വിലക്കയറ്റം: ലക്ഷ്യം നേടാൻ ഉയർന്ന പലിശനിരക്ക് വേണ്ടെന്ന് ജയന്ത് ആർ.വർമ

Mail This Article
ന്യൂഡൽഹി∙ വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) യോഗത്തിലെ അംഗവും മലയാളിയുമായ പ്രഫ.ജയന്ത് ആർ.വർമ.
2023 ഫെബ്രുവരിക്കു ശേഷം ആദ്യമായി 0.25% പലിശ കുറയ്ക്കണമെന്ന് ഇക്കഴിഞ്ഞ എംപിസി യോഗത്തിൽ ആവശ്യപ്പെട്ട ഏക വ്യക്തിയാണ് ജയന്ത്. മറ്റ് 5 അംഗങ്ങളും നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
ചാലക്കുടി സ്വദേശിയായ ജയന്ത് അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറാണ്. എട്ടിന് അവസാനിച്ച എംപിസി യോഗത്തിന്റെ മിനിട്സിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
വിലക്കയറ്റ തോത് 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഇതിന് നിലവിലെ 6.5% എന്ന റീപ്പോ നിരക്ക് ആവശ്യമില്ലെന്നാണ് ജയന്ത് സമിതിയിൽ ഉന്നയിച്ചത്. വിലക്കയറ്റ ലക്ഷ്യത്തിനൊപ്പം സാമ്പത്തിക വളർച്ചയും ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രതീതി എംപിസി നൽകണമെന്നും അദ്ദേഹം ശുപാർശ ചെയ്തു.