ADVERTISEMENT

കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്കിന് 1750 കോടി രൂപയുടെ മൂലധന സമാഹരണത്തിനു പരിപാടി. നിലവിലെ ഓഹരി ഉടമകൾക്ക് അവകാശാടിസ്‌ഥാനത്തിൽ ഓഹരികൾ അനുവദിച്ചു മൂലധനം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച നിർദേശത്തിനു ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ കഴിഞ്ഞ ദിവസം ചേർന്ന യോഗം അംഗീകാരം നൽകി.

അവകാശ ഓഹരികൾ ഏത് അനുപാതത്തിലായിരിക്കണം അനുവദിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അനുപാതം, അവകാശ ഓഹരിയുടെ വില, അവകാശ നിർണയ തീയതി എന്നിവ സംബന്ധിച്ച തീരുമാനം താമസിക്കില്ലെന്നാണ് അറിയുന്നത്. ഇഷ്യു ആരംഭിക്കുന്നതിന്റെയും അവസാനിക്കുന്നതിന്റെയും തീയതികളും താമസിയാതെ പ്രഖ്യാപിക്കും.

ബിസിനസ് വളർച്ച ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ നേടുന്നതിന്റെ ഭാഗമായാണ് അവകാശ ഓഹരികൾ പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

സൗത്ത് ഇന്ത്യൻ ബാങ്ക് അവകാശ ഓഹരികൾ പുറപ്പെടുവിക്കുന്നത് ആദ്യമല്ല. 2004, 2017 വർഷങ്ങളിലും ഓഹരി ഉടമകൾക്ക് അവകാശാടിസ്‌ഥാനത്തിൽ ഓഹരി അനുവദിക്കുകയുണ്ടായി. രണ്ടു തവണയും മൂന്നിനൊന്ന് എന്ന അനുപാതത്തിലാണ് ഓഹരികൾ അനുവദിച്ചത്. നാല് ഓഹരികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ പുറപ്പെടുവിച്ച ചരിത്രവും സൗത്ത് ഇന്ത്യൻ ബാങ്കിനുണ്ട്.

ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) നടത്തിയത് 1998 സെപ്‌റ്റംബറിലായിരുന്നു. 2006ൽ അനുബന്ധ പബ്ലിക് ഇഷ്യു നടത്തുകയുമുണ്ടായി.

നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലെ ഇടപാടുകളിൽ ബാങ്കിന്റെ ഓഹരികൾക്ക് ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില 26.70 രൂപയാണ്. 52 ആഴ്‌ചയ്‌ക്കിടയിൽ ഓഹരി വില 28.50 വരെ ഉയരുകയുണ്ടായി; 13.79 വരെ താഴുകയും ചെയ്‌തു.

English Summary:

SIB with capital raising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com