ADVERTISEMENT

വില സൂചികകൾക്കു വിശ്രമവേള. തുടർച്ചയായി മുന്നേറ്റത്തിലായിരുന്ന വിപണിയിൽ കഴിഞ്ഞ ആഴ്‌ച അനുഭവപ്പെട്ട മടുപ്പ് അർധവിരാമം മാത്രമായിരുന്നു. കൂടുതൽ കുതിക്കാനുള്ള തയാറെടുപ്പിനു നിലയുറപ്പിക്കുന്നതിന്റെ ഭാഗമായി വേണ്ടിവന്ന ഇടവേള. നിലയുറപ്പിക്കലിന് അൽപസമയം കൂടി വേണ്ടിവന്നേക്കാം. എന്നാൽ വിപണിയിലെ മുന്നേറ്റം ഇവിടെ അവസാനിക്കുന്നില്ല. അതു തുടരുമെന്നുതന്നെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു.

എല്ലാ സാഹചര്യവും അനുകൂലം

വിപണി കൂടുതൽ കരുത്തോടെ മുന്നേറുമെന്നു കരുതുന്നതിനുള്ള പ്രധാന കാരണങ്ങൾ:

∙രാജ്യത്തെ സാമ്പത്തിക കാലാവസ്‌ഥ മെച്ചപ്പെടുന്നു. ഈ വർഷത്തെ വളർച്ച 7.3 ശതമാനമായിരിക്കുമെന്ന് അനുമാനം. കറന്റ് അക്കൗണ്ട് കമ്മി തീർത്തും നിയന്ത്രണത്തിലാണെന്നും കണക്കുകൾ വ്യക്‌തമാക്കുന്നു.

∙കമ്പനികളിൽനിന്നുള്ള കണക്കുകൾ സംബന്ധിച്ച പ്രതീക്ഷ. ഒക്‌ടോബർ – ഡിസംബർ കാലയളവിലെ പ്രവർത്തന ഫലങ്ങൾ ഈ ആഴ്‌ച പുറത്തുവന്നു തുടങ്ങുന്നു.  മിക്ക വ്യവസായ മേഖലകളിൽനിന്നും മികച്ച കണക്കുകളാണു പ്രതീക്ഷിക്കുന്നത്.

നിഫ്‌റ്റി, സെൻസെക്‌സ് എന്നിവയുടെ ലക്ഷ്യം സംബന്ധിച്ചു വിദേശ നിക്ഷേപക (എഫ്‌ഐപി) രുടെയും രാജ്യാന്തര ധനസ്‌ഥാപനങ്ങളുടെയും മറ്റും അനുമാനം.

∙ആഭ്യന്തര ധനസ്‌ഥാപനങ്ങളുടെയും ചില്ലറ നിക്ഷേപകരുടെയും വർധിച്ചുവരുന്ന പിന്തുണ. 

∙ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യിലൂടെ വിപണി കൈവരിക്കുന്ന വികാസം.

ഈ ആഴ്‌ചയിലെ നിഫ്‌റ്റി നിലവാരം

∙നിഫ്‌റ്റിയുടെ അവസാന നിലവാരം:   21,710.80 പോയിന്റ്.

∙ഈ ആഴ്‌ച പ്രതീക്ഷിക്കുന്ന പരമാവധി നിലവാരം: 22, 000 – 22,100.

∙കുറഞ്ഞ നിലവാരം: 21,400 – 21,350.

ഷിപ്‌യാഡ് ഓഹരി വിഭജിക്കുന്നു

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിന്റെ 10 രൂപ മുഖവിലയുള്ള ഓഹരികൾ  ഒന്നിനു രണ്ട് എന്ന അനുപാതത്തിൽ വിഭജിക്കുന്നു. അഞ്ചു രൂപയായിരിക്കും പുതിയ മുഖവില. വിഭജനത്തിന്റെ ആനുകൂല്യത്തിനു നിശ്‌ചയിച്ചിട്ടുള്ള അവകാശ നിർണയ തീയതി 10. ഓഹരിയുടെ അവസാനം രേഖപ്പെടുത്തിയ വിപണി വില 1362.70 രൂപ.

ബജാജ് ഓട്ടോ ഓഹരി തിരികെ വാങ്ങുന്നു

ഓഹരികളുടെ ‘ബൈ ബാക്’ തീരുമാനമെടുക്കാൻ ബജാജ് ഓട്ടോയുടെ ബോർഡ് യോഗം ഇന്ന്.  ‘ബൈ ബാക്’ വില, അളവ് എന്നിവ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. ഓഹരികളുടെ ഒരു പങ്കു കമ്പനി തിരികെ വാങ്ങുമ്പോൾ വിപണിയിലെ ലഭ്യത കുറയുകയും തൽഫലമായി അവശേഷിക്കുന്നവയുടെ വില ഉയരുകയും ചെയ്യുമെന്നതാണു നിക്ഷേപകർക്കുള്ള നേട്ടം. ബജാജ് ഓട്ടോയുടെ അവസാനം രേഖപ്പെടുത്തിയ വിപണി വില 6995.90 രൂപ. 

ടിസിഎസ്, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, വിപ്രോ

ഐടി രംഗത്തെ മുൻനിരക്കാരായ ടിസിഎസും ഇൻഫോസിസും 11നും എച്ച്‌സിഎൽ ടെക്‌നോളജീസും വിപ്രോയും 12നും പ്രവർത്തന ഫലം പ്രഖ്യാപിക്കുന്നു. ടിസിഎസ്,  എച്ച്‌സിഎൽ ടെക്, വിപ്രോ എന്നിവ ഇടക്കാല ലാഭവീതം സംബന്ധിച്ചും തീരുമാനമെടുക്കുന്നുണ്ട്.

എച്ച്‌ഡിഎഫ്‌സി ലൈഫും എഎംസിയും

എച്ച്‌ഡിഎഫ്‌സി എഎംസിയുടെ പ്രവർത്തന ഫലം 11ന് അറിയാം. എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് 12നു ഫലം പ്രഖ്യാപിക്കും.

English Summary:

Market Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com