ADVERTISEMENT

ചില സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ അടിസ്‌ഥാനത്തിൽ ആദായ നികുതി വകുപ്പിൽ നിന്ന് നികുതിദായകർക്ക് നോട്ടിസ് വരാറുണ്ട്. നോട്ടിസ് ലഭിച്ച വ്യക്തി നടത്തിയ ചില സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പിന്റെ 'കംപ്ലയൻസ് പോർട്ടലിൽ' പ്രത്യക്ഷപ്പെടുന്നുണ്ടെന്നും, ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുണ്ടായിട്ടും ഫയൽ ചെയ്തതായി കാണുന്നില്ല എന്നും, ആയതിനാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുകയോ അതു സംബന്ധിച്ച വിശദീകരണം കംപ്ലയൻസ് പോർട്ടലിലൂടെ ഓൺലൈൻ ആയി നൽകുകയോ വേണം എന്നതുമാവും നോട്ടിസിന്റെ ഉള്ളടക്കം.

വിശദീകരണം/ പ്രതികരണം ആദായ നികുതി വകുപ്പിന് നൽകുന്നതിനായി ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്തതിനു ശേഷം ഏതൊക്കെ ലിങ്കുകളിൽ ക്ലിക്ക് ചെയ്താലാണ് കംപ്ലയൻസ് പോർട്ടലിൽ എത്തുക എന്നുള്ളത് നോട്ടിസ് ആയി വന്ന ഇമെയിൽ സന്ദേശത്തിലും എസ്എംഎസ് സന്ദേശത്തിലും പറഞ്ഞിട്ടുണ്ടാവും.

ഇടപാട് എങ്ങനെ പോർട്ടലിൽ എത്തി

വരുമാനങ്ങളിൽ നിന്നുള്ള ടിഡിഎസ് കിഴിവ്, ഓഹരികളുടെയോ മ്യൂച്വൽ ഫണ്ട്‌ യൂണിറ്റുകളുടെയോ, വസ്തു വകകളുടെയോ മറ്റോ വിൽപന, ബാങ്കിലേക്കുള്ള ക്യാഷ് നിക്ഷേപം മുതലായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങളാകാം കംപ്ലയൻസ് പോർട്ടലിൽ റിപ്പോർട്ട് ചെയ്തു വന്നിട്ടുണ്ടാവുക.

സബ് റജിസ്ട്രാർ, ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ മുതലായ സ്‌ഥാപനങ്ങൾ മുഖേന പ്രഖ്യാപിതമായ പരിധിയിൽ കൂടുതൽ മൂല്യമുള്ള ചില സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നിയമപ്രകാരം അവർ നടത്തുന്ന ഫയലിങ്ങുകളിലൂടെയാണ് ഈ ഇടപാടുകളെ പറ്റിയുള്ള വിവരങ്ങൾ കംപ്ലയൻസ് പോർട്ടലിൽ പ്രത്യക്ഷപ്പെടുന്നത്.

ഉയർന്ന മൂല്യമുള്ള ഈ ഇടപാടുകൾ നടത്തുന്നതിനുള്ള വരുമാനം ഉണ്ടായിട്ടും ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്ത നികുതി ദായകരെയും റിട്ടേണിൽ കുറവ് വരുമാനം വെളിപ്പെടുത്തിയിരിക്കുന്ന നികുതി ദായകരെയും കണ്ടെത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

നോട്ടിസ് ലഭിച്ചാൽ‌ ചെയ്യേണ്ടത്

നോട്ടിസ് ലഭിക്കുന്ന നികുതിദായകർ ഇനി പറയുന്ന രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾ ആണ് കംപ്ലയൻസ് പോർട്ടലിലൂടെ ആദായ നികുതി വകുപ്പിന് നൽകേണ്ടത്.

1. റിട്ടേൺ സമർപ്പണം സംബന്ധിച്ച പ്രതികരണം

റിട്ടേൺ സമർപ്പിച്ചിട്ടുണ്ടോ, ഇല്ലയോ എന്നുള്ളതാണ് പ്രാഥമികമായി നൽകേണ്ട പ്രതികരണം. റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്തവർക്കാണ് ഈ പ്രതികരണം നൽകേണ്ടി വരിക. ഇതിനായി പോർട്ടലിൽ 1. 'റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്', 2. 'റിട്ടേൺ ഫയൽ ചെയ്തിട്ടില്ല' എന്നീ രണ്ടു ഓപ്‌ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

ഫയൽ ചെയ്തിട്ടുണ്ട് എന്നുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കുന്ന പക്ഷം ഫയൽ ചെയ്ത റിട്ടേണിന്റെ അക്‌നോളജ്‌മെന്റ് നമ്പർ, ഫയൽ ചെയ്ത തീയതി തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതുണ്ട്. കൂടാതെ ഇത് സംബന്ധിച്ച വിശദീകരണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും നൽകാനുള്ള സൗകര്യം ഉണ്ട്.

റിട്ടേൺ സമർപ്പിക്കാൻ ബാധ്യത ഉണ്ടായിട്ടും റിട്ടേൺ സമർപ്പിക്കാത്ത നികുതിദായകർ റിട്ടേൺ സമർപ്പിച്ചതിനു ശേഷം മേൽപറഞ്ഞ 'റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ഫയൽ ചെയ്ത റിട്ടേണിന്റെ വിവരങ്ങൾ നൽകാവുന്നതാണ്.

ഫയൽ ചെയ്തിട്ടില്ല എന്ന ഓപ്‌ഷൻ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഫയൽ ചെയ്യാത്തതിനു കാരണമായി 1. റിട്ടേൺ സമർപ്പിക്കുവാനുള്ള ബാധ്യത ഇല്ല 2. റിട്ടേൺ തയാറാക്കിക്കൊണ്ടിരിക്കുന്നു 3. മറ്റു കാരണങ്ങൾ എന്നീ ഓപ്‌ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കണം. ഏത് ഓപ്‌ഷൻ തിരഞ്ഞെടുത്താലും അതു സംബന്ധിച്ച (500 അക്ഷരങ്ങളിൽ കവിയാതെ) വിശദീകരണങ്ങൾ നൽകുന്നതിനുള്ള സൗകര്യവും ഉണ്ട് . ഇതിനായി 'റിമാർക്സ്' എന്ന കോളം പോർട്ടലിൽ ഉണ്ട്.

2. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച പ്രതികരണം

റിട്ടേൺ സമർപ്പണം സംബന്ധിച്ച പ്രതികരണത്തിന്റെ ലിങ്കിന്റെ തൊട്ടു താഴെയായി സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച പ്രതികരണത്തിന്റെ ' പ്രൊവൈഡ് ഫീഡ്ബാക്ക് ഇൻ AIS' എന്ന ലിങ്ക് കാണാം. AIS (ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്) എന്ന സ്റ്റേറ്റ്മെന്റിലൂടെയാണ് ഇത് സംബന്ധിച്ച പ്രതികരണം നൽകേണ്ടത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ AISന്റെ പേജിലേക്ക് എത്തും. നോട്ടിസ് വരുന്നതിനു കാരണമായ സാമ്പത്തിക ഇടപാടുകൾ ഇവിടെ ‘TDS/TCS ഇൻഫർമേഷൻ’, ‘എസ്എഫ്ടി ഇൻഫർമേഷൻ’ എന്നീ ടാബുകൾക്കടിയിൽ കാണാം.

സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങളുടെ സോഴ്സിന്റെ അടിസ്‌ഥാനത്തിൽ ഓരോ വിഭാഗങ്ങളായിട്ടാണ് ഇടപാടുകൾ കാണപ്പെടുക. ഈ വിശദാംശങ്ങളുടെ വലതു ഭാഗത്തായി പ്രതികരണം നൽകുന്നതിനുള്ള ലിങ്ക് 'എക്സ്പെക്ടഡ്' എന്ന ബട്ടന്റെ രൂപത്തിൽ കാണാം. ഇവിടെ ക്ലിക്ക് ചെയ്‌താൽ പ്രതികരണം സമർപ്പിക്കേണ്ട പേജിലേക്ക് എത്തും.

റിട്ടേൺ സമർപ്പണം സംബന്ധിച്ചതും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചതും ആയ പ്രതികരണങ്ങൾ ഓൺലൈൻ ആയി നൽകിക്കഴിയുമ്പോൾ ഇവയ്‌ക്കെതിരെ 'പെൻഡിങ്' എന്നു കണ്ടിരുന്ന സ്റ്റാറ്റസ് മാറി 'സബ്‌മിറ്റഡ്' എന്നായതായി കാണാം. 

 പ്രശാന്ത് ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് 

English Summary:

Let's explain the financial transaction through Compliance Portal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com