ADVERTISEMENT

തിരുവനന്തപുരം∙ ‘സംസ്ഥാനത്തെ 6200 ബിപിഎൽ വീടുകളിൽ കെ ഫോൺ കേബിൾ സ്ഥാപിച്ചതിൽ 3715 വീടുകളിൽ കണക്‌ഷൻ നൽകി’– സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ സംഘടിപ്പിച്ച നവകേരള സദസ്സിന്റെ സമാപനദിനത്തിലെ വാർത്താ സമ്മേളനത്തിൽ മൂന്നാഴ്ച മുൻപു മുഖ്യമന്ത്രി പുറത്തുവിട്ട കണക്കാണിത്. കെ ഫോണിന്റെ ഉദ്ഘാടനഘട്ടത്തിൽ തന്നെ 14,000 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്‌ഷൻ എത്തിക്കുമെന്നു പ്രഖ്യാപിച്ച സർക്കാരിന്റെ മുഖ്യമന്ത്രിയാണ്, ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിടുമ്പോഴും നാലിലൊന്നു കണക്‌ഷൻ മാത്രമേ നൽകിയുള്ളൂ എന്നു തുറന്നു സമ്മതിച്ചത്. 

കഴിഞ്ഞ ബജറ്റിലെ സർക്കാർ പ്രഖ്യാപനം 2023–24ൽ ഒരു മണ്ഡലത്തിൽ 500 എന്ന കണക്കിൽ 7000 ബിപിഎൽ കുടുംബങ്ങളിൽ കെ ഫോൺ കണക്‌ഷൻ നൽകുമെന്നായിരുന്നു. 

പുതിയ വർഷത്തെ ബജറ്റ് അടുത്തമാസം ആദ്യം അവതരിപ്പിക്കാൻ ഇരിക്കുമ്പോഴും ഈ വാഗ്ദാനം പാലിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ ഫോൺ പദ്ധതി പ്രഖ്യാപിച്ചപ്പോൾ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് എന്നായിരുന്നു സർക്കാർ വാഗ്ദാനം. രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ ഒരു മണ്ഡലത്തിൽ 100 വീതം 14,000 കുടുംബങ്ങൾക്ക് എന്നായി ചുരുക്കി. എന്നിട്ടും ലക്ഷ്യത്തിന് അടുത്തെത്താൻ കെ ഫോണിനു കഴിയുന്നില്ലെന്നതാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 27,651 സർക്കാർ ഓഫിസുകളിൽ കണക്‌ഷൻ നൽകേണ്ടതിൽ 18,063 ഓഫിസുകളിലാണു നൽകിയതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. 

പദ്ധതിയെക്കുറിച്ചുള്ള അവ്യക്തത, പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരിൽ നിന്നുള്ള തണുത്ത പ്രതികരണം, ജീവനക്കാരുടെ ക്ഷാമം, സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ പല കാരണങ്ങളാണു കെ ഫോൺ പദ്ധതി ഇഴയുന്നതിനു പിന്നിൽ. 

English Summary:

kfon connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com