സ്റ്റാർട്ടപ്പ് പ്രമോഷന് റീൽസ് ഇറക്കും
Mail This Article
തിരുവനന്തപുരം∙ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ആകർഷിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി ഷോർട്ട് വിഡിയോകൾ (റീൽസ്) ഇറക്കാൻ പദ്ധതിയിട്ട് കേരള സ്റ്റാർട്ടപ് മിഷൻ. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, എക്സ് എന്നീ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ അവതരിപ്പിക്കും.
2026ൽ 15000 സ്റ്റാർട്ടപ്പുകൾ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ റജിസ്റ്റർ ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. ഇതുവരെ 4986 എണ്ണം മാത്രമാണ് റജിസ്റ്റർ ചെയ്തത്. ശേഷിക്കുന്ന രണ്ടര വർഷത്തിൽ 10000 സ്റ്റാർട്ടപ്പുകളെ ചേർത്താൽ മാത്രമേ ലക്ഷ്യത്തിലെത്തൂ. ഇതിനായാണ് റീൽസ് ഇറക്കുന്നത്. സ്റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ആദ്യം പോസ്റ്റ് ചെയ്യുക. തുടർന്ന് വിവിധ പദ്ധതികളെയും മികച്ച സ്റ്റാർട്ടപ്പുകളെയും അവതരിപ്പിക്കും.
സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകളിൽ പലതും സ്റ്റാർട്ടപ് ഇക്കോ സിസ്റ്റത്തിനു കീഴിൽ വരുന്നില്ല. രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകൾ സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്നുണ്ട്.ക്യാംപെയ്ൻ നടത്തി പ്രതിമാസം 200 സ്റ്റാർട്ടപ്പുകളെ വരെ ചേർക്കാനും പദ്ധതിയുണ്ടെന്നു കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.