ശീതീകരിച്ച സോളർ ബസിൽ യാത്ര കൂൾ...
Mail This Article
കണ്ണൂർ ∙ സിറ്റി ബസിലെ എസി യാത്ര സൂപ്പർഹിറ്റ്. കണ്ണാടിപ്പറമ്പ് – കണ്ണൂർ ആശുപത്രി റൂട്ടിലാണ് ഇന്നലെ മുതൽ സംഗീത് ടൂർസ് ആൻഡ് ട്രാവൽസിന്റെ എസി ബസ് സർവീസ് തുടങ്ങിയത്. ബസിനു മുകളിൽ സ്ഥാപിച്ച സോളർ പാനലിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് എസി പ്രവർത്തിക്കുന്നത്. ഇതിന് എൻജിനുമായി ബന്ധമില്ലാത്തതിനാൽ ഇന്ധനച്ചെലവില്ല. 8 വർഷം മുൻപ് ബസിൽ ജിപിഎസ് അധിഷ്ഠിത അനൗൺസ്മെന്റ് സംവിധാനം ഏർപ്പെടുത്തിയ സംഗീത് ട്രാവൽസ് ഉടമ സതീഷ് ചെമ്മരത്തിൽ തന്നെയാണ് ഈ ആശയത്തിനും പിന്നിൽ. ഇതിനു മോട്ടർവാഹന വകുപ്പിന്റെ അനുമതിയുമുണ്ട്. ബസ് എസിയാണെങ്കിലും ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
ബസിനെക്കുറിച്ച് അറിഞ്ഞ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഓഫിസിൽനിന്നു വിളിയെത്തി. സ്‌പ്ലിറ്റ് എസിയാണ് ബസിൽ ഘടിപ്പിച്ചിരിക്കുന്നത്. കണ്ണാടിപ്പറമ്പ് സ്വദേശിയായ സതീഷിനു ദുബായിലാണ് ജോലി. 10 വർഷം മുൻപാണ് സംഗീത് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിനു നാട്ടിൽ തുടക്കമിട്ടത്. കണ്ണൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയറ്റ്സ് (വെയ്ക്) തുടക്കമിട്ട ‘കൂൾവെൽ’ ആണ് സാങ്കേതിക സഹായം നൽകിയത്. 5 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്. ഇനി ചെയ്യുന്നവർക്ക് മൂന്നര ലക്ഷത്തോളം രൂപ മതിയാകും.