ADVERTISEMENT

കൊച്ചി ∙ മമ്മൂട്ടിയും എം.എ.യൂസഫലിയും പൃഥ്വിരാജും ജയറാമുമെല്ലാം ഇന്നലെ പശുവിന്റെ വില അന്വേഷിച്ചത് വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നിയെന്ന 10–ാം ക്ലാസുകാരന്റെ കണ്ണീരിൽ മനസ്സലിഞ്ഞാണ്. കപ്പത്തൊലി തിന്ന് ജീവൻ നഷ്ടമായത് 13 പശുക്കൾക്ക്. ആ വാർത്ത വായിച്ചു ദുഃഖത്തോടെ പലരും ചോദിച്ചു, ആ കുഞ്ഞിന് എത്ര രൂപയുടെ നഷ്ടം വന്നുകാണും ? കറവയും തരവും നോക്കി വിപണിയിൽ പശുക്കളുടെ വിലയിൽ വലിയ അന്തരമുണ്ട്.

കറവ കൂടിയാൽ വിലയും കൂടും

കറവയുടെ അടിസ്ഥാനത്തിലാണു പശുവിന്റെ വില.  6000 മുതൽ 6500 രൂപ വരെ ലീറ്ററിന് നൽകണം. അതായത് ദിവസം 10 ലീറ്റർ കറവയുള്ള പശുവിന് എറണാകുളം ഭാഗത്ത് ഏകദേശം  65000 രൂപ വരെ വിലയുണ്ട്. ഇടുക്കി, കോട്ടയം മേഖലയിൽ വില അൽപം കുറയും; ശരാശരി വില 60,000 രൂപ. പശുവിന്റെ ആദ്യ പ്രസവമാണെങ്കിൽ ഡിമാൻഡ് കൂടും. രാവിലെ ഒരു നേരം കറന്നെടുക്കുന്ന പാലിന്റെ അളവാണ് പാൽ ഉൽപാദന ശേഷിയായി പറയുന്നത്. രാവിലെ 15 ലീറ്റർ കറക്കുന്ന പശു വൈകിട്ട് 8–9 ലീറ്റർ പാൽ തരും. 30 ലീറ്ററൊക്കെ പാൽ തരുന്ന പശുക്കളെ 3 നേരം കറന്നെടുക്കാറുണ്ട്. ഇവയ്ക്ക് 1.5 ലക്ഷം രൂപയൊക്കെ വിലവരും. 

തീറ്റച്ചെലവും വിപണിയും

10 ലീറ്റർ കറവയുള്ള ഒരു പശുവിന് തീറ്റയിനത്തിൽ പ്രതിദിനം 450–500 രൂപ ചെലവു വരും. അതിൽ നിന്നു കിട്ടുന്ന 18 ലീറ്റർ പാൽ മിൽമയ്ക്കു കൊടുത്താൽ 800 രൂപ കിട്ടും. ലീറ്ററിന് 70 രൂപയ്ക്കു പുറത്തു വിൽക്കാനായാൽ 1400 രൂപകിട്ടും. 10 ലീറ്റർ പാൽ ഒരു പശു എന്നും തരില്ല. പ്രസവം കഴിഞ്ഞ് 3–4 മാസത്തേക്കു മാത്രമേ ഇത്രയും പാലുള്ളു. പിന്നീട് കുറയും. 

ആവശ്യം കൂടുതൽ സങ്കര ഇനത്തിന്

വളർത്തുപശുക്കളിൽ നാടൻ ഇനങ്ങൾ ഇന്ന് വളരെ കുറവ്. എച്ച്എഫ് ( ഹോൾസ്റ്റീൻ ഫ്രീഷൻ ) ജഴ്സി തുടങ്ങിയ സങ്കര ഇനം പശുക്കളാണ് അധികവും. ഗീർ, സഹിവാൾ തുടങ്ങി ഇന്ത്യൻ ഇനങ്ങളും ഉണ്ട്. 10 ലീറ്റർ കറവയുള്ള ഗീർ പശുവിന് 80,000 രൂപയൊക്കെ വിലവരും. വലിയ പശുക്കളെ വളർത്തൽ കൂടുതൽ ചെലവേറിയ കാര്യമാണ്. തൊഴുത്തിൽ ഫാൻ വേണം. വേനലിൽ നനച്ചുകൊടുക്കണം. കൃത്യമായ ചികിത്സ വേണം.  

English Summary:

Price of cow based on milk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com