ജോലി പോയി, പകരം ആർട് തൊഴിലാക്കി, ഇന്ന് 40,000 രൂപ വരുമാനം

Mail This Article
പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? കുടുംബത്തിന്റെ നിലനിൽപിനായി നാം പല വഴികളും ആലോചിക്കും. താൽപര്യമുള്ള വിഷയത്തിൽ ഒരു ലീഡ് കണ്ടെത്താനായാൽ അതിൽനിന്ന് എങ്ങനെ മികച്ച വരുമാനം ഉണ്ടാക്കാം എന്ന് ആലോചിക്കും അങ്ങനെ സ്വന്തം കഴിവിനെ ഒന്ന് പോളിഷ് ചെയ്തെടുത്ത് നല്ല വരുമാനം കണ്ടെത്തിയ ആളാണ് അമൃത എസ്. ഫിയോണിക്സ് ബൈ അമൃത (Pheonix by Amrutha) എന്ന പേരിൽ എറണാകുളം കളമശ്ശേരിയിൽ സംരംഭം നടത്തുന്നു.
എന്താണ് സംരംഭം?
ആഗോളതലത്തിൽ പ്രസിദ്ധമായ ഹൂപ് ആർട്ടിൽ ചിത്രങ്ങൾ ഹാൻഡ് എംബ്രോയിഡറി ചെയ്ത് ജീവസ്സുറ്റതാക്കുകയാണ് ചെയ്യുന്നത്. ജന്മദിനം, വിവാഹ വാർഷികം, വിവാഹം തുടങ്ങിയവയ്ക്ക് സമ്മാനം നൽകാനും ചുമരിൽ തൂക്കാനുള്ള സീനറികൾക്കും ഓർഡറുകളുണ്ട്. സ്വകാര്യ കോച്ചിങ് സെന്ററിലെ ടീച്ചറായിരുന്ന അമൃതയ്ക്ക് കൊറോണ സമയത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ കൂട്ടുകാരി സന്ധ്യയാണ് ഹൂപ്പ് ആർടിനെക്കുറിച്ചു പറഞ്ഞത്. അതോടെ ചെറുപ്പത്തിൽ പഠിക്കാൻ ശ്രമിച്ച എംബ്രോയിഡറി വീണ്ടും പഠിക്കുകയായിരുന്നു. കൊറോണയായതിനാൽ യുട്യൂബ് വഴി അടിസ്ഥാന കാര്യങ്ങൾ പഠിച്ചു. തുടർന്ന് വേറിട്ട ഡിസൈനുകൾ സ്വയം കണ്ടെത്തിയതോടെ നല്ല വരുമാന മാർഗമായി.
ഒരു വർക്ക് പൂർത്തിയാക്കുവാൻ അഞ്ചു ദിവസംവരെ എടുക്കും. മൗത്ത് പബ്ലിസിറ്റിയിലൂടെയും ഓൺലൈൻ വഴിയും ഓർഡറുകൾ വരുന്നു. വർക്ക് ചെയ്യേണ്ട പടം ഓൺലൈനായി വാങ്ങി ക്യാൻവാസ് ക്ലോത്തിൽ പ്രിന്റ് ചെയ്ത് എടുത്ത് എംബ്രോയിഡറി ചെയ്തു നൽകുന്നു. മാസം 5–6 വർക്കുകൾ ലഭിക്കും. കൂടുതൽ വർക്ക് ലഭിച്ചാൽ പുറത്തുകൊടുക്കും. ഹാൻഡ് എംബ്രോയിഡറി ക്ലാസുകളും നടത്തുന്നുണ്ട്.
പുതുസംരംഭകരോട്
സ്വന്തം കഴിവുകൾ വരുമാന വർധനവിന് ഉപയോഗിച്ചാൽ നല്ല നേട്ടമുണ്ടാക്കാം. പെയിന്റിങ്, ചിത്രപ്പണി, കൊത്തുപണി, ഹാൻഡ് ക്രാഫ്റ്റ്, ഗാർമെന്റ്സ്, കളിക്കോപ്പ് എന്നിവയ്ക്കെല്ലാം വലിയ അവസരങ്ങൾ ഉണ്ട്. മെമന്റോ, സുവനീർ വിപണിയും വളരുകയാണ്. താൽപര്യമുള്ളവർക്ക് യുട്യൂബിലൂടെയോ പരിശീലന കേന്ദ്രംവഴിയോ പഠിക്കാം. ആദ്യ വർഷംതന്നെ മാസം 50,000 രൂപയോളം നേടാൻ ബുദ്ധിമുട്ടില്ല.