ADVERTISEMENT

കൊച്ചി ∙ ചെങ്കടൽ ചരക്കു നീക്ക പ്രതിസന്ധി തുടരവേ, തിരിച്ചടിയേറ്റു കേരളത്തിലെ കയറ്റുമതി – ഷിപ്പിങ് അനുബന്ധ വ്യവസായ മേഖലകൾ. കപ്പൽ സർവീസുകളുടെ എണ്ണം കുറയുകയും കടത്തു കൂലി അതിവേഗം ഉയരുകയും ചെയ്തതോടെ വാണിജ്യ മേഖല നേരിടുന്നത് അസാധാരണ സാഹചര്യം. ചരക്കു കടത്തുകൂലിയിലുണ്ടായ വർധന 200 – 250 ശതമാനം. സർവീസുകളുടെ ദൗർലഭ്യമാണു മറ്റൊരു പ്രതിസന്ധി. കയറ്റുമതി – ഷിപ്പിങ് മേഖലയിൽ കാര്യമായ തൊഴിൽ നഷ്ടമുണ്ടാകുമെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു. കണ്ടെയ്നർ ദൗർലഭ്യവും നേരിടുമെന്ന ഭീതിയിലാണു മേഖല. 

  കപ്പലിനായി കാത്തുകിടപ്പ് 

ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര സമ്മർദം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണു യെമനിലെ ഹൂതി വിമതർ ചെങ്കടൽ വഴിയുള്ള ചരക്കു കപ്പലുകളെ ആക്രമിച്ചു തുടങ്ങിയത്. ഹമാസ് അനുകൂലികളാണിവർ. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയായ ചെങ്കടൽ സുരക്ഷിതമല്ലാതായതോടെ ഏറെ ദൂരം ചുറ്റി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് വഴിയാണു ചരക്കു കപ്പലുകളുടെ സഞ്ചാരം. 20 ദിവസം കൂടുതൽ വേണ്ടിവരുന്നതിനാൽ കപ്പലുകൾ തിരിച്ചെത്താൻ വൈകും. കണ്ടെയ്നറുകൾ കാത്തുകിടക്കേണ്ട സ്ഥിതി. മൂന്നാഴ്ചയായി യൂറോപ്പിലേക്കു നേരിട്ടുള്ള സർവീസ് കൊച്ചിയിൽ വരുന്നില്ല.  വിദേശ ഓർഡറുകൾ യഥാസമയം എത്തിക്കാൻ കഴിയാതെ കയറ്റുമതിക്കാർ നേരിടുന്നതു വൻനഷ്ടം. 

  വേണം, റഗുലേറ്ററി അതോറിറ്റി 

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കുള്ള 20 അടി കണ്ടെയ്നർ കടത്തു കൂലി 450 ഡോളറിൽ നിന്ന് ഉയർന്നത് 2000 ഡോളറിലേക്ക്. 40 അടി കണ്ടെയ്നർ കടത്തുകൂലി 900 ഡോളറിൽ നിന്ന് 5350 ഡോളർ വരെ ഉയർന്നു. ഗൾഫിലേക്കുള്ള കടത്തു കൂലിയിലും വർധനയുണ്ട്. 20 അടി കണ്ടെയ്നറിനു കൊച്ചി – ദുബായ് നിരക്ക് 50 ഡോളറിൽ നിന്ന് 450 ആയി. ചരക്കു കടത്തുകൂലി നിയന്ത്രിക്കുന്നതിനായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള എക്സ്പോർട്ടേഴ്സ് ഫോറം കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനു നിവേദനം നൽകി.  ഏകപക്ഷീയമായി ചരക്കു കടത്തു കൂലി വർധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അതോറിറ്റിക്കു കഴിയുമെന്നു പ്രസിഡന്റ് കെ.എം.ഹമീദലിയും സെക്രട്ടറി മുൻഷിദ് അലിയും പറഞ്ഞു.

English Summary:

Freight rates are rising due to the Red Sea shipping crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com