സപ്ലൈകോ കുടിശിക: ബിൽ ഡിസ്കൗണ്ടിങ്ങിന് വഴങ്ങാതെ വിതരണക്കാർ
Mail This Article
തിരുവനന്തപുരം ∙ സപ്ലൈകോയ്ക്കു സാധനങ്ങൾ നൽകിയതിനുള്ള 1000 കോടിയിൽപരം രൂപയുടെ കുടിശികയിൽ ഒരു ഭാഗം ബിൽ ഡിസ്കൗണ്ടിങ് സമ്പ്രദായം വഴി നൽകാനുള്ള ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നീക്കത്തോട് അനുകൂലമായി പ്രതികരിക്കാതെ വിതരണ കമ്പനികൾ.
ആയിരത്തിൽപരം കോടി രൂപയുടെ നിലവിലെ കുടിശിക തീർക്കാതെ സാധനങ്ങൾ നൽകാൻ പ്രയാസമാണെന്നും വിതരണ കമ്പനികൾ സപ്ലൈകോയെ അറിയിച്ചു. സർക്കാർ ഗ്യാരന്റിയിൽ ധനകാര്യസ്ഥാപനങ്ങളിൽ നിന്നു വായ്പ ലഭ്യമാക്കുകയും ആദ്യ മൂന്നു മാസത്തെ പലിശ വിതരണക്കാർ നൽകണമെന്നും തുടർന്നുള്ള പലിശ സർക്കാർ നൽകുമെന്നുമുള്ള ബിൽ ഡിസ്കൗണ്ടിങ് വാഗ്ദാനമാണു സപ്ലൈകോ മുന്നോട്ടുവച്ചത്. എന്നാൽ, ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ വിതരണക്കാർ സംശയം പ്രകടിപ്പിച്ചു.
സബ്സിഡി സാധനങ്ങൾ ലഭിക്കാൻ സപ്ലൈകോ ടെൻഡർ ക്ഷണിച്ചെങ്കിലും വിതരണക്കാർ പങ്കെടുക്കാത്തതിനാൽ ചൊവ്വാഴ്ച തുറക്കേണ്ട ടെൻഡർ റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് വിതരണക്കാരുമായി സപ്ലൈകോ അധികൃതർ നടത്തിയ ചർച്ചയിലാണ് വാഗ്ദാനമുണ്ടായത്. സബ്സിഡി സാധനങ്ങളുടെ പുതിയ വില പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ടെൻഡറിൽ പങ്കെടുക്കണമെന്ന് ആവർത്തിച്ച് സപ്ലൈകോ ആവശ്യപ്പെട്ടെങ്കിലും വിതരണക്കാർ വഴങ്ങിയിട്ടില്ല. വരും ദിവസങ്ങളിലും ചർച്ചകൾ നടന്നേക്കും.