പെട്രോൾ പമ്പുകളിൽ ജിഎസ്ടി എപ്പോൾ ബാധകമാകുന്നു?

Mail This Article
ചോദ്യം: ഞാൻ കോട്ടയത്ത് ഒരു പെട്രോൾ പമ്പ് നടത്തുന്നു. ഇവിടെ ഡീസൽ, പെട്രോൾ എന്നിവ ജിഎസ്ടി നിയമത്തിൽ വരുന്നില്ല. പക്ഷെ ലൂബ്രിക്കന്റുകൾ വിൽക്കുന്നതിനായി ജിഎസ്ടി റജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. അതിനാൽ എനിക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാമോ ? –ധന്യമോൾ, കോട്ടയം
ഉത്തരം: പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഡീസൽ, പെട്രോൾ തുടങ്ങിയവ 1963 ലെ കേരള പൊതു വിൽപന നികുതി നിയമത്തിന്റെ കീഴിൽ വരുന്നതിനാൽ ജിഎസ്ടി ബാധകമല്ല. എന്നാൽ ലൂബ്രിക്കന്റുകൾ വാങ്ങുന്ന സമയത്ത് കൊടുത്ത ജിഎസ്ടി നിരക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ആയിട്ട് താങ്കൾക്ക് എടുക്കാവുന്നതും പിന്നീട് ജിഎസ്ടി ആർ -3 ബി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഔട്ട്പുട്ട് ടാക്സിൽ നിന്ന് കിഴിക്കാവുന്നതുമാണ്. എന്നിരുന്നാലും ജിഎസ്ടി നിയമത്തിലെ സെക്ഷൻ 10 പ്രകാരം കോംപൗണ്ടിങ് ഓപ്റ്റ് ചെയ്തവർക്ക് ഐടിസി യോഗ്യതയില്ല. ഇതിനു പുറമേ ബാറ്ററിവാട്ടർ, ടൗവൽ തുടങ്ങിയവ പെട്രോൾ പമ്പിൽ വിൽക്കുകയാണെങ്കിൽ അതിന്റെയും ഐടിസി എടുക്കുവാനുള്ള യോഗ്യതയുണ്ട്. ലൂബ്രിക്കന്റുകളുടെ കച്ചവടവുമായി ബന്ധപ്പെട്ട മറ്റു പർച്ചേസുകൾക്കും ഐടിസി എടുക്കാവുന്നതാണ്. ഉദാഹരണത്തിന്, ഇതുമായി ബന്ധപ്പെട്ട പരസ്യബോർഡുകൾ, ഫർണിച്ചർ, കംപ്യൂട്ടർ തുടങ്ങിയവയ്ക്കും ജിഎസ്ടി റൂൾ 42 പ്രകാരം ആനുപാതികമായി ഐടിസി എടുക്കാം. മേൽപറഞ്ഞ ഐടിസി ആനുപാതികമായി ലഭിക്കണമെങ്കിൽ ഇവയുടെ വാങ്ങൽ ജിഎസ്ടി നിയമത്തിലെ, സെക്ഷൻ 16(1) പ്രകാരം ‘furtherance of business’ ന് ആയിരിക്കണം എന്നുള്ളതാണ്.
സ്റ്റാൻലി ജയിംസ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി.
(വ്യാപാരികൾക്കും വ്യവസായികൾക്കും ജിഎസ്ടി നിയമത്തെ സംബന്ധിച്ച സംശയങ്ങൾ bpchn@mm.co.in എന്ന ഇ–മെയിലിൽ അയയ്ക്കാം.)