ADVERTISEMENT

നാല് എഞ്ചിനീയറിങ് ബിരുദധാരികൾ ഒരു കമ്പനി ആരംഭിക്കാൻ തീരുമാനിച്ചു. ഇലക്ട്രിക് ബൈക്ക് നിർമ്മിക്കുക എന്നതായിരുന്നു അവരുടെ പ്ലാൻ. സ്ഥിരം പശ്ചാത്തലവും കഥാപാത്രങ്ങളുമുള്ള ഒരു സാധാരണ സ്റ്റാർട്ടപ്പ് സ്റ്റോറി പോലെ തോന്നുന്നുണ്ടോ? ഇല്ല, കോഴിക്കോട് ആസ്ഥാനമായുള്ള ചാർജ്മോഡിന്റെ (chargeMOD) കഥ അല്പം വ്യത്യസ്തമാണ്. ഒന്നാമത്, അവർ അവരുടെ സ്വപ്ന ബൈക്ക് ഉണ്ടാക്കിയില്ല. പകരം, ഇലക്ട്രിക്ക്-വാഹനങ്ങൾക്ക് അനിവാര്യമായ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അവർ തീരുമാനിച്ചു.

ആ തീരുമാനം തികച്ചും ശരിയായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ 10 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനകം ടേണോവർ 8.2 കോടി രൂപ കടന്നു കഴിഞ്ഞു. 2022-23 ൽ കമ്പനി നേടിയ 2.4 കോടി രൂപയുടെ വിറ്റുവരവിൽ നിന്നുള്ള വലിയ കുതിച്ചുചാട്ടമാണിത്.

chargemodd1

2019ൽ പ്രവർത്തനമാരംഭിച്ച സ്റ്റാർട്ടപ്പിന് നിലവിൽ 10 സംസ്ഥാനങ്ങളിലായി 2,300ലധികം ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖലയുണ്ട്. അതിവേഗം വളരുന്ന ഇവി വിപണിയായ കേരളത്തിൽ കമ്പനിക്ക് 135 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും 1,200 സ്ലോ ചാർജിങ് സ്റ്റേഷനുകളും ഉണ്ട്. ഇലക്ട്രിക്ക് ഓട്ടോകൾക്ക് പൊതുവായ ചാർജിങ്ങ് സേവനമൊരുക്കുന്ന കേരളത്തിലെ ഒരേയൊരു സംരംഭം ചാർജ്മോഡാണ്. ചാർജിങ് സ്റ്റേഷനുകൾക്കായി ഒരു തദ്ദേശീയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്ത കേരളത്തിലെ ആദ്യത്തെ കമ്പനി കൂടിയാണിത്.

എം രാമനുണ്ണി, വി അനൂപ്, അദ്വൈത് സി, ക്രിസ് തോമസ് എന്നിവർ കോഴിക്കോട് ഗവൺമെൻ്റ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിരുദം നേടി ഒരു വർഷത്തിന് ശേഷമാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.

ഇതുവരെ, ചാർജ്മോഡ് ശൃംഖല 2 ലക്ഷത്തിലധികം തവണ ചാർജിങ്ങിന് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.  ഇതിൻ്റെ ഫലമായി 995 ടൺ ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ തടയാൻ കഴിഞ്ഞെന്നാണ് കമ്പനി കണക്കാക്കുന്നത്. 

chargemodd3

കേരളത്തിൽ ഇവി ചാർജിങ് യൂണിറ്റുകൾ നിർമ്മിക്കുന്ന ഏക കമ്പനിയാണ് ചാർജ്മോഡെന്ന് കമ്പനി സിഇഒ രാമനുണ്ണി പറഞ്ഞു. “പക്ഷെ, ഞങ്ങളുടെ ചാർജിങ് സ്റ്റേഷനുകളൊന്നും ഞങ്ങളുടെ ഉടമസ്ഥതയിലല്ല. ഞങ്ങൾ പ്രധാനമായും അസറ്റ് ലൈറ്റ് മോഡലാണ് പിന്തുടരുന്നത്. ഉചിതമായ സ്ഥലമുള്ള ആളുകളെ ഞങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഒന്നുകിൽ ഭൂവുടമയ്ക്ക് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ നേരിട്ട് പണം മുടക്കാം. അല്ലെങ്കിൽ പുറത്തു നിന്നുള്ള നിക്ഷേപകരുമായി സഹകരിച്ച് വരുമാനം പങ്കിടാം. യൂറോപ്പിലേക്കും യുഎഇയിലേക്കും ഞങ്ങളുടെ ഹാർഡ്‌വെയർ കയറ്റുമതി ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 200 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിച്ച് കമ്പനി പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. 120 കിലോവാട്ട് മുതൽ 340 കിലോവാട്ട് വരെ ശേഷിയുള്ള അൾട്രാ ഫാസ്റ്റ് ചാർജറുകൾ ഇന്ത്യയിലുടനീളം സ്ഥാപിക്കുക എന്നതാണ് അവരുടെ അടുത്ത പ്രധാന ഉദ്യമം.

ചാർജ്മോഡിന്റെ ഇവി ചാർജിങ് ആപ്പ് ചാർജിങ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും ചാർജിങ് ആരംഭിക്കാനും പുരോഗതി നിരീക്ഷിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നു. 

chargemodd2

വ്യവസായ ഭീമൻമാരുമായി സഹകരണം

വൈദ്യുത വ്യവസായ രംഗത്തെ പ്രമുഖരുമായി ചാർജ്മോഡ് സഹകരിക്കുന്നുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ കീഴിൽ ഇൻകുബേറ്റ് ചെയ്യുന്ന ബിപിഎം പവർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഒരു സബ്സിഡിയറി എന്ന നിലയിൽ, ചാർജ്മോഡ് വ്യവസായ ഭീമൻമാരായ ലാർസൻ ആൻഡ് ടൂബ്രോ, മുരുഗപ്പ ഗ്രൂപ്പ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, അനെർട്ട്, ടിവിഎസ് മോട്ടോഴ്സ്, ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, പെർസിസ്റ്റൻ്റ് സിസ്റ്റംസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ടാറ്റ പവർ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ്, എനർജി മാനേജ്‌മെൻ്റ് സെൻ്റർ, കെൽട്രോൺ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, പെർസിസ്റ്റൻ്റ് സിസ്റ്റംസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. 

നിരവധി അംഗീകാരങ്ങൾ

2021-2022 ലെ മികച്ച സ്റ്റാർട്ടപ്പിനുള്ള കേരള സ്റ്റേറ്റ് ഇ-ഗവേണൻസ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കമ്പനി നേടിയിട്ടുണ്ട്. 36 എൻജിനീയർമാരുൾപ്പെടെ 48 പേർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.

അടുത്തിടെ ചാർജ്മോഡ് ഫീനിക്സ് ഏഞ്ചൽസിൽ നിന്ന് 2.5 കോടി രൂപയുടെ പ്രീ-സീഡ് നിക്ഷേപം നേടിയിരുന്നു. ആകെ 3.5 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.

English Summary:

Success Story of Chargemodd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com