റെയില്‍വേ കുതിക്കും ബുള്ളറ്റ് വേഗതയില്‍; ബജറ്റ് വിഹിതം 3 ലക്ഷം കോടി രൂപയായി ഉയര്‍ന്നേക്കും
Mail This Article
വന്ദേഭാരതും അമൃതഭാരതും ബുള്ളറ്റ് ട്രെയ്‌നുമെല്ലാമായി അതിവേഗം വലിയ മാറ്റങ്ങളാണ് ഇന്ത്യയുടെ റെയ്ല്‍വേ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് കൂടുതല്‍ വേഗത പകരുന്നതായിരിക്കും ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റ് എന്നാണ് സൂചന. അത്യാധുനികവും വേഗതയേറിയതുമായ ട്രെയിനുകളും മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകളും ഉപയോഗിച്ച് ലോകോത്തര ദേശീയ ഗതാഗത സംവിധാനമായി ഇന്ത്യന്‍ റെയില്‍വേയെ മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 2024-25 ല്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ള ബജറ്റ് വിഹിതം റെക്കോര്‍ഡ് തലത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ.
വര്‍ധന 25 ശതമാനം?
റെയില്‍വേക്കായുള്ള മൂലധന ചെലവിടല്‍ 2023-24 ബജറ്റിനെ അപേക്ഷിച്ച് ഏകദേശം 25% വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ 2024-25 ബജറ്റിലെ റെയില്‍വേക്കായുള്ള വിഹിതം 3 ലക്ഷം കോടി രൂപ കടക്കും.
ചരക്ക് ഇടനാഴികള്‍ക്കായുള്ള ദീര്‍ഘകാലഅടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കും, അതിവേഗ ട്രെയ്‌നുകള്‍ക്കുമെല്ലാമുള്ള മൂലധന ചെലവിടല്‍ കൂട്ടണമെന്ന് റെയില്‍വേ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. പല ഫോര്‍മാറ്റുകളിലുള്ള 400 വന്ദേഭാരത് ട്രെയ്‌നുകള്‍ പാളത്തിലിറക്കാനും മൂലധന ചെലവിടലിലെ വര്‍ധന റെയില്‍വേ ഉപയോഗപ്പെടുത്തും. സിഗ്നലിങ് സംവിധാനങ്ങളുടെ നവീകരണത്തിനും വകുപ്പ് പദ്ധതിയിടുന്നുണ്ട്.
സുരക്ഷ പ്രധാനം
ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുന്നതിനായുള്ള വിഹിതം ഇരട്ടിയാക്കാനാണ് പദ്ധതി. മിഷന്‍ സീറോ ആക്‌സിഡന്റ് എന്ന ദൗത്യം വിജയിപ്പിക്കാനാണ് വകുപ്പിന്റെ ശ്രമം. കഴിഞ്ഞ രണ്ട് വര്‍ഷമായി സുരക്ഷയ്ക്കായുള്ള ബജറ്റ് വിഹിതം 11,000 കോടി രൂപ തന്നെയാണ്. വര്‍ധന വന്നിട്ടില്ല. ഇത്തവണ ഇത് 22,000 കോടി രൂപയെങ്കിലുമായി ഉയര്‍ത്തിയേക്കും.
കഴിഞ്ഞ വര്‍ഷങ്ങളിലായി റെയില്‍വേക്കായുള്ള ബജറ്റ് വിഹിതത്തില്‍ കാര്യമായ വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തുന്നത്. 2018-19 വര്‍ഷത്തില്‍ 55,088 കോടി രൂപയായിരുന്നു റെയില്‍വേക്ക് ലഭിച്ചിരുന്ന വിഹിതം. ഇത് 2019-20ല്‍ 69,967 കോടിയായും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 70,250 കോടി രൂപയായും ഉയര്‍ന്നു. 2021-22ല്‍ 1.17 ലക്ഷം കോടി രൂപയായിരുന്നു റെയില്‍വേക്ക് ലഭിച്ചത്.