ADVERTISEMENT

സംസ്ഥാനത്തെ ആരോഗ്യസേവന മേഖലയില്‍ മുന്‍നിരയിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് തിരുവനന്തപുരത്തും കാസര്‍ഗോഡും വികസനപദ്ധതികള്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മൂവായിരത്തിലേറെ രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കും. കേരളത്തിലെ വികസനപദ്ധതികള്‍ക്കായി 1000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയുടെ 40 ഏക്കര്‍ കാമ്പസില്‍ ഫിസിക്കല്‍ മെഡിസിനും പുനരധിവാസത്തിനും പ്രത്യേക ബ്ലോക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായും ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന 15 ആശുപത്രികളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ വിവിധ വിഭാഗങ്ങളുടെ സേവനം പ്രത്യേകം ലഭ്യമാണ്.

പുതിയ പദ്ധതികൾ

അടുത്ത വർഷം 350 ബെഡ്ഡുകളുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ് പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്ത് നിര്‍മിക്കുന്ന ആശുപത്രിയില്‍ 500 കിടക്കകളാണുണ്ടാകുക. 2026ല്‍ തലസ്ഥാനത്തെ ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ഇവയ്ക്ക് പുറമെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലും കണ്ണൂരും കോഴിക്കോടും കോട്ടയ്ക്കലുമുള്ള ആസ്റ്റര്‍ മിംസ് ആശുപത്രികളിലും 100 കിടക്കകള്‍ വീതം കൂടുതലായി ഉള്‍പ്പെടുത്തും. കൂടാതെ സ്വന്തം പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ 80 ശതമാനവും സൗരോര്‍ജത്തില്‍ നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതിയ്ക്കും കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് തുടക്കമിടുന്നു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരാശുപത്രി ശൃംഖല ഇത്രയും വലിയ തോതില്‍ സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നത്.

aster

5000 തൊഴിലവസരം

പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തില്‍ മാത്രം ആസ്റ്റര്‍ ഹോസ്പിറ്റല്‍സിലൂടെ ആരോഗ്യസേവന രംഗത്ത് അയ്യായിരം തൊഴിലവസരങ്ങള്‍ ലഭ്യമാകും. കഴിവും വൈദഗ്ധ്യവുമുള്ള യുവാക്കള്‍ അവസരങ്ങള്‍ തേടി രാജ്യം വിട്ടുപോകുന്നതിന് പകരം നാട്ടില്‍ തന്നെ അവര്‍ക്ക് ആവശ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഇത് ശക്തി പകരും. നിലവില്‍ വിവിധ വിഭാഗങ്ങളിലായി 15,000 ലധികം പേര്‍ കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. കേരളത്തിലാകെ 175 ആസ്റ്റര്‍ ലാബുകളും 86 ഫാര്‍മസികളും നിലവിലുണ്ട്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇത് 250 ആയി ഉയര്‍ത്തും. ആസ്റ്ററിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍, ഹോം കെയര്‍ എന്നീ സംവിധാനങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

അടുത്തിടെ ബ്രിട്ടനിലുള്ള എന്‍.എച്ച്.എസ് ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്‌ഷെയറുമായി ആസ്റ്റര്‍ മെഡ്സിറ്റി കരാറൊപ്പിട്ടിരുന്നു. ബ്രിട്ടീഷ് ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ലോകോത്തര നിലവാരമുള്ള പരിശീലനവും അക്കാദമിക വളര്‍ച്ചയും ലഭ്യമാക്കുന്ന പരിപാടിയാണിത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പരിശീലനം നേടുന്ന ഡോക്ടര്‍മാര്‍ക്ക് പ്രൊഫഷണല്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക് അസസ്‌മെന്റ് ബോര്‍ഡിന്റെ (PLAB) കടമ്പയില്ലാതെ നേരിട്ട് യുകെയിലുള്ള തെരെഞ്ഞെടുത്ത എന്‍.എച്ച്.എസ് ആശുപത്രികളില്‍ ജൂനിയര്‍, സീനിയര്‍ തസ്തികകളില്‍ ജോലിക്ക് പ്രവേശിക്കാമെന്നതാണ് പ്രത്യേകത.

കേരളത്തെ മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് പങ്കുവഹിച്ചിട്ടുണ്ട്. ഈ രംഗത്ത് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി കൈവരിച്ച നേട്ടങ്ങള്‍ എടുത്തുപറയേണ്ടതാണെന്ന് ആസ്റ്റര്‍ മെഡ്സിറ്റി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ധന്യ ശ്യാമളന്‍ പറഞ്ഞു. ലോകത്തെവിടെയുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ആസ്റ്റര്‍ ആശുപത്രികളില്‍ സ്വീകാര്യമാണ്. അതുവഴി ലോകത്തെവിടെയുള്ളവര്‍ക്കും മികച്ച ചികിത്സ കേരളത്തില്‍ ലഭ്യമാകുന്നുവെന്ന് അവർ കൂട്ടിചേർത്തു.

English Summary:

Expansion Plans of Aster Hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com