ചാഞ്ചാട്ടം തുടർന്ന് സ്വർണവില
Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വർധിച്ച സ്വർണവില ഇന്ന് ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 5,770 രൂപയിലും 46,160 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ചു 5,780 രൂപയിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം.
ജനുവരി 18 ന് ഗ്രാമിന് രേഖപ്പെടുത്തിയ 5,740 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2 ന് രേഖപ്പെടുത്തിയ 5,875 രൂപയും. യുഎസ് ഫെഡ് റിസർവ് യോഗം അടുത്തതോടെ ഓഹരി വിപണികളിലുണ്ടായ ചാഞ്ചാട്ടമാണ് നിലവിൽ രാജ്യാന്തര സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അതേ സമയം സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ വർധിപ്പിച്ചു. വിലപിടിപ്പുള്ള ലോഹങ്ങളിൽ നിർമിച്ച നാണയങ്ങള്‍ക്കും തീരുവ 15 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേ 11 ശതമാനമായിരുന്നു ഇവയുടെ ഇറക്കുമതി തീരുവ. ആഭരണ നിർമാണത്തിന് ഉപയോഗിക്കുന്ന അനുബന്ധ ഘടകങ്ങളുടെയും തീരുവ ഉയർത്തിയിരിക്കുന്നതിനാൽ ഇവയുടെ പണിക്കൂലി ഉയരാൻ സാധ്യതയുണ്ട്.
11 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ആണ് ഇവയുടെ ഇറക്കുമതി തീരുവ ഉയർത്തിയത്. ഹുക്കുകൾ, കൊളുത്തുകൾ, സ്ക്രൂ, ബീഡ്സ്, വയറുകൾ എന്നിവക്കെല്ലാം ഉയർന്ന നികുതി ബാധകമാകും. സ്വർണം, വെള്ളി ബാറുകൾക്കും 15 ശതമാനമാണ് ഇനി ഇറക്കുമതി തീരുവ. ഇറക്കുമതി നിയന്ത്രിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം.