ADVERTISEMENT

എല്ലാ മേഖലകളിലും ആർട്ടിഫിഷൽ ഇന്റലിജൻസ്(എഐ) ആധിപത്യം സ്ഥാപിക്കുന്ന ഇക്കാലത്ത് എഐയോട് ഒരു സിനിമയ്ക്കു സംഗീതം ചെയ്യാൻ പറഞ്ഞാലോ? എഐ അത് പാട്ടുംപാടി ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡിസംബർ അവസാനം തിയറ്റർ റിലീസ് ചെയ്ത്, ഇപ്പോൾ ഒടിടിയിലുമെത്തിയ ‘ഹായ് നന്നാ’ എന്ന തെലുങ്ക് ചിത്രം. 

പ്രണവ് മോഹൻലാൽചിത്രം ‘ഹൃദയ’ത്തിനുവേണ്ടി പാട്ടുകളൊരുക്കി സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ആണ് ‘ഹായ് നന്നാ’യിലെ  ഒരു ഇന്റർവെൽ മ്യൂസിക് സീക്വൻസിൽ പശ്ചാത്തല സംഗീതമൊരുക്കാൻ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായം തേടിയത്. വിദേശ സിനിമാസംഗീതത്തിൽ എഐ സഹായം പ്രയോജനപ്പെടുത്തിവരുന്നുണ്ടെങ്കിലും റീറിക്കോർഡിങ്ങിന് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ചിത്രമാണ് ‘ഹായ് നന്നാ’ എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.  

പാരയാകുമോ? പണിപോകുമോ? 

നിലവിലുള്ള പല മ്യൂസിക് കംപോസിഷനും പാറ്റേണും മിക്സ് ആൻഡ് മാച്ച് ചെയ്തും കൂട്ടിച്ചേർത്തും എഐ ‘മ്യൂസിക് ജനറേഷൻ അസിസ്റ്റന്റ്’ സംഗീതം ചിട്ടപ്പെടുത്തുന്ന കാലം വിദൂരമല്ല. സംഗീതസംവിധായകൻ ദിവസങ്ങളോളം സമയം ചെലവഴിച്ചുചെയ്തിരുന്ന കംപോസിങ്ങിന് എഐയ്ക്ക് ഏതാനും സെക്കൻഡുകൾ മാത്രം മതി. ലഭ്യമായ മ്യൂസിക് ഡേറ്റ വിശകലനം ചെയ്തു ചുരുങ്ങിയ സമയത്തിനകം പല തരത്തിലുള്ള കംപോസിഷനുകൾ തയാറാക്കാൻ എഐ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. കംപോസിങ്ങും ഓർക്കസ്ട്രേഷനും റിക്കോർഡിങ്ങും ഉൾപ്പെടെയുള്ള ജോലികൾകൂടി എഐ ചെയ്യാൻതുടങ്ങിയാൽ സംഗീതസംവിധായകർക്കും ഗായകർക്കും പാരയാകുമോ എന്ന ആശങ്ക ഇല്ലാതില്ല. 

ai

ഇനി അൽഗോരിതം മ്യൂസിക് 

ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചു മ്യൂസിക് തയാറാക്കുന്ന Amper Music, AIVA, Mubert, Jukedeck, Audiomodern തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഹോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്നുണ്ട്. സൗണ്ട് റിക്കോർഡിങ്, സൗണ്ട് മിക്സിങ്, റീറിക്കോർഡിങ്, ഡബിങ് തുടങ്ങിയ എന്റർടെയ്ൻമെന്റ് ശബ്ദലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അനന്തസാധ്യതകളാണുള്ളത്. റിക്കോർഡ് ചെയ്തു കഴിഞ്ഞ പാട്ടിനെ ക്ലാസിക്കൽ, റാപ്, പോപ്, ജാക്സ് എന്നിങ്ങനെ ഏതു ടോണിലേക്കും മാറ്റാനും ഗായകന്റെ സൗണ്ട് മോഡുലേഷനിൽ വ്യത്യാസം വരുത്താനും ഗായകനില്ലാതെതന്നെ പാട്ടുകൾ അവതരിപ്പിക്കാനും കഴിയും. പ്രത്യേകം ക്രമീകരിച്ച അൽഗോരിതം ഉപയോഗിച്ച്, ലോകത്തെ ഏതു മ്യൂസിക് ഡേറ്റയും ഉപയോഗപ്പെടുത്തി പുതിയൊരു മ്യൂസിക് നോട്ട് സൃഷ്ടിക്കാനും എഐയ്ക്കു സാധിക്കുന്നു. 

ഹിഷാം അബ്ദുൽ വഹാബ്
ഹിഷാം അബ്ദുൽ വഹാബ്

കോപ്പിയടിയോ ക്രിയേറ്റിവിറ്റിയോ? 

തികച്ചും വൈകാരികമായ കഥാസന്ദർഭങ്ങൾക്കനുസരിച്ച് സംഗീതമൊരുക്കുന്നതിൽ എഐ എത്രമാത്രം വിജയിക്കുമെന്നതു കണ്ടറിയണം. മാത്രമല്ല, നിലവിലുള്ള മ്യൂസിക് ഡേറ്റ പ്രോസസ് ചെയ്ത് എഐ തയാറാക്കുന്നത് കേവലം ഡമ്മി മ്യൂസിക് മാത്രമായിരിക്കുമെന്നും അതിന്റെ ആവർത്തനവിരസത പ്രേക്ഷകരെ മടുപ്പിക്കുമെന്നുമാണ് സംഗീതമേഖലയിലുള്ളവരുടെ അഭിപ്രായം. 

സിനിമയിലെ ഏറ്റവും നിർണായകമായ, ഏഴു മിനിറ്റുള്ള ഒരു മ്യൂസിക് സ്വീകൻസിനാണ് ഞാൻ എഐ ഉപയോഗപ്പെടുത്തിയത്. ആദ്യം ഞാൻ തന്നെ പാടുകയായിരുന്നു. പിന്നീട് അതേ സൗണ്ട് ട്രാക്ക് എഐയുടെ സഹായത്തോടെ വെസ്റ്റേൺ ഫീമെയിൽ ശബ്ദമാക്കി മാറ്റി. ചിത്രത്തിന്റെ സൗണ്ട് ട്രാക്കിന് എഐയ്ക്കാണ് ഞങ്ങൾ ക്രെഡിറ്റ് നൽകിയിരിക്കുന്നത്. 

ഏതു ശബ്ദവും കഥാസാഹചര്യം ആവശ്യപ്പെടുന്ന മറ്റൊരു മോഡിലേക്ക് മാറ്റാൻ എഐ സഹായിക്കും. എന്നാൽ, പശ്ചാത്തലത്തിനു യോജിച്ച ഫീലും കഥാസന്ദർഭത്തിനു ചേർന്ന മൂഡും അനുസരിച്ച് സംഗീതം ചെയ്യാൻ ആർട്ടിഫിഷൽ ഇന്റലിജൻസിനു പൂർണമായും സാധിക്കുമെന്നു തോന്നുന്നില്ല. അതിനു സംഗീതസംവിധായകന്റെ മേൽനോട്ടം അത്യാവശ്യമാണ്.  

എഐ ചെയ്യുന്നത് കോപ്പിയടി മാത്രമാണെന്നും ക്രിയേറ്റിവിറ്റി അല്ലെന്നുമുള്ള ചർച്ചകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പൂർണമായും സംഗീതസംവിധായകന്റെ റോൾ ഏറ്റെടുത്തില്ലെങ്കിലും മ്യൂസിക് ഡയറക്ടറെ അസിസ്റ്റ് ചെയ്യാൻ എഐയെ ഉപയോഗപ്പെടുത്തുന്ന കാലം നമ്മുടെ നാട്ടിലും വിദൂരമല്ല. ചുരുക്കത്തിൽ എഐ മ്യൂസിക് ജനറേഷൻ അസിസ്റ്റന്റ് ഉണ്ടെങ്കിൽ ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനും ഓർക്കസ്ട്രയുമൊന്നുമില്ലെങ്കിൽപോലും സ്വന്തം വീട്ടിലെ സ്റ്റുഡിയോയിൽനിന്ന് മികച്ച മ്യൂസിക് കണ്ടന്റ് ക്രിയേറ്റ് ചെയ്യാം. 

English Summary:

The Malayalam film and music industry is watching new technological revolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com