ഇന്ന് ഗാലെന്റൈൻസ് ദിനം: സ്ത്രീകൾ നയിക്കുന്ന ഈ ബിസിനസുകളെ അടുത്തറിയാം

Mail This Article
വാലെന്റൈൻസ് ദിനത്തെ കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ ഗാലെന്റൈൻസ് ദിനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? സ്ത്രീ സുഹൃത്തുക്കളുമായി ഒത്തുചേരാനും സ്ത്രീ സൗഹൃദത്തിന്റെ ശക്തിയെ ബഹുമാനിക്കാനുമുള്ള ദിനമാണ് ഇത്. വാലെന്റൈൻസ് ദിനത്തിന് ഒരു ദിവസം മുൻപാണ് ഗാലെന്റൈൻസ് ദിനം ആഘോഷിക്കുന്നത്. അതായത് ഇന്നാണ് ഗാലെന്റൈൻസ് ദിനം. സ്ത്രീ ശാക്തീകരണത്തിനും , പരസ്പരം പിന്തുണയ്ക്കാനുമായുള്ള ഒരു ദിനമായി പലരും ഇതിനെ ഇന്ത്യയിലും ആഘോഷിച്ചുതുടങ്ങി. ഇതോടനുബന്ധിച്ച് സ്ത്രീകൾ തലപ്പത്തിരിക്കുന്ന ചില കമ്പനികളെ ഇന്ന് പരിചയപ്പെടാം.
രാധിക ഗുപ്ത
എഡൽവെയ്‌സ് മ്യൂച്വൽ ഫണ്ടിൻ്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാധികാ ഗുപ്ത ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ഓഹരി വിദഗ്ധയാണ്. 'കഴുത്തൊടിഞ്ഞ പെൺകുട്ടി' എന്നാണ് രാധിക ഗുപ്ത അറിയപ്പെടുന്നത്. തനിക്ക് ഉണ്ടായ ശാരീരിക വൈകല്യം വകവെക്കാതെ ഉയരങ്ങൾ എത്തിപ്പിടിക്കാൻ രാധിക ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുന്നു.
പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് മാനേജ്‌മെൻ്റ് ആൻഡ് ടെക്‌നോളജിയിൽ ബിരുദം നേടിയയാളാണ് രാധിക ഗുപ്ത. 22 വയസ്സിൽ ഏഴാമത്തെ ജോലി അപേക്ഷ നിരസിക്കപ്പെട്ടതോടെ അവർ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു എന്നൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. വിഷാദരോഗമാണെന്ന് തിരിച്ചറിഞ്ഞത്തോടെ അതിൽ നിന്നും പുറത്തുകടക്കാനുള്ള ശ്രമം നടത്തി. ഈ സംഭവത്തിനുശേഷം മക്കിൻസിയിൽ ജോലി ലഭിച്ചു. 2009-ൽ ഭർത്താവിനും സുഹൃത്തിനുമൊപ്പം സ്വന്തമായി അസറ്റ് മാനേജ്മെൻ്റ് സ്ഥാപനം ആരംഭിച്ചു. 2014-ൽ എഡൽവെയ്‌സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഏറ്റെടുത്തു. 2016-ൽ ജെപി മോർഗൻ അസറ്റ് മാനേജ്‌മെൻ്റിൻ്റെ ഓൺഷോർ ബിസിനസ്സ് ഏറ്റെടുക്കുന്നതിനും ആംബിറ്റ് ആൽഫ ഫണ്ട് ഏറ്റെടുക്കുന്നതിനും രാധികാ ഗുപ്ത മുൻകൈയെടുത്തു. ധാരാളം അവാർഡുകൾ വാരികൂട്ടിയിട്ടുള്ള രാധിക ഇന്ത്യൻ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിലെ തന്നെ ഏക വനിതാ എം ഡിയും, സി ഇ ഒയുമാണ്.
കിരൺ മജുൻദാർ ഷാ
ബയോകോൺ എന്ന മരുന്ന് കമ്പനിയുടെ സാരഥിയാണ് കിരൺ മജുൻദാർ ഷാ. ലോകത്തിൽ അറിയപ്പെടുന്ന ഒരു മരുന്ന് കമ്പനിയായി ബയോകോണിനെ വളർത്തിയെടുക്കുവാൻ അവർ അഹോരാത്രം പ്രവർത്തിച്ചു. വാടകവീട്ടിലെ ഒരുമുറിയുള്ള ഗ്യാരേജിൽ നിന്നും പരീക്ഷണങ്ങളുമായി തുടങ്ങിയ കമ്പനി ഒരു സ്ത്രീയുടെ നേതൃഗുണത്തിൽ എത്താവുന്ന അത്രയും ഉയരങ്ങളിലെത്തി. പരിചയമില്ലാത്ത മേഖല, ഒരു ചെറുപ്പക്കാരി തുടങ്ങിയാലുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഇവയെല്ലാം അവർ അതിജീവിച്ചു. കമ്പനി തുടങ്ങുവാൻ പണം കണ്ടെത്തലായിരുന്നു അവർ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‍നം. കുറെയേറെ അലഞ്ഞെങ്കിലും, അവസാനം ലക്ഷ്യസ്ഥാനത്തെത്തുവാൻ അവർക്കു സാധിച്ചു.
പട്രീഷ്യ നാരായണൻ
ഉന്തുവണ്ടിയിൽ ചായ വിറ്റിരുന്ന പെൺകുട്ടി ഒരു ബിസിനസ് സാമ്രാജ്യത്തിൻറ്റെ ഉടമയായ കഥയാണ് പട്രീഷ്യക്ക് പറയാനുള്ളത്. വീട്ടുകാർ അറിയാതെ വിവാഹം കഴിക്കുകയും, പിന്നീട് മയക്കുമരുന്നിന് അടിമയായ ഒരു വ്യക്തിയായിരുന്നു തന്റെ ഭർത്താവെന്ന് തിരിച്ചറിയുകയും, പ്രശ്നങ്ങളിലൂടെ കടന്നുപോവുകയും, പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്യുന്ന സിനിമകഥയിലെ നായികയുടെ പോലെയായിരുന്നു പട്രീഷ്യയുടെ ജീവിതം. തൻ്റെ മക്കളെ പോറ്റുവാൻ മറീന ബീച്ചിലെ തിരക്കുള്ള ഒരു സ്ഥലത്ത്, വികലാംഗരായ രണ്ടു ജോലിക്കാരുടെ സഹായത്തോടെ ജ്യൂസും, ചായയും കച്ചവടം തുടങ്ങിയ അവർ പതുക്കെ ഐസ് ക്രീമും, സാൻഡ്‌വിച്ചും , ഉരുളക്കിഴങ്ങു വറുത്തതുമൊക്കെയായി വിപുലീകരിച്ചു. പിന്നീട് കാൻറ്റിനുകൾ ഏറ്റെടുത്ത്, നടത്തുവാൻ തുടങ്ങി.
ഉന്തുവണ്ടിയിൽ ചായ വിറ്റിരുന്നപ്പോൾ 50 പൈസ ഒരുദിവസം ലാഭം കിട്ടിയിരുന്ന സ്ഥലത്തുനിന്ന്, 2 ലക്ഷം വരെ ദിവസം ലാഭം കിട്ടുന്ന രീതിയിൽ പട്രീഷ്യ ബിസിനസ് സാമ്രാജ്യം വളർത്തി. ചെറിയ തുക ലാഭം കിട്ടിയിരുന്നപ്പോഴും, എങ്ങനെയും ബിസിനസ് വളർത്തുന്നതിനുള്ള അതിയായ ആഗ്രഹം പുതിയ കരാറുകൾ ഏറ്റെടുത്തു നടത്തുവാൻ അവരെ പ്രേരിപ്പിച്ചു. ജീവിത പ്രശ്നങ്ങളിൽനിന്നും കരകയറി സന്തോഷമായിരിക്കുന്ന സമയത്താണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം മകളുടെ മരണത്തിന്റെ രൂപത്തിൽ സംഭവിച്ചത്. അതിൽനിന്ന് ശ്രദ്ധ തിരിക്കുവാൻ കൂടുതൽ ബിസിനസ് വിപുലീകരിച്ചു. മകളുടെ പേരിലുള്ള സന്ദീപേ എന്ന ഭോജനശാല തമിഴ്‌നാട്ടിൽ പലസ്ഥലത്തും ആരംഭിക്കുവാൻ അവർക്കായി. പട്രീഷ്യയുടെ അക്ഷീണമായ പരിശ്രമവും, ധൈര്യവും മൂലം പുരസ്ക്കാരങ്ങൾ പലതവണ പട്രീഷ്യയെ തേടിവന്നു.