ADVERTISEMENT

അടുക്കളയിലെ ‘ഹാർഡ് വർക്കിന്റെ’ കാലം കഴിഞ്ഞു. ഇപ്പോൾ ‘സ്മാർട് വർക്കിന്റെ’ കാലമാണ്. അടുക്കള ജോലികൾ ആയാസരഹിതമാക്കാനും ആണിനും പെണ്ണിനും ഒരുമിച്ചു പാചകം ചെയ്യാനും സഹായിക്കുന്ന ഒട്ടേറെ ഇലക്ട്രോണിക് സംവിധാനങ്ങൾ അടുക്കള കീഴടക്കിത്തുടങ്ങിയിരിക്കുന്നു. പാചകവും വീടുവൃത്തിയാക്കലും പോലെ ഏറെ അധ്വാനം വേണ്ടിവന്ന ജോലികൾ ഒരു സ്മാർട് ടച്ച് വഴി ചെയ്യാമെന്നായി. 

ഇലക്ട്രിക് കുക്കറിൽ കഞ്ഞി മുതൽ കേക്ക് വരെ 
 

electric-cooker

സ്മാർട് അടുക്കളയിൽ ഇപ്പോൾ ഇലക്ട്രിക് കുക്കറാണ് താരം. സാധാരണ പ്രഷർ കുക്കറിനെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയും. ഡിജിറ്റൽ ടൈമർ സംവിധാനം ഉള്ളതിനാൽ പാചക ഷെഡ്യൂൾ നേരത്തെ സെറ്റ് ചെയ്തു വയ്ക്കാം. ഒട്ടേറെ ഫങ്‌ഷൻ ഓപ്ഷനുകൾ ഇവയിൽ പ്രോഗ്രാം ചെയ്തുവച്ചിട്ടുള്ളതിനാൽ വ്യത്യസ്തമായ ഭക്ഷണം തയാറാക്കാം. കഞ്ഞി മുതൽ കേക്ക് വരെ ഈ ഒറ്റ കുക്കറിൽ ഉണ്ടാക്കാൻ സാധിക്കുന്നതിനാൽ അടുക്കളയിൽ പല പാത്രങ്ങൾ സൂക്ഷിക്കുന്നതിന്റെ അസൗകര്യവും ഒഴിവാക്കാം. ഉയർന്ന ഊർജക്ഷമത, എക്സോസ്റ്റ് വാൽവ് ഉറപ്പാക്കുന്ന മികച്ച സുരക്ഷിതത്വം എന്നിവയും  ആകർഷണങ്ങളാണ്.  പ്രസ്റ്റീജ്, കെന്റ്, പീജിയൻ, ഹോക്കിൻസ്, ആമസോൺ ബ്രാൻഡ് ആയ സോളിമോ തുടങ്ങിയവയാണ് ഈ രംഗത്തെ പ്രമുഖ ബ്രാൻഡുകൾ. വില 2000 രൂപ മുതൽ.

ഇലക്ട്രിക് ചോപ്പറിൽ സവാള അരി... അരി... 

chopper

പച്ചക്കറികളും പഴങ്ങളും നുറുക്കിത്തരാൻ ഇലക്ട്രിക് ചോപ്പർ റെഡി. 250–500 ഗ്രാം അളവിൽ പച്ചക്കറികൾ നിമിഷനേരംകൊണ്ട് അരിഞ്ഞു തരും. പല പാറ്റേണുകളിൽ കട്ട് ചെയ്തെടുക്കാം. വളരെകുറഞ്ഞ വൈദ്യുതി ഉപയോഗം. ബോറോസിൽ, കെന്റ്, മോർഫി റിച്ചാഡ്സ്, പ്രസ്റ്റീജ് തുടങ്ങി ഒട്ടേറെ ബ്രാൻഡുകളുടെ ഇലക്ട്രിക് ചോപ്പറുകൾ ലഭ്യമാണ്. വില 1000 രൂപ മുതൽ. 

അടിക്കാനും തുടയ്ക്കാനും റോബോ 

robo

വീടുമുഴുവൻ ഓടിനടന്ന് തറ അടിച്ചുവാരി നനച്ചുതുടച്ച് ഉണക്കിത്തരുന്ന റോബോട്ടിക് വാക്വം ക്ലീനറുകൾക്ക് പ്രിയമേറുന്നു. വീടിന്റെ അരികും മൂലയുമൊക്കെ ഓടിനടന്ന് വൃത്തിയാക്കി അനുസരണയുള്ളൊരു നായ്ക്കുട്ടിയെപ്പോലെ ചാർജിങ് പോയിന്റിൽ ചെന്നിരുന്നുകൊള്ളും ഈ സ്മാർട് കുഞ്ഞൻ റോബോ. തറയും ഹാർഡ്‌വുഡും കാർപ്പെറ്റുമെല്ലാം തിരിച്ചറിഞ്ഞ് പ്രത്യേക ശ്രദ്ധയോടെ ജോലിചെയ്യാൻ കഴിയും. രാവിലെ ഓഫിസിൽ പോകുമ്പോൾ ക്ലീനിങ്ങിനുള്ള റൂട്ട് മാപ്പ് സെറ്റ് ചെയ്തുവച്ചാൽ സ്വന്തമായി ക്യാമറയും ലേസറുമുള്ള റോബോ സ്വയം നാവിഗേഷൻ നടത്തി വീടു വൃത്തിയാക്കിവയ്ക്കും. കുറഞ്ഞ ചാർജിങ് സമയവും കൂടുതൽ ബാറ്ററി ലൈഫുമാണ് പ്രത്യേകത.  വൈഫൈ കണക്ടിവിറ്റിയും മൊബൈൽ ആപ് കൺട്രോളുമുള്ള മോഡലുകളും വിപണിയിൽ ലഭ്യമാണ്.  ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റന്റ്  എന്നിവ മുഖേന വോയ്സ് കമാൻഡ് നൽകിയും റോബോയെ പണിയെടുപ്പിക്കാം. ഉയർന്ന സക്‌ഷൻ പവർ ഉള്ളതിനാൽ കട്ടിലിന്റെ അടിഭാഗമുൾപ്പെടെ ചൂലെത്താത്ത ഇടങ്ങൾപോലും റോബോ കയറിച്ചെന്നു ‘വെളുപ്പിക്കും’. പണി കഴിഞ്ഞാലും ചാർജ് തീർന്നാലും നമുക്ക് വോയ്സ് അലെർട്ട് നൽകാനും ഇവയ്ക്കു സാധിക്കും. എഐ ത്രീഡി ഒബ്ജക്ട് റെക്കഗ്നീഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് തറയുടെ സ്വഭാവവും പൊടിയുടെയും അഴുക്കിന്റെയും തീവ്രതതയുമനുസരിച്ച് പണിയെടുക്കാൻ ഇവയ്ക്കു സാധിക്കും. എക്കോവാക്സ്, യുറേക്ക ഫോബ്സ്, ഷഓമി എന്നിങ്ങനെ ഒട്ടേറെ  ബ്രാൻഡുകൾ  വിപണിയിൽ ലഭ്യമാണ്. 15000 രൂപയ്ക്കു മുകളിലേക്കാണ് വില. 

എയർ ഫ്രയറിൽ എണ്ണയില്ലാതെ ഫ്രൈ റെഡി 

air-frier

ഹെൽത്തി ഈറ്റിങ് തിരഞ്ഞെടുക്കുന്നവർക്ക് എയർ ഫ്രയർ ഏറെ ഉപകാരപ്രദമായിരിക്കും. എണ്ണയിൽ വറുത്തുംപൊരിച്ചും മാത്രം കഴിച്ചിരുന്ന നോൺവെജ് വിഭവങ്ങളും പഴംപൊരി പോലെയുള്ള പലഹാരങ്ങളും  എണ്ണ ഉപയോഗിക്കാതെ കോളസ്ട്രോൾ ഫ്രീ ആയി പാകം ചെയ്യാൻ എയർ ഫ്രയർ ഉപയോഗിക്കാം. അതിയായ ചൂടുള്ള എയർ ഉപയോഗിച്ചാണ് ഇതിൽ ഫ്രൈ വിഭവങ്ങൾ തയാറാക്കുന്നത്. വോയിസ് അസിസ്റ്റന്റ് സംവിധാനവും, വൺ ടച്ച് ഡിജിറ്റൽ പാനലും വൈഫൈ കണക്ടിവിറ്റിയും വരെയുള്ള സ്മാർട് എയർഫ്രയറുകൾ ഇന്ന് വിപണിയിലുണ്ട്. വറപൊരി വിഭവങ്ങളുണ്ടാക്കുമ്പോഴുള്ള ഗന്ധം ഇല്ലാതെതന്നെ പാകം ചെയ്യാൻ ഇവയ്ക്കു സാധിക്കുന്നതിനാൽ ഫ്ലാറ്റുകളിൽ ഇവയ്ക്കു പ്രിയമേറുകയാണ്. കൃത്യമായി സമയവും ചൂടും ക്രമീകരിച്ചു പാചകം ചെയ്യുന്നതിനാൽ അടിയിൽ പിടിക്കുമോ കരിഞ്ഞുപോകുമോ എന്ന ഭയവും വേണ്ട. 

ഫിലിപ്സ്, മോർഫി റിച്ചാഡ്സ്, ഷഓമി, ഫേബർ, ഹാവൽസ് തുടങ്ങിയവയാണ് ഈ രംഗത്തെ പ്രമുഖ ബ്രാൻഡുകൾ. വില 6000 രൂപ മുതൽ. 

സ്‌ലോ കുക്കർ; ലേറ്റ് ആയാലും ടേസ്റ്റിയാണ് 

slow-cooker

പാചകം ആസ്വദിച്ചു ചെയ്യുന്നവർക്കുള്ള മികച്ച ഓപ്ഷൻ ആയിരിക്കും സ്ലോ കുക്കർ. പേര് പോലെ തന്നെ ഏറെ നേരമെടുത്തായിരിക്കും സ്ലോ കുക്കർ പണിയെടുക്കുക. ബീഫ്, പോർക്ക്, ചിക്കൻ തുടങ്ങിയ നോൺവെജ് വിഭവങ്ങൾക്കാണ് സ്ലോ കുക്കർ പ്രധാനമായും ഉപയോഗിക്കുക. കുറഞ്ഞ താപനിലയിൽ കൂടുതൽ നേരമെടുത്തു പാകം ചെയ്യുന്നതിനാൽ ഇറച്ചിയുടെ സ്വാഭാവിക സ്വാദും പോഷകാംശവും  നിലനിർത്താൻ സാധിക്കും. വളരെ കുറച്ചു മാത്രം വൈദ്യുതി ഉപയോഗമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. രാത്രി ഉറങ്ങും മുൻപേ ടൈം സെറ്റ് ചെയ്ത് ഓൺ ആക്കി വച്ചാൽ രാവിലെ ഉണരുമ്പോഴേക്കും ഡിഷ് റെഡി. രാത്രി മുഴുവൻ ഒരു ബൾബ് ഓൺ ആക്കി വച്ചാലുള്ളത്ര വൈദ്യുതി ഉപയോഗമേ സ്‌ലോ കുക്കറിനു വേണ്ടിവരുന്നുള്ളൂ. മോർഫി റിച്ചാർഡ്സ്, ഹാമിൽട്ടൺ, ന്യൂട്രിഷെഫ് തുടങ്ങി വിവിധ ബ്രാൻഡുകൾ വിപണിയിലുണ്ട്. വില 3000 രൂപ മുതൽ. 

English Summary:

High-tech electronic systems that help in kitchen work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com