ഫണ്ടിങ് വേണോ, ‘ടി’കൾ ഒത്തുവരണം
Mail This Article
ഫണ്ടിങ് ചോദിച്ചു വരുന്ന സ്റ്റാർട്ടപ് കൊച്ചൻമാരെ വിലയിരുത്താൻ ആറ് ‘ടി’കളുണ്ടെന്നാണ് പരിണത പ്രജ്ഞരായ (പച്ച മലയാളത്തിൽ– പയറ്റിത്തെളിഞ്ഞ) വിസിമാർ അഥവാ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുകൾ പറയുന്നത്. അവരുടെ നോട്ടത്തിൽ ആറ് ‘ടി’കളുണ്ടത്രെ. അതെല്ലാം ഒത്തു വന്നാൽ മാത്രമേ ക്യാപ്പിറ്റൽ ഇറക്കൂ. എല്ലാം ഒത്തു വരണേ എന്നു സകല ദൈവങ്ങളേയും വിളിച്ച് നേർന്നശേഷം സ്റ്റാർട്ടപ് പിള്ളാര് ഇവരുടെ മുന്നിൽ ‘പിച്ചിങ്’ നടത്തുമ്പോഴാണ് ഇതൊക്കെ നോക്കുന്നത്.
എന്തോന്നാ ഈ ടീകൾ? ടീം, ടെക്നോളജി, ട്രാക്‌ഷൻ, ടൈമിങ്...പിന്നെ 2 ടീ കൂടി വേണമല്ലോ. മാർക്കറ്റ് സൈസ് എന്നതിൽ ടോട്ടൽ എന്നു കൂടി ചേർത്തു. ടോട്ടൽ മാർക്കറ്റ് സൈസ്. പിന്നെ തീസിസ് എന്നൊരു ടി കൂടി. എല്ലാം വഴിയേ പറയാം.
പിള്ളാർക്ക് നല്ല ടീം ഉണ്ടോ എന്നാണ് ആദ്യ നോട്ടം. ഈ പറയുന്നതൊക്കെ സാധിച്ചെടുക്കാൻ മുഷിയാതെ ജോലി ചെയ്യാനുള്ള ശേഷിയും ശേമുഷിയും ഉള്ളവരാണോ ടീമിൽ?. അതോ ബഡായി മാത്രമാണോ? വിഷൻ ഉണ്ടോ, ലീഡർഷിപ് ഉണ്ടോ? നല്ല ശീലങ്ങളുണ്ടോ? പകൽ പിച്ചിങും രാത്രി ‘ടച്ചിങും’ ആണോ? അതാണ് ആദ്യ ടി.
ടെക്നോളജിയാണ് രണ്ടാമത്തെ ടി. ഇവരുടെ പുത്തൻ സാധനത്തിനു വേണ്ട ടെക്നോളജിയുണ്ടോ? അതിനു വേണ്ട മുതൽമുടക്ക് കയ്യിൽ ഒതുങ്ങുന്നതാണോ...?
ടൈമിങ് എന്ന അടുത്തതിൽ ഇവരുടെ ഉൽപന്നം അഥവാ സേവനം ഈ കാലത്തിനു ചേർന്നതാണോ എന്നതാണു നോട്ടം. ലോകത്തെങ്ങുമില്ലാത്ത ആശയവുമായി ഇറങ്ങിയിരിക്കുകയാണോ? ഏതിനും ഒരു സമയമുണ്ടു ദാസാ. അതാണ് ടൈമിങ്!
അടുത്തത് ട്രാക്‌ഷൻ! ഇതിനകം എത്ര ഉപഭോക്താക്കളായി? സംഗതി ക്ളിക്കാവുന്നുണ്ടോ? എന്നു വച്ചാൽ ട്രാക്‌ഷൻ ഉണ്ടോ? പലരും റോബട്ടും മോതിരം പോലെ വെയറബിൾ ഡിവൈസസുമായി വരുമ്പോൾ ട്രാക്‌ഷൻ ഉണ്ടാവണമെന്നില്ല.
ഇതൊക്കെ ഉണ്ടെങ്കിൽ അടുത്തതാണ് ടോട്ടൽ മാർക്കറ്റ് സൈസ്. ഈ ഉൽപന്നത്തിന് അഥവാ സേവനത്തിന് എത്ര മാത്രം വിപണിയുണ്ടാവും? അടുത്തത് തീസിസ്. ടിയിൽ തുടങ്ങുന്ന വാക്ക് കണ്ടുപിടിച്ചതാണ്. സംഗതി ശകലം എത്തിക്സ് ആകുന്നു. നിക്ഷേപകർ വിശ്വസിക്കുന്ന മൂല്യങ്ങൾക്കു ചേരുന്നതാണോ ബിസിനസ്? ബിസിനസിന്റെ പരിതസ്ഥിതി പരിസ്ഥിതിയെ ബാധിക്കാത്തതായിരിക്കണമല്ലോ.
ടികൾ എല്ലാം കഴിഞ്ഞാലും പിന്നെയുമുണ്ട്. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് അഡാപ്റ്റ് ചെയ്യാൻ കഴിവുള്ളവരാണോ? ഏത് മത്സര കളരിയിലും ഓതിരം കടകം പറഞ്ഞു നിലംചവിട്ടി നിൽക്കാനറിയാമോ?
ആശയം ഏത് ആമാശയക്കാരനും കാണും. പക്ഷേ വളരെ കുറച്ചുപേർക്കേ കാര്യം നടത്തിയെടുക്കാനുള്ള സാമർഥ്യം കാണൂ.
ഒടുവിലാൻ∙ പച്ച മലയാളത്തിൽ ഒരു ടി കൂടിയുണ്ട് ലാസ്റ്റ്. തലേവര!!!