പേയ്ടിഎം ബാങ്കിനെതിരെ വീണ്ടും ആർബിഐ നടപടി
Mail This Article
ന്യൂഡൽഹി∙ ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ വീണ്ടും റിസർവ് ബാങ്കിന്റെ കടുത്ത നടപടി. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ല.
അതേസമയം, 29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനോ തടസ്സമില്ല. എന്നാൽ, ബാലൻസ് തുക തീർന്നാൽ പിന്നീട് ഈ സേവനം ഉപയോഗിക്കാനാവില്ലെന്നു ചുരുക്കം.
ഉദാഹരണത്തിന് പേയ്ടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് ഫെബ്രുവരി 29ന് ശേഷം അതിൽ മിച്ചമുള്ള തുക മാത്രമേ ഉപയോഗിക്കാനാകൂ. തുക തീർന്നാൽ മറ്റ് ബാങ്കുകൾ നൽകുന്ന ഫാസ്ടാഗ് സ്റ്റിക്കർ വാഹനത്തിൽ പതിക്കേണ്ടി വന്നേക്കാം. ഇതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
29ന് ശേഷം പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളിലേക്ക് മറ്റുള്ളവർക്കും പണമയയ്ക്കാനാകില്ല. എന്നാൽ അക്കൗണ്ടിലും വോലറ്റിലുമുള്ള തുകയുടെ പലിശ, ക്യാഷ്ബാക്ക്, റീഫണ്ട് തുടങ്ങിയവ ലഭിക്കുന്നതിനു തടസ്സമില്ല. പേയ്ടിഎം നോഡൽ അക്കൗണ്ടുകൾ നിർത്തലാക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ കടകളിൽ പേയ്ടിഎം ക്യുആർ കോഡ് ഉപയോഗിച്ച് പണം സ്വീകരിക്കുന്നതിനെയും ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്. പേയ്ടിഎം നൽകുന്ന യുപിഐ സേവനത്തെ നിലവിൽ ബാധിച്ചിട്ടില്ല. മറ്റൊരു ബാങ്കിങ് സേവനവും ഫെബ്രുവരി 29നു ശേഷം പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനു നൽകാനാവില്ല. ഫെബ്രുവരി 29ന് ശേഷം പണം സ്വീകരിക്കാനും പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാനാവില്ല.
എന്തുകൊണ്ട്?
ചട്ടംലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി. 2022 മാർച്ച് മുതൽ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിർത്തിവയ്ക്കാൻ ആർബിഐ മുൻപ് ഉത്തരവിട്ടിരുന്നു. പേയ്ടിഎം ബാങ്കിൽ പരോക്ഷമായ ഓഹരിയുള്ള ചൈനീസ് കമ്പനികളുമായി ഡേറ്റ പങ്കുവച്ചെന്ന് ആരോപണമുയർന്നിരുന്നു.
ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി ഓഡിറ്റ് കമ്പനിയെ നിയമിക്കാനും അന്ന് ആർബിഐ നിർദേശിച്ചു. ഈ പരിശോധനയിലും വീഴ്ചകൾ കണ്ടതിനെത്തുടർന്നാണ് നടപടി.