ADVERTISEMENT

കോട്ടയം ∙ ഇടുക്കി ജില്ലയിലെ 4 താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഏലമല പ്രദേശം വനമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ കർഷക പക്ഷത്തു നിന്നു പോരാടുന്നതിനും ഏലം കർഷകരും ഏലം വ്യവസായവും നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുമായി വണ്ടൻമേട് ആസ്ഥാനമായി കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു. 

സംഘടനയുടെ ഉദ്ഘാടനം നാളെ 3നു പുളിയൻമല നെസ്റ്റ് കൺവൻഷൻ സെന്ററിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. ഫെഡറേഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, പീരുമേട് താലൂക്കുകളിലെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും ജീവനോപാധിയായ ഏലമല പ്രദേശം വനം ആണെന്നു നൽകിയ പരാതിയിൽ കേസ് നടക്കുകയാണ്. 

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും എതിർ കക്ഷികളായിട്ടുള്ള കേസിൽ കമ്പം കേരള കാർഡമം ഗ്രോവേഴ്സ് യൂണിയൻ, വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളും കക്ഷി ചേർന്നിട്ടുണ്ട്. 

സ്ഥലം റവന്യു ഭൂമിയാണെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. കേസിന്റെ അന്തിമവാദം കഴിഞ്ഞ ഫെബ്രുവരിയിൽ പുനരാരംഭിച്ചു.

തുടർന്ന് ഏലം കർഷക സംഘടനകളുടെ സംയുക്ത യോഗം ചേർന്നു ഗ്രോവേഴ്സ് യൂണിയനും ഗ്രോവേഴ്സ് അസോസിയേഷനും പിന്തുണ അറിയിക്കുകയും ഒറ്റക്കെട്ടായി കേസ് നേരിടാൻ തീരുമാനിക്കുകയും ചെയ്തു. 

ചിലർ അവരുടെ സംഘടനയുടെ പേര് ദുരുപയോഗം ചെയ്തു കേസ് ദുർബലപ്പെടുത്താൻ ശ്രമിച്ചതോടെയാണു കേസിന്റെ നടത്തിപ്പിനു ശക്തമായ സംഘടന വേണമെന്നു ബോധ്യപ്പെടുകയും വിവിധ സംഘടനകളുടെയും കർഷകരുടെയും കൂട്ടായ്മയായി കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷനു രൂപം കൊടുക്കുകയും ചെയ്തതെന്നു ചെയർമാൻ സ്റ്റെനി പോത്തൻ, ജനറൽ സെക്രട്ടറി പി.ആർ.സന്തോഷ് എന്നിവർ അറിയിച്ചു.

ഏലം കർഷകർക്കെതിര ഭൂമി സംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന കേസുകൾ, നിയമനടപടികൾ എന്നിവയ്ക്ക് ആവശ്യമായ നിയമസഹായം ഉറപ്പുവരുത്തുക, ഏലത്തിന്റെ വിലത്തകർച്ച തടയാൻ ഉൽപാദന–വിപണന–കയറ്റുമതി രംഗങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുക, ഏലം കർഷകർ – ലേല കേന്ദ്രങ്ങൾ – വ്യാപാരികൾ – സ്പൈസസ് ബോർഡ് എന്നീ കേന്ദ്രങ്ങൾ തമ്മിൽ സൗഹൃദവും ആരോഗ്യപരവുമായ ബന്ധം നിലനിർത്താൻ വേണ്ട ഇടപെടൽ നടത്തുക, ഏലം മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകൾക്കിടയിൽ പൊതുഅഭിപ്രായം രൂപീകരിക്കുക, ഏലത്തോട്ടങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾ, വേതന നിരക്ക്, ബോണസ് തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളും സംഘടനയ്ക്കുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

English Summary:

Cardamom Plantation Federation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com