ADVERTISEMENT

ഇനി ലക്ഷ്യം റെക്കോർഡ്. നിഫ്‌റ്റി 22,000 പോയിന്റിനു മുകളിൽ അവസാനിച്ചതോടെ മന:ശാസ്‌ത്രപരമായ പ്രാധാന്യം കൽപിക്കാവുന്ന വലിയൊരു കടമ്പ വിപണിക്കു തുറന്നുകിട്ടിയിരിക്കുന്നു. ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ അൽപദൂരം പിന്നിടുകയേവേണ്ടൂ നിഫ്‌റ്റിക്കു സർവകാല ഔന്നത്യത്തിൽ വിജയപതാക ഉയർത്താൻ.

ചില്ലറ, മൊത്ത വിലകളെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കുകളിലെ ഇടിവ്, വ്യവസായ ഉൽപാദനത്തിലെ വളർച്ച, കോർപറേറ്റ് മേഖലയുടെ പ്രവർത്തന ഫലങ്ങളിലെ മികവ്, വിപണിയിലെ പണലഭ്യതയുടെ വർധിത നിലവാരം, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ തുടർച്ച സൂചിപ്പിക്കുന്ന രാഷ്‌ട്രീയ ഭാവി തുടങ്ങി നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണു സാഹചര്യങ്ങൾ. 

ഫെഡ് റിസർവിന്റെ പലിശ നയം 21ന്

വിപണിയുടെ മുന്നേറ്റത്തിന് അനുകൂലമെന്നു കരുതുന്ന ഈ സാഹചര്യങ്ങൾക്കിടയിലും ചില ആശങ്കകൾ അവഗണിക്കാനാവില്ല. അതിലൊന്ന് 21നു യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിക്കുന്ന പലിശ നിരക്കു സംബന്ധിച്ചുള്ളതാണ്. ആഗോളതലത്തിൽത്തന്നെ വിപണികളെ ആശങ്കയിലാഴ്‌ത്തുന്നതാണു ഫെഡ് റിസർവിന്റെ തീരുമാനത്തിനായുള്ള കാത്തിരിപ്പ്. ജപ്പാനിലെയും യുകെയിലെയും സമ്പദ്‌വ്യവസ്‌ഥ ദുർബലമാകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണു മറ്റൊരാശങ്കയ്‌ക്കു കാരണം. കോർപറേറ്റ് മേഖലയിൽനിന്നുള്ള മൂന്നാം പാദ പ്രവർത്തന ഫലങ്ങളുടെ പ്രവാഹം അവസാനിച്ചുകഴിഞ്ഞതിനാൽ വിപണിയുടെ ആകമാന മുന്നേറ്റത്തിന് ഊർജം നിലച്ചിരിക്കുകയല്ലേ എന്ന സംശയവും അവഗണിക്കാവുന്നതല്ല.

നിഫ്‌റ്റിക്ക് ഉറച്ച നിലവാരം

അനുകൂല സാഹചര്യങ്ങളും ആശങ്കകളും തമ്മിലുള്ള ഏറ്റുമുട്ടൽ ഓഹരി വില സൂചികകളുടെ വലിയ തോതിലുള്ള വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇടയാക്കാം.  നിഫ്‌റ്റി ഇപ്പോൾ 21,800 – 22,000 പോയിന്റുകൾക്കുള്ളിൽ ദൃഢതയാർജിച്ചിരിക്കുകയാണ്.  ആ അതിർത്തികൾ ഭേദിക്കപ്പെടുമോ എന്നാണു കണ്ടറിയേണ്ടത്.

കനറ ബാങ്ക് ഓഹരി വിഭജിക്കുന്നു

പൊതു മേഖലയിലെ വലിയ ബാങ്കുകളിലൊന്നായ കനറ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഓഹരി വിഭജനം പരിഗണിക്കാൻ 26നു യോഗം ചേരുന്നു. 10 രൂപ  മുഖവിലയുള്ള ഓഹരികളാണു വിഭജിക്കുന്നത്. 2017ൽ ബാങ്ക് അവകാശ ഓഹരികൾ പുറപ്പെടുവിച്ചിരുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് അവകാശ ഓഹരി

ഓഹരി ഉടമകൾക്ക് അവകാശാടിസ്‌ഥാനത്തിൽ ഓഹരികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നിശ്‌ചയിക്കുന്നതിനു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബോർഡ് യോഗം 21നു ചേരും. ‘റൈറ്റ്‌സ് ഇഷ്യു’വിനു സ്വീകരിക്കേണ്ട അനുപാതം, അവകാശ ഓഹരിയുടെ വില, അപേക്ഷകൾക്കുള്ള സമയ പരിധി, അർഹത നിർണയത്തിനുള്ള റെക്കോർഡ് തീയതി എന്നിവ സംബന്ധിച്ചാണു തീരുമാനമെടുക്കുക.

എക്‌സ് ഡേറ്റ് ഓഹരികൾ

ലാഭവീതം പ്രഖ്യാപിച്ചിട്ടുള്ള പല കമ്പനികളുടെയും ഓഹരികൾ ഈ ആഴ്‌ച എക്‌സ് ഡേറ്റാകും. 

∙ നാളെ എക്‌സ് ഡേറ്റാകുന്ന ഓഹരികൾ: കോൾ ഇന്ത്യ, പവർ ഫിനാൻസ് കോർപറേഷൻ, അപ്പോളോ ഹോസ്‌പിറ്റൽസ്, സെയിൽ, അരബിന്ദോ ഫാർമ, ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ്.

∙ 21ന്: എംആർഎഫ്.

∙ 23ന്: ബോഷ്, ഭാരത് ഫോർജ്, നാഷനൽ അലുമിനിയം.

English Summary:

Market preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com