ADVERTISEMENT

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 225 ഏക്കറിൽ പരന്നുകിടക്കുന്ന മഹാലക്ഷ്മി റേസ്കോഴ്സ്, കുതിരക്കുളമ്പടികൾക്കു പകരം സംഗീതപ്രേമികളുടെ ചുവടുകൾ നെഞ്ചേറ്റാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ടൂറിങ് സംഗീതോത്സവം ‘ലല്ലപലൂസ 2024’ എഡിഷൻ 27, 28 തീയതികളിൽ മുംബൈയിലെത്തും. 

പുതുവർഷത്തിൽ രാജ്യത്തെ ലൈവ് എന്റർടെയ്ൻമെന്റ്– ഇവന്റ് സെക്ടറിനും അനുബന്ധ മേഖലകൾക്കും വൻകുതിപ്പാവും ‘ലല്ല’യെന്നാണ് പ്രതീക്ഷ.  പ്രശസ്ത രാജ്യാന്തര ബാൻഡുകളായ വൺ റിപ്പബ്ലിക്, ജോനാസ് ബ്രദേഴ്സ്, സ്റ്റിങ്, മെഡുസ, കീൻ, ഹാൽസി, എറിക് നാം എന്നിവരെത്തുന്ന ‘ലല്ലപലൂസ’ വേദിയിൽ ഹെഡ്‌ലൈൻ പെർഫോമൻസ് നടത്തുക കൊറിയൻ പോപ് ബാൻഡ് ‘ദ് റോസ്’ ആണ്. എട്ട് ഗ്രാമി പുരസ്കാര ജേതാക്കൾ ഉൾപ്പെടെ 45ൽ ഏറെ ആർട്ടിസ്റ്റുകളെ അണിനിരത്തുന്ന വേദിയിലേക്ക് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആരാധകരെത്തും. ഷിക്കാഗോയിൽ ആരംഭിച്ച ഫെസ്റ്റിവലിന്റെ ‘ലല്ലപലൂസ’ എന്ന പേരിനർഥം ‘ആകർഷകമായത്’ എന്നാണ്.

ടിക്കറ്റ് 5,999 രൂപ മുതൽ

പങ്കെടുക്കുന്ന ബാൻഡുകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനു മുൻപ് കഴിഞ്ഞ ഓഗസ്റ്റിൽ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. ജനറൽ ടിക്കറ്റിനു പുറമേ വിഐപി, നെക്സ ലോഞ്ച് വിഭാഗങ്ങളിലാണ് പ്രവേശനം.   5,999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. രണ്ടു ദിവസത്തെ സംഗീതലഹരി ആസ്വദിക്കാൻ ജനറൽ വിഭാഗത്തിൽ 12,000 രൂപയും വിഐപി പ്രവേശനത്തിന് 23,000 രൂപയും, ഏറ്റവും ഉയർന്ന വിഭാഗമായ നെക്സ ലോഞ്ചിന് 65,000 രൂപയുമാണ് നിരക്ക്. അറുപതിനായിരത്തിലേറെ സംഗീതപ്രേമികളെ ഉൾക്കൊള്ളാനാകുന്ന നാലു സ്റ്റേജുകളിലായാണ് പരിപാടികൾ. 

ടൂറിസം രംഗത്ത് പുത്തനുണർവ്

മുംബൈയിലേക്കുള്ള യാത്രാനിരക്കുകളിൽ വൻവർധനയുണ്ട്. കേരളത്തിൽ നിന്ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റിന് 27, 28 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണുള്ളത്; 31000 രൂപ. ഏഷ്യയിലെ ആദ്യ വേദിയായി കഴിഞ്ഞവർഷം ഇന്ത്യയിൽ ‘ലല്ലപലൂസ’ എത്തിയപ്പോൾ കാണാനെത്തിയവരിൽ 35% മുംബൈ നഗരത്തിനു പുറത്തുനിന്നായിരുന്നെന്ന് പരിപാടിയുടെ ഇന്ത്യയിലെ പങ്കാളികളായ ‘ബുക്ക് മൈ ഷോ’ വ്യക്തമാക്കുന്നു.  28% പുതുതലമുറയായിരുന്നെന്നും, ഓൺലൈൻ ടിക്കറ്റ് വിൽപനയിൽ 60 ശതമാനവും സോളോ ടിക്കറ്റുകളായിരുന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

ഭക്ഷണം മുതൽ ഫാഷൻ വരെ

ഇത്തവണ കുറെക്കൂടി വിപുലമാണ് ലല്ല. റോക്ക്, ഹിപ് ഹോപ്, ഇൻഡി പോപ്, ഇലക്ട്രോണിക് എന്നിങ്ങനെ 20 മണിക്കൂറിലേറെ ലൈവ് സംഗീതം, വ്യത്യസ്ത രുചിയനുഭവങ്ങൾ പകരുന്ന ഫുഡ് സ്റ്റാളുകൾ, ആർട് ഇൻസ്റ്റലേഷൻ, ഫാഷൻ എന്നിങ്ങനെ യുവതയെ ആഹ്ലാദത്തിലാറാടിക്കാനുള്ള വിഭവങ്ങളുണ്ടാകും.

English Summary:

The world's largest touring music festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com