ADVERTISEMENT

2018ലെ പ്രളയത്തെ ആസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രം ഓസ്കർ നേട്ടത്തിന്റെ പടിവാതിൽ വരെയെത്തി മടങ്ങി. എന്നാൽ ആ പ്രകൃതി ദുരന്തത്തിൽ നിന്ന് രൂപം കൊണ്ട ഒരു ബിസിനസ് സംരംഭം അതിന്റെ വിജയ'പ്പറക്കൽ' തുടരുകയാണ്. 

ചേർത്തല സ്വദേശികളായ രണ്ട്  സഹോദരീസഹോദരന്മാർ ആരംഭിച്ച ഫ്യുസലേജ്‌ ഇന്നോവേഷൻസ് എന്ന സ്റ്റാർട്ടപ്പ് കാർഷിക മേഖലയിലെ നവ സംരംഭങ്ങളിൽ ലോകശ്രദ്ധ നേടുകയാണ്. 

2018ലെയും 2019ലെയും തുടർ പ്രളയങ്ങൾ തങ്ങളുടെ വയലിലെ പോഷകങ്ങളുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളും അത് മൂലം വിളവിലുണ്ടായ വ്യതിയാനവും ശ്രദ്ധിച്ചതിൽ നിന്നാണ് ദേവൻ ചന്ദ്രശേഖരനും സഹോദരി  ദേവികയും ഫ്യുസലേജ്‌ എന്ന ആശയത്തിലേക്കെത്തുന്നത്. 2020ന്റെ മധ്യത്തിലാണ് കമ്പനി ആരംഭിച്ചത്. 

ഓരോ പ്രദേശത്തെയും ഭൂമിയുടെയും വിളകളുടെയും വൈവിധ്യമാർന്ന സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസൃതമായി, ഡ്രോൺ ഉപയോഗിച്ച് കൃഷി നിരീക്ഷിക്കുകയും വേണ്ട പരിഹാരങ്ങൾ ചെയ്യുകയുമാണ് ഫ്യുസലേജ്‌ പ്രധാനമായും ചെയ്യുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ (കെഎസ്‌യുഎം) കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സെൻ്ററിലാണ് കമ്പനി പ്രവർത്തിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലായി 6,500 കർഷകരുടെ ഉപഭോക്തൃ അടിത്തറ ഉണ്ടാക്കിയ സ്ഥാപനം കഴിഞ്ഞ വർഷം  യുകെ ഗവൺമെൻ്റിൻ്റെ ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടം കേരളം ആസ്ഥാനമായുള്ള കമ്പനിക്ക് യൂറോപ്പിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു. 

കർഷക കുടുംബം

“ഞങ്ങൾ കാർഷിക കുടുംബത്തിൽ നിന്നുള്ളവരാണ്. രണ്ട് വെള്ളപ്പൊക്കത്തിന് ശേഷം വിവിധ പ്രദേശങ്ങളിലെ വിളവിന്റെ രീതികളിൽ മാറ്റമുണ്ടായതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ വിളവ് വർധിച്ചപ്പോൾ മറ്റിടങ്ങളിൽ കുറഞ്ഞു. ഞങ്ങളുടെ സ്ഥലമായ ചേർത്തലയിൽ വിളവ് കുറയുന്നതായാണ് കണ്ടത്. ഈ മാറ്റങ്ങളെക്കുറിച്ച് പറയുന്ന ഒരു യുഎൻ റിപ്പോർട്ട് ഉണ്ടായിരുന്നു.  കർഷകരെ സഹായിക്കാൻ ഒരു ടെക് കമ്പനി എന്ന ആശയം ഈ സന്ദർഭത്തിലാണ് ഞങ്ങൾക്ക്  തോന്നിയത്,” എയറോനോട്ടിക്കൽ എഞ്ചിനീയറിങിൽ ബിരുദമുള്ള ദേവൻ പറഞ്ഞു. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറായ ദേവിക ഒരു സൗരോർജ കമ്പനിയുടെ ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ച ശേഷമാണ് സഹോദരനൊപ്പം ജോലിയിൽ പ്രവേശിച്ചത്. തങ്ങളുടെ വീട്ടിലെ ഡയറി ഫാം കൈകാര്യം ചെയ്തിരുന്ന അമ്മ അംബികയെ ഈ സംരംഭകത്വത്തിൻ്റെ പ്രചോദനമായി ഈ സഹോദരങ്ങൾ കരുതുന്നു.

ദേവനും ദേവികയും കേരള കാർഷിക സർവകലാശാലയുമായി ഈ ആശയം ചർച്ച ചെയ്യുകയും ആ സ്ഥാപനത്തിന്റെ സഹായത്തോടെ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ചെയ്തു. ഫ്യുസലേജിന്റെ  പ്രധാന ഉൽപ്പന്നങ്ങൾ രണ്ട് ഡ്രോണുകളാണ്. ഒന്ന് ഏരിയൽ പ്ലാൻ്റ് സർവേയ്ക്കും മറ്റൊന്ന് സ്പ്രേ ചെയ്യുന്നതിനുമുള്ളതാണ്. ഏക്കർ കണക്കിനോ സേവനത്തിനധിഷ്ഠിതമായോ ആണ് പ്രതിഫലം ഈടാക്കുന്നത്. കേരള അഗ്രോ മെഷിനറി കോർപ്പറേഷനുമായി ഫ്യുസലേജ് ഡീലർഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്.

എന്താണ് സേവനം?

ഫ്യുസലേജ് നൽകുന്ന സേവനത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. വിളകളുടെ നിരീക്ഷണത്തോടെയാണ് ഇത് ആരംഭിക്കുന്നത്. പിന്നീട് ഡ്രോൺ പകർത്തിയ ചിത്രങ്ങളുടെ രൂപത്തിലുള്ള ഡാറ്റ ചില എഐ ടൂളുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്നു. മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടം വിളകൾക്ക് ആവശ്യമായ ജൈവ നിയന്ത്രണ ഘടകങ്ങളുടെ പ്രയോഗമാണ്. കമ്പനി അതിന്റെ നിയന്ത്രിത സ്പോട്ട് ആപ്ലിക്കേഷൻ മോഡൽ ഉപയോഗിച്ച് കീടനാശിനികളുടെയും വിഭവങ്ങളുടെയും ഉപയോഗം കുറയ്ക്കാൻ കർഷകരെ സഹായിക്കുന്നു. “പലപ്പോഴും കർഷകർ മുഴുവൻ കൃഷിഭൂമിയിലും കീടനാശിനികളും മറ്റും പ്രയോഗിക്കുന്നത് കാണാം. ഇത് അനാവശ്യമാണ്. പരിഹാരങ്ങൾ ആവശ്യമുള്ള കൃത്യമായ മേഖലകൾ തിരിച്ചറിയാൻ ഞങ്ങളുടെ ഡാറ്റ അനലിറ്റിക്‌സ് അവരെ സഹായിക്കുന്നു,” ദേവൻ പറഞ്ഞു.

ആവശ്യമനുസരിച്ച് രൂപകൽപ്പന ചെയ്ത ഡ്രോണുകളുടെയും ആളില്ലാ വിമാനങ്ങളുടെയും (UAV) വിൽപ്പനയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് കമ്പനി. കേന്ദ്ര സർക്കാരിൻറെ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഡ്രോണുകൾ കമ്പനി ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. രാജ്യത്തെ ഡ്രോൺ വിപണിയിൽ ചൈനീസ് കമ്പനികൾ ആധിപത്യം പുലർത്തുമ്പോൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും തദ്ദേശീയമാണെന്ന് ദേവൻ അവകാശപ്പെടുന്നു.

കമ്പനിയുടെ ഉപഭോക്താക്കളിൽ കോർപ്പറേറ്റ് ഭീമൻമാരായ ഹാരിസൺ മലയാളം, സിന്തൈറ്റ് എന്നിവ ഉൾപ്പെടുന്നു. യുഎൻഡിപി ഗ്രീൻ ഇന്നൊവേഷൻ ഫണ്ടിൻ്റെ ഭാഗമായി മൂന്നാറിലെ ആദിവാസി മേഖലകളിൽ പ്രവർത്തിക്കാൻ കമ്പനിക്ക് അവസരം ലഭിച്ചു.

നേട്ടങ്ങളേറെ

ദേവനും ദേവികയും സ്വന്തം പണമുപയോഗിച്ച് തുടങ്ങിയ കമ്പനിക്ക് സർക്കാരുകളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും ഗ്രാൻ്റുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.  ഐഐഎം കാലിക്കറ്റിന്റെ ബിസിനസ്  ഇൻകുബേറ്റർ ആയ ഐഐഎം ലൈവ് ഉം കൊച്ചിൻ ഷിപ് യാര്‍ഡും  സംയുക്തമായി നൽകുന്ന സീഡ് ഫണ്ടിങ്ങിന്റെ രണ്ടാം ഘട്ടത്തിൽ 90 ലക്ഷം രൂപയോളം വരുന്ന സാമ്പത്തിക സഹായത്തിനു അർഹമായ മൂന്ന് സ്റ്റാർട്ടപ്പുകളിൽ ഫ്യുസെലജ് ഇന്നോവേഷൻസും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. രാജ്യത്തെ മുൻനിര എൻജിഓ ആയ സെൽകോ ഫൗണ്ടേഷൻറെ 16 ലക്ഷം രൂപയുടെ ഗ്രാൻറ് അടുത്തിടെ കമ്പനിക്ക് ലഭിച്ചിരുന്നു.  പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സമീപഭാവിയിൽ നിക്ഷേപങ്ങൾക്കായി കമ്പനി ശ്രമിക്കുന്നുണ്ട്. കമ്പനി ഇതിനകം തന്നെ പ്രാരംഭ വരുമാന ഘട്ടത്തിലാണെന്ന് ദേവൻ പറഞ്ഞു.

ദേവൻ മാനേജിങ് ഡയറക്ടറും ദേവിക ഡയറക്ടറുമാണ്. അതുൽ ചന്ദ്രനും യദു കൃഷ്ണനും അഭിജിത്ത് കുശലനും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ എൻ്റമോളജിസ്റ്റ് ഡോ ബെറിൻ പത്രോസ്, സി. എ ഗിരിശങ്കർ, സി-മെറ്റ് മേധാവി ഡോ എ സീമ എന്നിവരാണ് കമ്പനിയുടെ ഉപദേശകർ.

English Summary:

Know The Success Story of Fuselage Innovations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com