ADVERTISEMENT

കൊച്ചി∙ ഇൻഫോപാർക്കിൽ ഇനി സ്ഥലം ബാക്കിയില്ല, കെട്ടിടമില്ല. പുതിയ കമ്പനികൾ വന്നാൽ കൊടുക്കാൻ ഓഫിസ് സ്ഥലമില്ലാത്ത സ്ഥിതി. പാർക്കിന്റെ പുതിയ കെട്ടിടം  പണി തീർന്ന് ക്യൂവിൽ നിൽക്കുന്ന നിക്ഷേപകർക്ക് തുറന്നു കൊടുക്കാൻ രണ്ടര വർഷമെങ്കിലും കാത്തിരിക്കണം. പാർക്കിൽ ഓഫിസ് സ്ഥലം കാത്ത് 120ലേറെ കമ്പനികൾ ക്യൂവിലുണ്ട്. 

മറ്റു സംസ്ഥാനങ്ങളിൽ കാലുറപ്പിച്ച വൻകിട കമ്പനികൾ ഇവിടെ അന്വേഷണം നട‌ത്തി എ ഗ്രേഡിലുള്ള ‘ബിൽറ്റ്അപ് സ്പേസ്’ ലഭ്യമല്ലാത്തതിനാൽ പിൻവാങ്ങുകയാണ്.

കെ റെയിലിന്റെ സ്ഥലം ഐടിക്ക് വിട്ടുകിട്ടണം
ഇൻഫോപാർക്കിന് കൂടുതൽ സ്ഥലം ലഭ്യമാക്കാനോ പുതിയ കെട്ടിടം പണിയാനോ നടപടിയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫേസ് രണ്ടിൽ 36 ഏക്കർ സ്ഥലം വെറുതേ കിടക്കുമ്പോഴാണിത്. കെ റെയിൽ ആസ്ഥാനത്തിനെന്ന പേരിൽ അതു മരവിപ്പിച്ചിരിക്കുകയാണ്. 

ഫേസ് രണ്ടിലെ കെ റെയിലിന്റെ സ്ഥലം കുറച്ചെങ്കിലും ഐടിക്കായി വിട്ടുകിട്ടുകയാണ് താൽക്കാലിക പരിഹാരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അല്ലെങ്കിൽ ഇൻഫോപാർക്ക് ഫേസ് ത്രീക്ക് സ്ഥലം ഏറ്റെടുക്കണം. തിരുവനന്തപുരം ടെക്നോപാർക്കിന് ഫേസ് ത്രീ മാത്രമല്ല ഫേസ് ഫോറും (ടെക്നോസിറ്റി) വന്നിട്ടുണ്ട്. 

ലുലുവിന്റെ ടവറിൽ മാത്രം ബാക്കിയുള്ള സ്ഥലം മുഴുവനായി ഏറ്റെടുക്കാൻ പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയുമായി ചർച്ച നടക്കുന്നുണ്ട്. എല്ലാ കെട്ടിടങ്ങളിലുമായി 92 ലക്ഷം ചതുരശ്രയടി സ്ഥലമുള്ള പാർക്കിൽ 580 കമ്പനികളിലായി 70,000 പേർ ജോലി ചെയ്യുന്നു. 

വേൾഡ് ട്രേഡ് സെന്ററിലെ എല്ലാ നിലകളും നിറഞ്ഞു. ഐബിഎം ഏകദേശം 1000 പേരുമായി ഇവിടെയുണ്ട്. ജിയോജിത് അവരുടെ ആവശ്യത്തിനായി പുതിയ കെട്ടിടം നിർമിക്കുന്നതും യുഎസ്ടി ഗ്ലോബൽ അവരുടെ ക്യാംപസിനായി 9 ഏക്കർ ഏറ്റെടുത്തതുമാണ് പുതിയ നിക്ഷേപങ്ങൾ. 

പ്രഖ്യാപിക്കാതെ ഐടി നയം
ഐടി നയത്തിന്റെ കരട് മാസങ്ങൾക്കു മുൻപേ തയാറായെങ്കിലും ഇതുവരെ അന്തിമ രൂപമാക്കി മന്ത്രിസഭാ അംഗീകാരത്തോടെ പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ ഐടി പാർക്കുകളും  മറ്റും അതിനു ശേഷമാണു വരേണ്ടത്. സംസ്ഥാനത്തിന്റെ തന്നെ ഐടി വികസനമാണ് ഇതുമൂലം മുടങ്ങിയിരിക്കുന്നത്.

English Summary:

There are no new buildings and place in the infopark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com