ADVERTISEMENT

ന്യൂഡൽഹി∙ ഇനി 10 കിലോവാട്ട് വരെയുള്ള പുരപ്പുറ സോളർ പദ്ധതിക്ക് അപേക്ഷിക്കുമ്പോൾ വിതരണക്കമ്പനികളുടെ സാങ്കേതികപരിശോധന (ടെക്നിക്കൽ ഫീസിബിലിറ്റി സ്റ്റഡി) ഉണ്ടാവില്ല. പുരപ്പുറ പദ്ധതി കൂടുതൽ ജനകീയമാക്കാനാണ് തീരുമാനം.

2020ലെ വൈദ്യുതി ഉപഭോക്തൃ അവകാശ ചട്ടം കേന്ദ്രം ഭേദഗതി ചെയ്തു. 10 കിലോവാട്ടിനു മുകളിലുള്ള പ്ലാന്റുകളുടെ പരിശോധന 15 ദിവസത്തിനകം നടത്തണം. മുൻപ് 20 ദിവസമായിരുന്നു. വൈകിയാൽ അനുമതി നൽകിയതായി കണക്കാക്കും. പദ്ധതി കമ്മിഷൻ ചെയ്യാനുള്ള സമയം 30 ദിവസമായിരുന്നത് 15 ആയി കുറച്ചു. 5 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ ട്രാൻസ്ഫോമറിന്റെ ശേഷി വർധിപ്പിക്കേണ്ടി വന്നാൽ അതിന്റെ ചെലവ് വിതരണക്കമ്പനി വഹിക്കണം.

കണക‍്ഷൻ അതിവേഗം

രാജ്യമാകെ പുതിയ വൈദ്യുതി കണക‍്ഷൻ ലഭ്യമാക്കാനുള്ള സമയപരിധി പകുതിയാക്കി കുറച്ചു. മുനിസിപ്പൽ പ്രദേശങ്ങളിൽ 15 ദിവസമായിരുന്നത് 7 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 30 ദിവസമെന്നത് 15 ദിവസമായും കുറച്ചു. മെട്രോ നഗരങ്ങളിൽ 7 ദിവസമായിരുന്നത് മൂന്നായി കുറച്ചു. ഇത് പരമാവധി സമയപരിധിയാണ്. ഇതിനകത്തുനിന്നുകൊണ്ട് അതതു സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്കു സമയപരിധി നിശ്ചയിക്കാം.

വ്യക്തികളോ ഹൗസിങ് സൊസൈറ്റികളോ അപേക്ഷിച്ചാൽ ഇലക്ട്രിക് വാഹനചാർജിങ്ങിനു പ്രത്യേക കണക‍്ഷൻ ലഭിക്കും. വൈദ്യുതി മീറ്ററിലെ റീഡിങ് സംബന്ധിച്ച് ഉപയോക്താവിന് പരാതിയുണ്ടെങ്കിൽ 5 ദിവസത്തിനകം രണ്ടാമതൊരു മീറ്റർ സ്ഥാപിച്ച് വൈദ്യുതി ഉപയോഗം പരിശോധിച്ച് ഉറപ്പാക്കണം. കുറഞ്ഞത് 3 മാസമെങ്കിലും ഈ മീറ്റർ വച്ച് പരിശോധന നടത്തണം.

ഹൗസിങ് സൊസൈറ്റികളിലും, റസിഡൻഷ്യൽ കോളനികളിലും സിംഗിൾ പോയിന്റ് കണക‍്ഷൻ വേണോ അതോ വ്യക്തിഗത കണക‍്ഷനുകൾ വേണോയെന്ന് വിതരണകമ്പനി വോട്ടെടുപ്പിലൂടെ തീരുമാനിക്കും. 50 ശതമാനത്തിലേറെയാളുകളുടെ വോട്ടിനെ ആശ്രയിച്ചായിരിക്കും തീരുമാനം. അപ്പാർട്മെന്റ് സമുച്ചയത്തിനു മൊത്തമായി ഒരു കണക‍്ഷൻ എടുത്ത ശേഷം പ്രീപെയ്ഡ് മീറ്ററുകൾ വച്ച് ഓരോ അപ്പാർട്മെന്റിനും വൈദ്യുതി നൽകുന്നതാണ് സിംഗിൾ പോയിന്റ്കണക‍്ഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com