ADVERTISEMENT

 ഉപഭോക്താക്കളെ സംതൃപ്തരാക്കിയാലേ ഏതു സംരംഭത്തിനും വിജയിക്കാനാകൂ. ഇതിനു മാർക്കറ്റിങ് തന്ത്രങ്ങൾ മതിയെന്നാണു പലരുടെയും ധാരണ. എന്നാൽ ജീവനക്കാരെ സംരംഭത്തിന്റെ നയങ്ങൾക്കനുസരിച്ചു പരിശീലിപ്പിച്ചാലേ മാർക്കറ്റിങ് തന്ത്രങ്ങൾ ഫലപ്രദമാകൂ, ഉപഭോക്താക്കൾ സംതൃപ്തരാകൂ. ഉപഭോക്താക്കളുമായി ഇടപെടുന്നവർക്ക് പരിശീലനം നൽകുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം:

1. ഉപഭോക്‌തൃ സേവനനയം

സംരംഭം എങ്ങനെയെല്ലാം ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകും എന്നതിനെക്കുറിച്ചു വ്യക്തമായ
ധാരണ ഓരോ ജീവനക്കാരനും ഉണ്ടാകണം.
ജീവനക്കാരിൽനിന്നു സംരംഭം എന്താണു പ്രതീക്ഷി
ക്കുന്നതെന്ന് ആദ്യമേ അർഥശങ്കയ്ക്കിടയില്ലാതെ മനസ്സിലാക്കിക്കൊടുക്കണം.

2. ശരിയായ ആളുകൾ

ഓരോ ജോലിക്കും പ്രത്യേകമായ കഴിവുകൾ ആവശ്യമാണ്. ഉപഭോക്താക്കളുമായി ഇടപെടുന്നവർക്ക് പ്രത്യേകിച്ചും. എന്നാൽ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലാതെയാണ് പൊതുവെ ഇത്തരക്കാരെ നിയമിക്കുന്നത്. ഇതു തെറ്റാണ്. പോസിറ്റീവായി ഇടപെടുന്ന, സേവനമനോഭാവവും ആശയവിനിമയശേഷിയുമുള്ളവരെ നിയമിക്കണം.

3. ഉപഭോക്‌തൃ കേന്ദ്രീകൃതമാകണം

സംരംഭത്തിന്റെ എല്ലാ പ്രവൃത്തികളും ഉപഭോക്‌തൃ കേന്ദ്രീകൃതമാകണം. ഇതു ജീവനക്കാരിൽ സേവനമനോഭാവം വളർത്തും. ഉപഭോക്‌തൃ കേന്ദ്രീകൃതമായ അന്തരീക്ഷം രൂപപ്പെടുത്തും.

4. പരിശീലനം

business

ലഘുസംരംഭമായതിനാൽ ജീവനക്കാർക്കു പരിശീലനം വേണ്ട എന്നതു തീർത്തും തെറ്റാണ്. ഉപഭോക്താക്കളോട് എങ്ങനെ പെരുമാറണം, തർക്കങ്ങൾ എങ്ങനെ പരിഹരിക്കണം, ഉൽപന്നങ്ങളെയും സേവനങ്ങളെയുംകുറിച്ചുള്ള ധാരണ എന്നിവ പരിശീലനത്തിലൂടെ ഉറപ്പാക്കണം.

5. പരിശീലനം ഘട്ടങ്ങളായി

അടിസ്ഥാന കാര്യങ്ങൾ ഒരുമിച്ചും പിന്നീട് അതാതു ജോലിയിലേക്കാവശ്യമായ പരിശീലനം പ്രത്യേകവും നൽകാം. ജീവനക്കാർ ഉപഭോക്താക്കളുമായി ഇടപെടുന്നതു പല ഘട്ടങ്ങളിലാകും. ഓരോ ഘട്ടത്തിലും പ്രത്യേക പരിശീലനം നൽകാം.

6. ഉപഭോക്‌തൃ പ്രതികരണം

നിശ്ചിത ഇടവേളകളിൽ ഉപഭോക്താക്കളിൽനിന്നും ജീവനക്കാരെക്കുറിച്ചുള്ള പ്രതികരണം തേടാം. അതുവഴി പോരായ്മകൾ മനസ്സിലാക്കി മുന്നോട്ടു പോകണം.

7. റിവാർഡുവഴി പ്രചോദിപ്പിക്കാം

പ്രകടനത്തിനനുസരിച്ച് ശമ്പളവർധനയും റിവാർഡുകളും അംഗീകാരങ്ങളും നൽകുന്നത് ജീവനക്കാരെ പ്രചോദിപ്പിക്കും. ഓരോ മാസവും ഏറ്റവും മികച്ചയാളെ കണ്ടെത്തി ആദരിക്കുക, സമ്മാനം നൽകുക എന്ന കോർപ്പറേറ്റുകളുടെ രീതി ചെറിയ സംരംഭകർക്കും പിന്തുടരാം.

business2

8.ചെലവ് ബാധ്യതയാകില്ല

മേൽപ്പറഞ്ഞ കാര്യങ്ങൾ ലഘുസംരംഭങ്ങൾക്ക് അധിക ബാധ്യതയാകില്ലേ എന്നു സംശയിക്കേണ്ട. കൃത്യമായി ആസൂത്രണം ചെയ്താൽ താങ്ങാവുന്ന ചെലവിൽ കാര്യം നടത്താം. പരിശീലനങ്ങൾ സംരംഭകനു സ്വയമോ സ്ഥാപനത്തിലെ മികച്ച ജീവനക്കാരനെക്കൊണ്ടോ ചെയ്യിക്കാം. ചെലവു കുറയുമെന്നു മാത്രമല്ല, സ്ഥാപനത്തോടു കൂറുള്ളയാൾ ചെയ്യുന്നതിനാൽ കൂടുതൽ ഗുണവും കിട്ടും. റിവാർഡിനു പണമില്ലെങ്കിൽ മികച്ചയാളെ തിരഞ്ഞെടുത്ത് ആദരിക്കുകയും ചിത്രം സമൂഹമാധ്യമ പ്രൊഫൈലിൽ പങ്കുവയ്ക്കുകയും ചെയ്യാം. ഇതു ജീവനക്കാർക്കു പ്രചോദനമാകും. മാത്രമല്ല, തൊഴിലന്വേഷകർക്കു സ്ഥാപനത്തെക്കുറിച്ചു ‘മികച്ചത്’ എന്ന തോന്നൽ ഉണ്ടാകുകയും ചെയ്യും. പണച്ചെലവില്ലതാനും •

കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്. Ph 9645060757

സമ്പാദ്യം ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com