ADVERTISEMENT

വളരെ നാളത്തെ പരിശീലനത്തിന് ശേഷം വലിയൊരു സദസിൽ കച്ചേരി നടത്തിയ ഒരു സംഗീതജ്ഞന്റെ അനുഭവം വായിക്കുകയുണ്ടായി. സദസ് ആ സംഗീതവിരുന്ന് വളരെയേറെ ആസ്വദിക്കുകയും നീണ്ട കരഘോഷത്തോടെ അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. എന്നാൽ കച്ചേരി നടത്തിയ ഗായകന്റെ മുഖത്ത് വലിയ ആഹ്ളാദമില്ല. അതിന്റെ കാരണമന്വേഷിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു. “ആൾക്കൂട്ടത്തിന്റെ മുൻനിരയിൽ എന്റെ ഗുരുനാഥൻ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല. ഗുരു തന്നിൽ നിന്ന് പ്രതീക്ഷിച്ച അത്രയും നിലവാരത്തിൽ എത്താനായിട്ടില്ല എന്ന ചിന്ത എനിക്ക് സന്തോഷം തന്നില്ല. അതുകൊണ്ട് ഈ ആർപ്പുവിളികൾ ഒന്നുംതന്നെ എന്നെ ബാധിക്കുന്നില്ല’’ ഗായകൻ നിരാശയോടെ പറഞ്ഞു നിർത്തി.

അധ്യാപകർ വിദ്യാർത്ഥികളെ ഒരു വികേന്ദ്രീത നീതി (ഡിസ്ട്രിബ്യൂട്ടിവ് ജസ്റ്റിസ്)  അടിസ്ഥാനപ്പെടുത്തി സമീപിക്കാറുണ്ട്. അതനുസരിച്ച് കൂടുതൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉള്ളവരിൽ നിന്ന് കൂടുതൽ മാർക്ക് പ്രതീക്ഷിക്കുകയും അതനുസരിച്ച് ലഭിക്കാതിരുന്നാൽ ശിക്ഷണനടപടികൾ സ്വീകരിക്കാറുമുണ്ട്. അത് വിഭാഗീയതയോ പക്ഷപാതപരമോ അല്ല, ഒരു സമീകൃത നീതിബോധത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. ഒരു വ്യക്തി എത്തിച്ചേരേണ്ട നിലയും ഇപ്പോൾ ആയിരിക്കുന്ന നിലയും തമ്മില്‍ വ്യത്യാസം ഉണ്ട്. ഇത് വ്യക്തികൾക്ക് മാത്രമല്ല കുടുംബങ്ങൾ, സ്ഥാപനങ്ങൾ, സംവിധാനങ്ങൾ, സർക്കാർ തുടങ്ങിയ മറ്റു സാമ്പത്തിക യൂണിറ്റുകൾക്കും  ബാധകമാണ്.

പൊട്ടൻഷ്യൽ ജിഎൻപിയും യഥാർത്ഥ ജിഎൻപിയും

ഗ്രോസ് നാഷണൽ പ്രോഡക്ട് (ജി.എൻ.പി) അഥവാ മൊത്ത ദേശീയ ഉൽപ്പന്നം എന്നത് വികസനം അളക്കാനുള്ള ഒരു സൂചികയാണ്.  ഓരോ സാമ്പത്തിക യൂണിറ്റും ലഭ്യമായ വിഭവങ്ങളെ പരമാവധി ഉപയോഗിച്ചാൽ എത്തിച്ചേരേണ്ട അവസ്ഥയാണ് പൊട്ടൻഷ്യൽ ജി.എൻ.പി.  ഇപ്പോൾ എത്തിനിൽക്കുന്ന അവസ്ഥയാണ്  യഥാർത്ഥ ജി.എൻ.പി. ഇവ രണ്ടും തമ്മിലുള്ള അന്തരമാണ് വികസനം ഇല്ലായ്മ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സാധ്യതാ ഉൽപ്പന്നത്തിന്റെ അളവും യഥാർത്ഥ ഉൽപാദനത്തിന്റെ അളവും തമ്മിലുള്ള വ്യത്യാസമാണിത്. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം സാധ്യതാ മാർക്കും യഥാർത്ഥ മാർക്കും തമ്മിലുള്ള അന്തരം ശ്രദ്ധിക്കപ്പെടാറുണ്ട്.  

ഉൽപാദന സാധ്യതാ പരിധി

സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന സിദ്ധാന്തമാണ് പ്രൊഡക്ഷൻ പോസിബിലിറ്റി ഫ്രോൺണ്ടിയർ (പി. പി. എഫ്) അഥവാ ഉൽപാദന സാധ്യതാ പരിധി. ഒരു സമൂഹത്തിൽ ലഭ്യമായ വിഭവങ്ങളെ പരമാവധി ഉപയോഗിച്ചാൽ ലഭിക്കുന്ന ഉത്പാദനത്തിന്റെ പരമോന്നത അളവാണിത്. അതിനപ്പുറം അപ്രാപ്യമാണ്. അതിൽ കുറഞ്ഞ അളവിൽ ഉൽപാദനം നടന്നാൽ വിഭവങ്ങൾ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത്.  

ഉല്‍പ്പാദനം പരമാവധിയിൽ എത്താൻ എന്ത് ചെയ്യണം?

∙നിങ്ങളുടെ കൈവശമുള്ള വിഭവങ്ങളുടെ സ്റ്റോക്ക് എടുക്കുക. അതിൽ അസംസ്കൃതപദാർത്ഥങ്ങളും മനുഷ്യവിഭവശേഷി അഥവാ മാനവിക സമ്പത്തും ഉൾപ്പെടുന്നു.

∙നിങ്ങളുടെ ഉല്‍പ്പാദന രീതി മേൽപ്പറഞ്ഞ സ്റ്റോക്കിനെ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.

∙നിങ്ങളുടെ കമ്പനിയുടെ ഉൽപ്പന്നത്തിന്റെ ഡിമാൻഡ് കാലഹരണപ്പെട്ടതാണോ എന്ന് പരിശോധിക്കുക, ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുക.

∙സമയോചിതമായി ഉൽപാദനവും വിതരണവും ചെയ്തുതീർക്കപ്പെടു  ന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

∙ഇൻവെന്ററിപോലുള്ള രേഖകൾ കൃത്യമായി സൂക്ഷിച്ച് ഡോക്യുമെ ന്റേഷൻ പൂർത്തിയാക്കുന്നതും വിലയിരുത്തുക.

∙ഫിനാൻഷ്യൽ ഓഡിറ്റിങ് കൃത്യമായി നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുക.

∙ജീവനക്കാരുടെ സന്തോഷവും ഉപഭോക്താക്കളുടെ സംതൃപ്തിയും സ്ഥാപന വളർച്ചയ്ക്ക് അടിസ്ഥാനഘടകങ്ങളാകയാൽ അവയും വിലയിരുത്തുക.

ആവശ്യങ്ങളും വെല്ലുവിളികളും കാലത്തിനനുസരിച്ച് മാറുന്നതിനനു സരിച്ച്  വിഭവവിനിയോഗം കാലോചിതമായിരിക്കണം.

നിങ്ങളുടെ ടീമിന്റെ ഉൽപ്പാദനക്ഷമത അളക്കുന്നതിന്  മെട്രിക് സൂചികകൾ ഉപയോഗിക്കുക.

ടീം അംഗങ്ങളുടെ പരിശീലനവും കാര്യക്ഷമതയുടെ വളർച്ചയും ഉറപ്പാക്കുക

ഭാരതീയ സാമ്പത്തിക ശാസ്ത്രജ്ഞനായ നോബൽ സമ്മാന ജേതാവ് അമർത്യാസെന്നിന്റെ അഭിപ്രായത്തിൽ സാധ്യതകളുടെ വളർച്ചയാണ് വികസനം. വിഭവങ്ങൾ അമിതമായി പ്രവർത്തിച്ചാൽ ഗുണനിലവാര പ്രശ്‌നങ്ങളും മൊത്തത്തിലുള്ള ഉൽപ്പാദനത്തിൽ കുറവും ഉണ്ടാകുമെന്ന വസ്തുതയും കണക്കിലെടുക്കണം. ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോ കുഞ്ഞുനാളിൽ അമ്മ നൽകിയ ഉപദേശത്തെകുറിച്ച് ഇപ്രകാരം പറഞ്ഞു ‘’അമ്മ എപ്പോഴും എന്നോട് പറയാറുണ്ട്, നിങ്ങൾ ഒരു പട്ടാളക്കാരൻ ആണെങ്കിൽ പിന്നീട് പട്ടാളമേധാവിയാകണം, സന്യാസി ആണെങ്കിൽ ഒരിക്കൽ പോപ്പ് ആകും. എന്നാൽ ഞാൻ ഒരു ചിത്രകാരനായി, പിന്നീട് പിക്കാസോ ആയി, ഇത് ഞാൻ അന്വേഷിച്ച് നേടുക മാത്രമല്ല കണ്ടെത്തുകയാണ് ഉണ്ടായത്.’’ അവസരങ്ങൾ സൂര്യോദയം പോലെയാണ് കുറച്ചുകഴിയുമ്പോൾ അപ്രത്യക്ഷമാകുന്നു. അതുകൊണ്ട് വെയിലുള്ളപ്പോൾ തന്നെ വൈക്കോൽ ഉണക്കുന്നതാണ് ഉചിതം എന്ന പഴമൊഴിയും ശ്രദ്ധിക്കാം.

English Summary:

Know the Performance Your Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com