‘ഫൈൻഡ് മൈ ഹോസ്റ്റൽ’ തരും താമസിക്കാനൊരു മുറി
Mail This Article
കൊച്ചി ∙ മലപ്പുറം സ്വദേശി വി.പി.ഷിയാസ് 2018 ൽ ഇൻഫോപാർക്കിൽ ജോലി ചെയ്യാനെത്തുമ്പോൾ ആകെ കഷ്ടപ്പെട്ടത് ഒരേയൊരു കാര്യത്തിനാണ് ; ഒരു ഹോസ്റ്റലോ പേയിങ് ഗെസ്റ്റിനുള്ള സൗകര്യമോ കണ്ടുപിടിക്കാൻ! ‘‘ ഒരു മാസമെടുത്തു താമസം ശരിയാകാൻ. അതിനു ശേഷം പല സുഹൃത്തുക്കളും കൊച്ചിയിൽ എത്തുമ്പോൾ ഇതേ ആവശ്യവുമായി എന്നെ വിളിച്ചു. സുരക്ഷിതമായ സ്ഥലം കണ്ടുപിടിക്കുക എന്നതു ആവശ്യമാണെന്ന് അതോടെ ബോധ്യപ്പെട്ടു. ആ ചിന്തയിൽ നിന്നാണു ‘ഫൈൻഡ് മൈ ഹോസ്റ്റൽ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ജനിക്കുന്നത്’’ സിഇഒ ഷിയാസിന്റെ വാക്കുകൾ.
പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ സഹപാഠികളായ ഹൻസൽ സലിമും (സിടിഒ) ജിതിൻ ബാബുവും (സിഒഒ) സഹസ്ഥാപകരായി ഒപ്പം ചേർന്നു. ഇപ്പോൾ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മലപ്പുറം, കോയമ്പത്തൂർ, തിരുച്ചിറപ്പിള്ളി നഗരങ്ങളിലായി 700 പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്തു കഴിഞ്ഞു.
അവ നൽകുന്നത് 25,000 ബെഡ് സൗകര്യം. കൂടുതൽ നഗരങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണു കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്.
‘‘ കെവൈസി വിവരങ്ങൾ, പേയ്മെന്റ് ഗേറ്റ്‌വേ തുടങ്ങിയ കാര്യങ്ങളെല്ലാം പ്ലാറ്റ്ഫോമിലുള്ളതിനാൽ ഒന്നോ രണ്ടോ ക്ലിക്കിൽ റൂം ബുക്ക് ചെയ്യാം. അപരിചിതമായ നഗരത്തിൽ ഇന്റർവ്യൂവിനായി ഏതാനും ദിവസം താമസിക്കാൻ വരുന്ന ഉദ്യോഗാർഥി മുതൽ വർഷങ്ങളോളം താമസസൗകര്യം ആവശ്യമായ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും താങ്ങാനാവുന്ന ചെലവിൽ സുരക്ഷിതമായ താമസ സൗകര്യം ലഭ്യമാക്കുകയാണു ലക്ഷ്യം. findmyhostel എന്ന ലിസ്റ്റിങ് ആപ്ലിക്കേഷനും owners ആപ്ലിക്കേഷനും tenants ആപ്ലിക്കേഷനും വെബിലും മൊബൈൽ ഫോണിലും ആക്സസ് ചെയ്യാം’’– ഷിയാസ് പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് – www.findmyhostel.in
www.Roomindo.com