ADVERTISEMENT

തിരുവനന്തപുരം∙ വരുമാനത്തിന്റെ പകുതിയോളം തുക വൈദ്യുതി ചാർജ് ഇനത്തിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സൗരോർജ ബദലിന് പുതിയ നിർവഹണ ഏജൻസി രൂപീകരിക്കാൻ ജല അതോറിറ്റി. സൗരോർജ വൈദ്യുതോൽപാദനത്തിൽ മുന്നേറുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളവുമായി (സിയാൽ) ചേർന്ന് പ്രത്യേക നിർവഹണ സംവിധാനം (എസ്പിവി) രൂപീകരിക്കുന്നതിന്റെ സാധ്യതകൾ ജല അതോറിറ്റി പരിശോധിക്കും. അതോറിറ്റി മാനേജിങ് ഡയറക്ടറെ ഇതിനായി ബോർഡ് യോഗം ചുമതലപ്പെടുത്തി.

കെഎസ്ഇബിയിൽ വൈദ്യുതി ചാർജ് ഇനത്തിൽ വൻ തുക കുടിശികയാകുകയും മാസംതോറും റവന്യു വരുമാനത്തിന്റെ 40% വൈദ്യുതി നിരക്കായി അടയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സൗരോർജ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ബോർഡ് യോഗം ചർച്ച ചെയ്തത്. നേരത്തേ തന്നെ ജല അതോറിറ്റിയുടെ കെട്ടിടങ്ങളിലും പദ്ധതി പ്രദേശങ്ങളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചു ചർച്ചകൾ നടന്നിരുന്നു. ഇതിന് സാങ്കേതിക സഹായം ലഭ്യമാക്കാനും മറ്റു മാർഗങ്ങളിൽ സൗരോർജ വൈദ്യുതി സംഭരിക്കാനും എസ്പിവിയെ ഉപയോഗിക്കുകയാണ് ലക്ഷ്യം.

വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും കുറയ്ക്കാനും ഹെഡ് ഓഫിസ് തലത്തിൽ എനർജി മാനേജ്മെന്റ് സെൽ രൂപീകരിക്കും. ഇതിനായി ഈ മേഖലയിൽ വൈദഗ്ധ്യമുള്ള വിരമിച്ചയാളുകളെ നിയമിക്കാനാണു ധാരണ. ഊർജ സംരക്ഷണത്തിനും ഊർജ സംഭരണത്തിനുമുള്ള ഉത്തരവാദിത്തം ഈ സെല്ലിനായിരിക്കും. അടുത്ത 6 മാസം മുന്നിൽക്കണ്ട് വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.

English Summary:

Possibilities of using Solar electricity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com