@paytm യുപിഐ ഐഡികൾ പുതിയ ബാങ്കിലേക്ക് മാറും
Mail This Article
ന്യൂഡൽഹി∙ പേയ്ടിഎം ബാങ്കിനെതിരെയുള്ള നടപടിയെത്തുടർന്ന് @paytm എന്നവസാനിക്കുന്ന യുപിഐ ഐഡികൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ഇതോടെ @paytm ഐഡികൾ ഉപയോഗിക്കുന്നവരുടെ ഐഡികൾ മാർച്ച് 15നു ശേഷം പുതിയ പേരിലേക്ക് മാറിയേക്കും. ഉദാഹരണത്തിന് shyam1234@paytm എന്ന ഐഡിയുടെ അവസാന ഭാഗത്തിൽ മാറ്റം വന്നേക്കും.
നിലവിലെ ഉപയോക്താക്കളെ പുതിയ ഐഡിയിലേക്ക് മാറ്റുന്നതുവരെ @paytm എന്ന ഐഡിയുമായി പുതിയ യുപിഐ റജിസ്ട്രേഷനുകൾ നൽകരുതെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്. പേയ്ടിഎം യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. യുപിഐ ഹാൻഡിലുകൾ വഴിയുള്ള പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാനും യുപിഐ ബിസിനസ് ചില കമ്പനികളിൽ മാത്രമായി കേന്ദ്രീകരിക്കാതിരിക്കാനുമാണ് തീരുമാനം. പേയ്ടിഎമിന് ബാങ്ക്, വോലറ്റ് ലൈസൻസുകൾ ഉണ്ടായിരുന്നതിനാലാണ് @paytm എന്ന ഐഡിയുണ്ടായിരുന്നത്. ഗൂഗിൾപേയിലടക്കം മറ്റ് ബാങ്കുകളുടെ സഹായത്തോടെയാണ് യുപിഐ ഐഡികൾ (ഉദാ: okicici, oksbi) നൽകുന്നത്. പേയ്ടിഎം ബാങ്കിനെതിരെ നടപടി വന്നതിനാൽ ഇവർക്കും മറ്റ് ബാങ്കുകളുടെ സഹായത്തോടെ മാത്രമേ ഇനി യുപിഐ ഐഡികൾ നൽകാനാവൂ.