറുമയ്ക്കും, അപ്പം–സ്റ്റൂവിനും മറ്റുമാണ്. ലഞ്ചിനാണ് ബിരിയാണിയുടെ കളി. ബഹുഭൂരിപക്ഷവും ചിക്കൻ മാത്രം. മട്ടൻ–ബീഫ് ബിരിയാണികൾ വിൽപനയി‍ൽ വളരെ താഴെ. രാത്രിയും ബിരിയാണി ഓർഡറുകളുണ്ടെങ്കിലും ഉച്ചയിലെ അത്രയില്ല. 

ഉച്ചയൂണിന് ഫിഷ്കറി മീൽസ് കോംബോയേക്കാളും വെജ് മീൽസും ഫിഷ്കറിയുമാണ് കൂടുതലും ഓർഡർ. രാത്രി മീൽസ് ഓർഡറും കുറവ്, വിൽക്കുന്ന ഹോട്ടലുകളും കുറവ്. 

ഡിന്നറിലേക്കെത്തുമ്പോഴാണ് വൈവിധ്യം. അറബിക്കും ചൈനീസും വെസ്റ്റേൺ ജങ്ക് ഫുഡും അവിടെ വിലസുന്നു. ആഴ്ചയിലൊരിക്കൽ പീത്‌സയും പാസ്തയും ബർഗറും മറ്റും ഓർഡർ ചെയ്യുന്നതാണു പൊതുവെ കാണുന്ന രീതി. ഷവർമ, മന്തി പോലുള്ള അറബിക് വിഭവങ്ങൾക്ക് അങ്ങനെയില്ല, എന്നും വാങ്ങുന്നുണ്ട്. മെട്രോ നഗരങ്ങളിലും ഐടി കേന്ദ്രങ്ങളിലുമാണ് പീത്‌സയ്ക്ക് പ്രചാരം. 

വിഭവങ്ങളുമായി റോഡിലൂടെയുള്ള ബൈക്കുകളുടെ വള്ളംകളിയിൽ പൊറോട്ട എത്രയോ വള്ളപ്പാട് മുന്നിലാണത്രെ. തന്തൂരി റൊട്ടികൾ അതു കഴിഞ്ഞെ വരൂ. ചൈനീസ് കറികളും നാടൻ കറികളും പൊറോട്ടയ്ക്കൊപ്പം. അതിൽ ചിക്കനും ബീഫും ഒപ്പത്തിനൊപ്പം. ദാലും പനീറും പോലുള്ള ഉത്തരേന്ത്യൻ വെജ് കറികൾ കുറേ പിന്നിലായുണ്ട്. 

ആരോഗ്യം നോക്കുന്നവർക്കു വേണ്ട സൂപ്പും സാലഡും? മടുപ്പാ! ഓൺലൈനിൽ വലിയ ഓട്ടമില്ല.

രാത്രി കഞ്ഞിയോ? ആവശ്യക്കാർ കമ്മി. കഞ്ഞിയും പയറുമെങ്കിലും മൊബൈലിൽ കുത്തി വരുത്താതെ വീട്ടിലുണ്ടാക്കുന്നുണ്ടായിരിക്കും എന്നാണ് അനുമാനം.

English Summary:

Online Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com