ADVERTISEMENT

ഓഹരി വിപണിക്ക് ഇന്നു പ്രതീക്ഷയുടെ ദിനം. പണപ്പെരുപ്പത്തിന്റെ  കഴിഞ്ഞ മാസത്തെ നിരക്ക് ഇന്നാണു പ്രഖ്യാപിക്കുക. ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ ഉയർന്ന നിലവാരത്തിലായിരുന്നു. ജനുവരിയിൽ അതു നല്ല തോതിൽ താഴ്‌ന്നിട്ടുണ്ടാകുമെന്നാണു വിപണിയുടെ പ്രതീക്ഷ. 

കഴിഞ്ഞ ആഴ്‌ച 44 സാമ്പത്തിക ശാസ്‌ത്രജ്‌ഞർക്കിടയിൽ റോയിട്ടേഴ്‌സ് അഭിപ്രായ വോട്ടെടുപ്പു നടത്തുകയുണ്ടായി. പണപ്പെരുപ്പ നിരക്ക് ഡിസംബറിലെ 5.69 ശതമാനത്തിൽനിന്നു ജനുവരിയിൽ 5.09 നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടാകുമെന്നാണു സർവേയിൽനിന്നുള്ള അനുമാനം. ഉപഭോക്‌തൃ വില സൂചികയ്‌ക്ക് അടിസ്‌ഥാനമാക്കുന്ന ഉൽപന്നങ്ങളിൽ പകുതിയോളം ഭക്ഷ്യോൽപന്നങ്ങളാണ്. നവംബർ മുതൽ അവയുടെ വില ഉയരുകയായിരുന്നെങ്കിലും ജനുവരിയോടെ താഴ്‌ന്നതാണു പണപ്പെരുപ്പ നിരക്കു ഗണ്യമായി കുറയാൻ സഹായകമായതെന്നും സർവേ വിലയിരുത്തി.

എസ് & പി  500 സൂചിക റെക്കോർഡിൽ 

ആഗോള വിപണികൾ ഉയർച്ച രേഖപ്പെടുത്തിയ ആഴ്‌ചയാണു കടന്നുപോയത്. എസ് & പി  500 സൂചിക ചരിത്രത്തിൽ ആദ്യമായി 5000 പോയിന്റിലെത്തുന്നതു കണ്ടു. പക്ഷേ ഇന്ത്യൻ വിപണി യുഎസ്, ജപ്പാൻ, ചൈന വിപണികളിലെ ഉണർവിൽനിന്ന് ആവേശം ഉൾക്കൊണ്ടില്ലെന്നു മാത്രമല്ല വലിയ തോതിലുള്ള കയറ്റിറക്കങ്ങൾക്കു വേദിയാകുകയും ചെയ്‌തു. നിഫ്‌റ്റി 21,783.50 പോയിന്റിലാണു വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്‌റ്റി 22,000 – 22,200 വരെ ഉയർന്നേക്കും

ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ നിഫ്‌റ്റി 22,000 – 22,200 നിലവാരത്തിലേക്ക് ഉയർന്നേക്കാം. 22,000 പോയിന്റ് ശക്‌തമായ തടസ്സത്തിന്റേതാകാമെന്നും കരുതുന്നു. വിൽപന സമ്മർദം ഏറിയാൽ നിഫ്‌റ്റി 21,500 – 21,400 പോയിന്റ് വരെ താഴ്‌ന്നേക്കാം. ആ നിലവാരത്തിൽ പക്ഷേ ശക്‌തമായ പിന്തുണയ്‌ക്കും അർഹതയുണ്ട്. 

കൊച്ചിൻ ഷിപ്‌യാഡ്: ഇന്ന് റെക്കോർഡ് തീയതി

കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരികൾക്കു പ്രഖ്യാപിച്ചിട്ടുള്ള 3.50 രൂപ ഇടക്കാല ലാഭവീതത്തിനു നിക്ഷേപകർക്കുള്ള അർഹത നിർണയിക്കുന്ന റെക്കോർഡ് തീയതി ഇന്നാണ്. ഇടക്കാല ലാഭവീത വിതരണവുമായി ബന്ധപ്പെട്ട് ഇന്ന് എക്‌സ് ഡേറ്റാകുന്നവയിൽ ജിഇ ഷിപ്പിങ്, എൻജിനീയേഴ്‌സ് ഇന്ത്യ, കാർബൊറാണ്ടം യൂണിവേഴ്‌സൽ, ടോറന്റ് ഫാർമ, തങ്കമയിൽ ജ്വല്ലറി എന്നീ കമ്പനികളുടെ ഓഹരികളും ഉൾപ്പെടുന്നു.

ഫാക്‌ട്, മുത്തൂറ്റ് ഫിനാൻസ് ബോർഡ് യോഗങ്ങൾ

കേരളം ആസ്‌ഥാനമായുള്ള നാലു കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് മൂന്നാം പാദ പ്രവർത്തന ഫലം പരിഗണിക്കാൻ ഈ ആഴ്‌ച ചേരുന്നു. വെസ്‌റ്റേൺ ഇന്ത്യ പ്‌ളൈവുഡ്‌സിന്റെ ബോർഡ് യോഗം ഇന്ന്. 14നു ഫാക്‌ടിന്റെയും മുത്തൂറ്റ് ഫിനാൻസിന്റെയും ജിടിഎൻ ടെക്‌സ്‌റ്റൈൽസിന്റെയും ബോർഡ് യോഗങ്ങൾ.

ഫലം പ്രഖ്യാപിക്കുന്ന മറ്റു കമ്പനികൾ

∙ ഇന്ന്: ഗ്ലാക്‌സോ സ്‌മിത്‌ക്‌ളൈൻ ഫാർമ, എൽജി എക്യുപ്‌മെന്റ്‌സ്, ഭാരത് ഫോർജ്, സെയിൽ, കോൾ ഇന്ത്യ, എച്ച്‌എഎൽ, എൻഎച്ച്‌പിസി, മാസഗൺ ഡോക്, ഫോഴ്‌സ് മോട്ടോഴ്‌സ്, ബന്നാരി അമ്മൻ ഷുഗേഴ്‌സ്, ബിഎഎസ്‌എഫ് ഇന്ത്യ, കോത്താരി ഷുഗേഴ്‌സ്, രാജശ്രീ ഷുഗേഴ്‌സ്, തിലക്‌നഗർ ഇൻഡസ്‌ട്രീസ്.

∙ നാളെ: ഐആർസിടിസി, ദീപക് നൈട്രേറ്റ്, സീക്വന്റ് സയന്റിഫിക്, ഹിൻഡാൽകോ, ബോഷ്, സീമെൻസ്, ഭെൽ, ഗുജറാത്ത് ഗ്യാസ്, ടിവിഎസ് ശ്രീചക്ര, വെസ്‌റ്റ് കോസ്‌റ്റ് പേപ്പർ.

∙ 14ന്: എവിടി നാച്ചുറൽ പ്രോഡക്‌ട്‌സ്, ഇപ്‌ക ലാബ്‌സ്, എൻഎംഡിസി, ഗ്‌ളാൻഡ് ഫാർമ, മദ്രാസ് ഫെർട്ടിലൈസേഴ്‌സ്, വോക്കാർട്.

English Summary:

Market preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com