ADVERTISEMENT

കൊച്ചി ∙ ധന മന്ത്രി നിർമല സീതാരാമന്റെ ബജറ്റ് നിർദേശങ്ങൾ കേൾക്കുമ്പോൾ നിർവികാരതയോടെ കേട്ടിരുന്ന ഓഹരി വിപണിക്കു പിറ്റേന്നായപ്പോൾ അത്യാവേശം. വില സൂചികകളിലൊന്നു റെക്കോർഡിൽ; മറ്റൊന്നു റെക്കോർഡിനു തൊട്ടടുത്തും.

നിഫ്റ്റിയാണു റെക്കോർഡിട്ടത്. മുൻ റെക്കോർഡായ 22,124 പോയിന്റ് മറികടന്നെങ്കിലും പിന്നീടു പടിയിറങ്ങേണ്ടിവന്ന സൂചികയ്ക്കു 156.65 പോയിന്റ് നേട്ടത്തോടെ 21,853.80 നിലവാരത്തിൽ അവസാനിക്കാൻ കഴിഞ്ഞു. സെൻസെക്സാകട്ടെ ഒരു ഘട്ടത്തിൽ 1400 പോയിന്റ് ഉയർന്ന ശേഷം 72,085.63 നിലവാരത്തിൽ അവസാനിച്ചു.

ബജറ്റ് നിർദേശങ്ങൾ സംബന്ധിച്ചു പിന്നീടു പുറത്തുവന്ന വിദഗ്ധ വ്യാഖ്യാനങ്ങളിൽ നിന്നാണു വിപണിക്കു ബോധോദയമുണ്ടായത്. അടിസ്ഥാന സൗകര്യ വികസനത്തിനു വലിയ തോതിൽ തുണയാകും വിധം മൂലധനച്ചെലവിനു കൂടുതൽ തുക വകയിരുത്തിയതും വിനോദസഞ്ചാരം ഉൾപ്പെടെ പല മേഖലകൾക്കും പ്രോത്സാഹനമാകുന്ന പരിപാടികൾ പ്രഖ്യാപിച്ചതും സമ്പദ്‌വ്യവസ്ഥയെ വളരെയേറെ മുന്നോട്ടുകൊണ്ടുപോകാൻ പര്യാപ്തമാകുമെന്ന തിരിച്ചറിവിൽ അത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഓഹരികൾക്കു നിക്ഷേപകർ കയ്യയച്ചു പിന്തുണ നൽകുകയായിരുന്നു. 

ബജറ്റ് ദിനത്തിൽ പൊതു മേഖലയിലെ ബാങ്കുകളുടെ ഓഹരികളുടെ വിലയിൽ മാത്രമാണ് എടുത്തുപറയത്തക്ക കയറ്റമുണ്ടായതെങ്കിൽ ഇന്നലെ ഐടി, റിയൽറ്റി, ഊർജോൽപാദനം, ലോഹങ്ങൾ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽനിന്നുള്ള ഓഹരികൾക്കു ഗണ്യമായ  പ്രിയം അനുഭവപ്പെട്ടു. 

പലിശ നിരക്കുകൾ എന്നു മുതൽ കുറയ്ക്കാൻ കഴിയുമെന്നു തൽക്കാലം പറയാനാകില്ലെന്നു യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജറോം പവൽ വ്യക്തമാക്കിയതും കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയെ ദുർബലമാക്കി. എന്നാൽ യുഎസിലെ ഓഹരി വിപണിയുടെ പ്രതികരണം മറിച്ചായിരുന്നത് ഇന്നലെ ഇന്ത്യൻ വിപണിക്ക് ആശ്വാസകരമായി. അതും വില സൂചികകളുടെ കുതിപ്പിനു സഹായിച്ചു.

English Summary:

Share market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com