ADVERTISEMENT

റെക്കോർഡ് ഉയർച്ച. പിന്നെ ഭീമമായ തകർച്ച. രണ്ടും പിന്നിട്ട ഓഹരി വിപണിയുടെ ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിന്റെ ഗതി നിർണയത്തിന് അടിസ്ഥാനം കേന്ദ്ര ബജറ്റായിരിക്കും.

വ്യാഴാഴ്ചയാണു ബജറ്റ് അവതരണം. അന്നു 11 വരെ ബജറ്റ് പ്രതീക്ഷകളിലായിരിക്കും വിപണി.  ബജറ്റ് അവതരണത്തിനൊപ്പം വിപണിയുടെ തൽസമയ പ്രതികരണം പ്രതീക്ഷിക്കാം. മഴ തോർന്നാലും മരം പെയ്യുന്നതുപോലെ ബജറ്റ് അവതരണം അവസാനിച്ചാലും വിപണിയുടെ പ്രതികരണം അവസാനിക്കില്ല. അത് അന്നും വ്യാപാരവാരത്തിന്റെ അവസാന ദിനമായ പിറ്റേന്നും കൂടി തുടരും.

തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള ബജറ്റായതിനാൽ വോട്ടിൽ കണ്ണുവച്ചുള്ള നിർദേശങ്ങൾക്കായിരിക്കും മുൻതൂക്കമെന്നു കരുതുന്നവർ കുറവല്ല. സ്റ്റാൻഡാർഡ് ഡിഡക്‌ഷനു 2019ൽ നിശ്ചയിക്കപ്പെട്ട 50,000 രൂപ എന്ന പരിധി ഉയർത്തിയേക്കുമെന്നും മൂലധന വർധന നികുതി സംബന്ധിച്ച വ്യവസ്ഥകൾ യുക്തിസഹമാക്കിയേക്കുമെന്നും മറ്റുമുള്ള പ്രതീക്ഷകൾ ഫലിച്ചാൽ വിപണി അത് ആഘോഷമാക്കും. അതേസമയം, ഭാരിച്ച ചെലവു വേണ്ടിവരുന്ന ക്ഷേമപദ്ധതികൾക്കാണു ബജറ്റ് പ്രാമുഖ്യം നൽകുന്നതെങ്കിൽ അവ സാമ്പത്തികസ്ഥിതിയെ ദുർബലമാക്കുമെന്നു ഭയന്നുള്ള പ്രതികരണമായിരിക്കും വിപണിയിലുണ്ടാകുക.

ഇടപാടുകളിൽ കർശന കരുതൽ ആവശ്യം 

നിഫ്റ്റി 21,352.60 പോയിന്റിലാണ് അവസാനിച്ചിരിക്കുന്നത്. സാഹചര്യങ്ങൾ അനുകൂലമായാൽ സൂചിക 21,750 – 21,800 പോയിന്റ് വരെ ഉയർന്നേക്കാം. 21,400 നിലവാരത്തിലെ പിന്തുണയും നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിക്കു 20,900 പോയിന്റിലേക്കുള്ള വീഴ്ചയും അസംഭവ്യമല്ല. അതായത്, പ്രവചനാതീതമായ അനിശ്ചിതാവസ്ഥ. അതുകൊണ്ടുതന്നെ ഇടപാടുകളിൽ കർശനമായ കരുതൽ ആവശ്യമായ സമയം.

കണക്കുകളുമായി ഏഴ് കേരള കമ്പനികൾ  

കേരളം ആസ്ഥാനമായുള്ള ഏഴു കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഈ ആഴ്ച യോഗം ചേരുന്നുണ്ട്. അവയിൽ കൊച്ചിൻ ഷിപ്‌യാഡിന്റേത് ഒഴികെയുള്ളവ മൂന്നാം പാദ പ്രവർത്തന ഫലം പരിഗണിക്കാനാണു ചേരുന്നത്.  കൊച്ചിൻ ഷിപ്‌യാഡിന്റെ നാളെ ചേരുന്ന ബോർഡ് യോഗം പ്രവർത്തന ഫലത്തിനൊപ്പം രണ്ടാം ഇടക്കാല ലാഭവീതം പ്രഖ്യാപിക്കുന്നതും പരിഗണിക്കും. 

സിഎസ്ബി ബാങ്കിന്റെ ബോർഡ് യോഗം ഇന്ന്. കിറ്റെക്സ് ഗാർമെന്റ്സ്, ജിയോജിത്, കല്യാൺ ജ്വല്ലേഴ്സ് എന്നിവയുടേതു 31ന്. ഫെബ്രുവരി ഒന്നിനു വി–ഗാർഡിന്റെയും രണ്ടിനു ധനലക്ഷ്മി ബാങ്കിന്റെയും ബോർഡ് യോഗം.  

പ്രവർത്തന ഫലവുമായി മറ്റു കമ്പനികളും

ഈ ആഴ്ച പ്രവർത്തന ഫലം പ്രഖ്യാപിക്കുന്ന മറ്റു കമ്പനികളിൽ ഇവ ഉൾപ്പെടുന്നു:

∙ഇന്ന്:
ഐടിസി, ബിപിസിഎൽ, അദാനി ഗ്രീൻ, ബജാജ് ഫിനാൻസ്, എൻടിപിസി, പെട്രോനെറ്റ് എൽഎൻജി, വോഡഫോൺ ഐഡിയ, ഭാരത് ഇലക്ട്രോണിക്സ്, ഗെയ്ൽ ഇന്ത്യ, മാരികോ, അപ്പോളോ പൈപ്സ്.

∙നാളെ:
ബജാജ് ഹോൾഡിങ്സ്, എൽആൻഡ്ടി, ഡോ. റെഡ്ഡീസ്, ബജാജ് ഫിൻസെർവ്, ശാന്തി ഗിയേഴ്സ്.

∙31ന്:
അംബുജ സിമന്റ്സ്, ശ്രീ സിമന്റ്, ഡാബർ ഇന്ത്യ, സൺ ഫാർമ, ബാങ്ക് ഓഫ് ബറോഡ, മാരുതി, ജിൻഡാൽ സ്റ്റീൽ.

∙01:
ടൈറ്റൻ കമ്പനി, ബാറ്റ ഇന്ത്യ, കാസ്ട്രോൾ, റെയ്മണ്ട്.

∙02:
ടാറ്റ മോട്ടോഴ്സ്, എൽഐസി ഹൗസിങ് ഫിനാൻസ്, ബാങ്ക് ഓഫ് ഇന്ത്യ, ടോറന്റ് ഫാർമ, എൻജിനീയേഴ്സ് ഇന്ത്യ.

∙03:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

English Summary:

Market Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com