ADVERTISEMENT

ഹൈദരാബാദ് ∙ ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ മേളയായ വിങ്സ് ഇന്ത്യ 2024 ൽ ശ്രദ്ധാകേന്ദ്രമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 മാക്സ് 8 വിമാനം ഉപയോഗിച്ചുള്ള ഫ്ലയിങ് ഡിസ്പ്ലേ. കൊമേഴ്സ്യൽ വിമാനം ഉപയോഗിച്ചു ചെയ്യുന്ന, മേളയിലെ ഏക ഫ്ലയിങ് ഡിസ്പ്ലേ ആയിരുന്നു ഇത്. കാഴ്ചക്കാർക്ക് മുന്നിലുള്ള പ്രദർശനപ്പറക്കലാണ് ഫ്ലയിങ് ഡിസ്പ്ലേ.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒൻപതാമതു ബോയിങ് 737 മാക്സ് 8 വിമാനമാണു മേളയിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് ഇക്കണോമിക് ക്ലാസ് വിമാനങ്ങൾ മാത്രം സർവീസ് നടത്തിയതിൽ നിന്നുള്ള  നിർണായക മാറ്റമാണ് ഈ വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവീസുകളിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുന്നത്. ബിസിനസ് ക്ലാസിനു തുല്യമായ വിസ്ത വിഐപി എന്ന വിഭാഗം കൂടി ബോയിങ് 737– 8 വിമാനങ്ങളിലുണ്ട്. അടുത്ത രണ്ടു വർഷത്തിനകം ആധുനികവും മികച്ച ഇന്ധന ക്ഷമതയുമുള്ള 41 ബോയിങ് വിമാനങ്ങൾ കൂടി എയർ ഇന്ത്യ എക്സ്പ്രസ് നിരയിലെത്തും. ഇന്ത്യയിലെ ചെറുനഗരങ്ങളെ വൻ നഗരങ്ങളുമായും ഗൾഫ് രാജ്യങ്ങളുമായും സിംഗപ്പൂരുമായും കൂടുതൽ ബന്ധിപ്പിക്കുയാണ് പദ്ധതി. 

20% ഇന്ധനക്ഷമത കൂടിയതും അത്രതന്നെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതുമാകും 176 സീറ്റുകളുള്ള ഈ നിരയിലെ വിമാനങ്ങളെന്നു ബോയിങ് ഇന്ത്യ– സൗത്ത് ഈസ്റ്റ് റീജനൽ മാർക്കറ്റിങ് ഡയറക്ടർ അർനോഡ് ബ്രൻ മനോരമയോടു പറഞ്ഞു. 

എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബ്രാൻഡ് അവതരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാവരണം ചെയ്ത കലംകാരി ഡിസൈനിലുള്ള ടെയിൽ ആർട് ഡിസൈൻ കൂടാതെ ബന്ദാനി, പടോള, ജാംദാനി, ഫുൽകാരി, ഗമോസ, കാഞ്ചീവാരം തുടങ്ങിയ പ്രാദേശിക ഡിസൈനുകളും വിമാനത്തിന്റെ ടെയിൽ ആർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. 

എയർ ഇന്ത്യയുടെ എ 350എയർബസിന്റെ കൂറ്റൻ വിമാനം കാണാനും പ്രദർശനവേദിയിൽ തിരക്കേറെയായിരുന്നു. ഉടൻ സർവീസ് തുടങ്ങുന്ന എയർബസ് എ 350 നിലവിൽ പരീക്ഷണപ്പറക്കലുകൾ നടത്തുന്നുണ്ട്. 316 സീറ്റുകളുള്ളതാണ് എ 350.  ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനമെന്ന അവകാശത്തോടെ മേളയിൽ പ്രദർശിപ്പിച്ച ബോയിങ് 777– 9 വിമാനം കാണാനും ധാരാളംപേർ എത്തുന്നുണ്ട്. 2025ൽ സർവീസ് തുടങ്ങുന്ന ഈ വിമാനം യുഎസിൽ നിന്നാണു വന്നത്. ഈ ശ്രേണിയിലെ നാലു വിമാനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ടെന്നും ഒട്ടേറെ ഓർഡറുകളുണ്ടെന്നും ബോയിങ് കമ്യൂണിക്കേഷൻസ് റീജനൽ ഡയറക്ടർ കെവിൻ യൂ പറഞ്ഞു. 

18നു തുടങ്ങിയ മേള നാളെ സമാപിക്കും. 

English Summary:

Wings India 2023 Air Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com