ADVERTISEMENT

ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷം രാജ്യം 7.3% സാമ്പത്തികവളർച്ച കൈവരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) അനുമാനം. 

കഴിഞ്ഞ സാമ്പത്തികവർഷം 7.2% ആയിരുന്നു ജിഡിപി വളർച്ച. ഡിസംബറിൽ ഇക്കൊല്ലം സാമ്പത്തികവളർച്ചാ അനുമാനം റിസർ‌‍വ് ബാങ്ക് 6.5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തിയിരുന്നു.

2023 ജനുവരിയിൽ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേ അനുസരിച്ച് 6 മുതൽ 6.8% വളർച്ചയാണ് നടപ്പുസാമ്പത്തികവർഷം പ്രവചിച്ചിരുന്നത്. 

രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) കഴിഞ്ഞ വർഷം 160.06 ലക്ഷം കോടി രൂപയായിരുന്നത് ഇത്തവണ 171.79 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് എൻഎസ്ഒയുടെ ഇന്നലത്തെ വിലയിരുത്തൽ.

കഴിഞ്ഞ സാമ്പത്തികവർഷം ഉൽപാദന രംഗത്തെ വളർച്ച 1.3 ശതമാനമായിരുന്നത് ഇത്തവണ 6.5 ശതമാനമായി ഉയരും. 

എന്നാൽ കാർഷികമേഖലയിലെ വളർച്ച 4% ആയിരുന്നത് 1.8% ആയി കുറയും. ഖനന, ക്വാറിയിങ് മേഖല 4.6 ശതമാനമായിരുന്നത് 8.1 ശതമാനമാകും. ധനകാര്യ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ മേഖലകളുടെ വളർച്ച 14 ശതമാനമായിരുന്നത് 6.3 ശതമാനമായി കുറയും.

വാണിജ്യം, ഹോട്ടൽ, ഗതാഗത മേഖലകളിലെ വളർച്ച 14% ആയിരുന്നത് ഇക്കൊല്ലം 6.3 ശതമാനമാകും.

ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം). കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തികവളർച്ചാ നിരക്കായി കണക്കാക്കുന്നത്. രാജ്യത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നതാണ് ജിഡിപി വളർച്ചാനിരക്ക്.

2024 ൽ ഇന്ത്യ 6.2% വളർച്ച നേടും: യുഎൻ റിപ്പോർട്ട് 

ന്യൂയോർക്ക് ∙ ഈ വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.2% വളർച്ച നേടുമെന്ന് യുഎൻ റിപ്പോർട്ട്. ആഭ്യന്തര വിപണിയുടെ ഉണർവും ഉൽപാദന, സേവന മേഖലകളിലെ മികച്ച വളർച്ചയും ഇന്ത്യയെ ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറ്റുമെന്നും യുഎൻ വേൾഡ് ഇക്കണോമിക് സിറ്റ്വേഷൻ ആൻഡ് പ്രോസ്പെക്ടസ് (ഡബ്ലുഇഎസ്പി) റിപ്പോർട്ടിൽ പറയുന്നു. എല്ലാ മേഖലകളിലും ഉണർവു പ്രകടമാണെങ്കിലും കൃഷി അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥ ആയതുകൊണ്ട് ക്രമംതെറ്റിയ കാലവർഷം വെല്ലുവിളിയാകാമെന്നും റിപ്പോർട്ടിലുണ്ട്. 

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025 ൽ 6.6% വർധിക്കും. നാണ്യപ്പെരുപ്പം 2024 മധ്യത്തോടെ 4.5% ആയി കുറഞ്ഞേക്കും. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ഏറ്റവും കുറഞ്ഞ 7.1% ആയിരുന്നു. ആഗോള സാമ്പത്തിക വളർച്ച 2023 ൽ 2.7% ആയിരുന്നത് 2024 ൽ 2.4% ആയി കുറഞ്ഞേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

മറ്റ് ഏജൻസികളുടെ അനുമാനം

∙ഐഎംഎഫ്: 6.3% ∙ലോകബാങ്ക്: 6.3% ∙ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്: 6.7% ∙ബാർക്ലേസ്: 6.7% ∙എസ്ബിഐ റിസർച്: 7.2% ∙ഐസിആർഎ: 6.5% ∙റിസർവ് ബാങ്ക്: 7%

English Summary:

India's GDP increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com