ADVERTISEMENT

കൊച്ചി: 120 രാജ്യങ്ങളിലെ മത്സരാർഥികൾ, സംഘാടക പ്രതിനിധികളും മറ്റു സന്നാഹങ്ങളും ഉൾപ്പെടെയുള്ള ടീമംഗങ്ങൾ; ലോകം ഇന്ത്യയിൽ വിരുന്നെത്തിക്കഴിഞ്ഞു.  71–ാം മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന് ഇന്നലെ ന്യൂഡൽഹിയിൽ ഔദ്യോഗികമായി അരങ്ങൊരുങ്ങിയതോടെ ഇനിയുള്ള മൂന്നാഴ്ചകളിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധാകേന്ദ്രമാകുക ‘ഇൻക്രെഡിബിൾ ഇന്ത്യ’യുടെ വിസ്മയക്കാഴ്ചകൾ. 

വളരുന്ന സാമ്പത്തികശക്തിയായി ലോകരാജ്യങ്ങൾക്കു മുമ്പിൽ കരുത്താർജിക്കുന്ന ഇന്ത്യയുടെ ബ്രാൻഡ് ഇമേജിന് കുതിപ്പേകുന്നതാകും ഈ ആഗോള മത്സരത്തിന്റെ ആതിഥേയത്വം. കഴിഞ്ഞവർഷം യുഎഇയിൽ നടക്കേണ്ട മത്സരം അപ്രതീക്ഷിതമായാണ് ഇന്ത്യയിലേക്കു മാറ്റിയത്. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലും മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലുമായാണ് മത്സരത്തിന്റെ വിവിധഘട്ടങ്ങൾ. മാർച്ച് 9ന് മുംബൈയിൽ ഫിനാലെ. ടെലിവിഷൻ എന്റർടെയ്ൻമെന്റ് രംഗത്തു ശ്രദ്ധേയരായ ബാനിജെയ് ഗ്രൂപ്പിനു കീഴിലുള്ള എൻഡമോൾഷൈൻ ഇന്ത്യയാണ് മിസ് വേൾഡ് മത്സരത്തിന്റെ ഇന്ത്യയിലെ പങ്കാളികൾ. 

missworld2

മാറിയ സാഹചര്യം; കൈനീട്ടി ഇന്ത്യ
1996ൽ ആദ്യമായി മിസ് വേൾഡ് മത്സരം ഇന്ത്യയിലെത്തിക്കുമ്പോൾ സംഘാടകരുടെ കൈപൊള്ളിച്ച അനുഭവമാണ് കാത്തിരുന്നത്. വലിയൊരു മത്സരത്തിന് ബെംഗളൂരു പോലൊരു നഗരത്തിൽ വേദിയൊരുക്കിയതും വിവിധ കേന്ദ്രങ്ങളിൽ നേരിട്ട വ്യാപക പ്രതിഷേധവും തിരിച്ചടിയായി. സ്വിംസ്യൂട്ട് മത്സര വേദി വിദേശത്തേക്കു മാറ്റേണ്ടിവന്നതിനുൾപ്പെടെ, പരിപാടിക്കായി വൻതോതിൽ മുതൽമുടക്കിയത് പ്രധാന സംഘാടകരായ എബിസിഎൽ കമ്പനിയെയും ഉടമ അമിതാഭ് ബച്ചനെയും തകർച്ചയിലെത്തിച്ചു. ഏതാണ്ട് 90 കോടി രൂപയുടെ കടക്കെണിയാണ് അന്ന് ബച്ചൻ നേരിട്ടത്. 

28 വർഷത്തെ ഇടവേളയ്ക്കു ശേഷം ‘ലോകസുന്ദരി മത്സരം’ തിരിച്ചെത്തുമ്പോൾ, മത്സരത്തിന്റെ ചട്ടക്കൂട് മാത്രമല്ല (സ്വിം സ്യൂട്ട് മത്സരം 2015ൽ ഒഴിവാക്കി), ഇന്ത്യൻ സാഹചര്യങ്ങളും ഏറെ മാറി. ഇന്ത്യൻ ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ (ഐടിഡിസി) നേരിട്ടുള്ള സഹകരണത്തോടെ ‘ലോകമാമാങ്കത്തെ ഇന്ത്യ വരവേൽക്കുന്നു’ എന്നു ബ്രാൻഡ് ചെയ്താണ് ഇത്തവണ രാജ്യം വേദിയൊരുക്കുന്നത്. ‘ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും വിസ്മയക്കാഴ്ചകളും ലോകത്തെ അമ്പരപ്പിക്കും’ എന്ന വാക്കുകളോടെയാണ് മിസ് ഇന്ത്യ സിനി ഷെട്ടി, സഹ മത്സരാർഥികളെ സ്വാഗതം ചെയ്തതും.

വിപണിക്കു കരുത്ത്
എത്ര വലിയ ആഗോള ഇവന്റും കൈകാര്യം ചെയ്യാനാകുമെന്ന് ഇന്ത്യ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന ജി20 സമ്മിറ്റും, മുംബൈയിൽ നിത മുകേഷ് അംബാനി കൾചറൽ സെന്ററിന്റെ ഉദ്ഘാടനവും ആഗോള ഫാഷൻ ബ്രാൻഡ് ‘ഡയർ’ ഫാഷൻഷോ നടത്താൻ ഗേറ്റ് വേ ഓഫ് ഇന്ത്യ വേദിയാക്കിയതും രാജ്യത്തിന്റെ സാധ്യതകളെ ലോകത്തിനു മുന്നിൽ തുറന്നിടുന്നു. ഏത് ആഗോള ഇവന്റിനും പരിഗണിക്കാവുന്ന ഡെസ്റ്റിനേഷനായി ഇന്ത്യ മാറുകയാണ്.

missworld1

വിവിധ ബ്രാൻഡുകളുടെ സഹകരണങ്ങളും മാർക്കറ്റിങ്ങും ഉൾപ്പെടുന്ന മത്സരത്തിൽ ഓരോ മത്സരാർഥിയും പ്രതിഫലിപ്പിക്കുക കേവലം സൗന്ദര്യമല്ല, വ്യാപാര സാധ്യതകൾ കൂടിയാണ്. മിസ് വേൾഡ് മത്സാർഥി യാത്രയിൽ കൊണ്ടുവരുന്ന ട്രോളിബാഗ് ഉൾപ്പെടെ ഓരോ ചലനങ്ങളിലും വിപണിയുടെ പരസ്യസാന്നിധ്യമുണ്ട്. രാജ്യത്തെ ഹോസ്പിറ്റാലിറ്റി, ട്രാൻസ്പോർട്ടേഷൻ, എന്റർടെയ്ൻമെന്റ്, പ്രാദേശിക വിപണി വിഭാഗങ്ങൾക്കു പരോക്ഷമായി കരുത്തേകുന്നതാകും മിസ് വേൾഡ് മത്സരത്തിന്റെ ആതിഥേയത്വം. 

അഴകളവുകളല്ല, ഉദ്ദേശലക്ഷ്യമാണ് (ബ്യൂട്ടി വിത് എ പർപസ്) അന്തസത്തയെന്ന് വ്യക്തമാക്കി, വിവിധ രാജ്യങ്ങളിലെ സുന്ദരിമാർ ഏറ്റെടുത്തു നടത്തുന്ന ചാരിറ്റി പ്രോജക്ടുകളാണ് മിസ് വേൾഡ് മത്സരത്തിൽ നിർണായകമാകുന്നത്. 2016 മിസ് വേൾഡ് മാനുഷി ഛില്ലറിന്റെ ‘ഗ്രാമീണസ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ’ ലഭ്യമാക്കുന്ന പദ്ധതി ശ്രദ്ധനേടിയിരുന്നു. 

English Summary:

India To Host 71st Miss World pageant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com