ADVERTISEMENT

തൃശൂർ : കേരളത്തിലെ ബാറുകളുടെ എണ്ണം റെക്കോർഡിൽ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 2 സർക്കാരുകൾ ഇതുവരെ 297 പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുകയും 475 ബീയർ ആൻഡ് വൈൻ പാർലറുകൾക്കു ബാർ ലൈസൻസ് പുതുക്കി നൽകുകയും ചെയ്തതോടെ സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ ആകെ എണ്ണം 801 ആയി. 

നേരത്തേ, 2013–14ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കേരളത്തിൽ ഏറ്റവുമധികം ബാറുകൾ (720) ഉണ്ടായിരുന്നത്. 2014–15ലെ മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ കൂട്ടത്തോടെ അടച്ചുപൂട്ടിയ ശേഷം യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 29 പഞ്ചനക്ഷത്ര ബാറുകൾ മാത്രമാണു കേരളത്തിലുണ്ടായിരുന്നത്. പിന്നീടാണ് ഏകദേശം 8 വർഷത്തിനിടെ (7 വർഷം 230 ദിവസം) ബാറുകളുടെ എണ്ണം 801ൽ എത്തിയത്. 

മദ്യവർജനമാണു നയമെന്ന പ്രഖ്യാപനവുമായി 2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടുകയോ ബീയർ പാർലറുകളാക്കി മാറ്റുകയോ ചെയ്ത 442 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് (എഫ്എൽ–3) തിരികെ നൽകി. 200 പുതിയ ബാറുകൾ അനുവദിക്കുകയും ചെയ്തു. 

ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി 2021ൽ പൂർത്തിയായപ്പോൾ കേരളത്തിൽ ആകെ 671 ബാർ ഹോട്ടലുകളാണുണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാർ വന്നശേഷം 33 ബീയർ–വൈൻ പാർലറുകൾക്കു ബാർ ലൈസൻസ് പുതുക്കി നൽകുകയും ഈ വർഷം ജനുവരി വരെ 98 ബാറുകൾക്കു പുതിയ ലൈസൻസ് അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ എഫ്എൽ–3 ബാർ ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്–20. 

എറണാകുളം (18), തൃശൂർ (14) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സംസ്ഥാനത്ത് 44 ക്ലബ് ലൈസൻസുകളും (എഫ്എൽ 4എ) നിലവിലുണ്ട്.  35 ലക്ഷം രൂപയാണു 5 വർഷത്തേക്ക് ബാർ ലൈസൻസ് ഫീസ്.

English Summary:

Record number of bar hotels in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com