ആരോഗ്യ പരിരക്ഷയ്ക്കൊപ്പം ഓഫറുകളും റിവാർഡും കൂടി ലഭിച്ചാലോ?
Mail This Article
മെഡിക്കൽ എമർജൻസി സാഹചര്യങ്ങളിൽ പണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ പെട്ടന്നുള്ള പരിഹാരമാണ് ആരോഗ്യ ക്രെഡിറ്റ് കാർഡുകൾ. ആരോഗ്യ രംഗത്തെ ഒട്ടേറെ സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും ഈ കാർഡുകൾ വഴി പേയ്മെന്റ് നടത്തുമ്പോൾ ഓഫറുകളും റിവാർഡുകളും ലഭിക്കും. പതിവായി മരുന്നുകൾ വാങ്ങുന്നവർക്കും, ചെക്കപ്പുകൾ നടത്തുന്നവർക്കും ഏറെ ഗുണകരം. മറ്റു പേയ്മെന്റുകൾക്കും ഈ കാർഡുകൾ ഉപയോഗിക്കാം.
എസ്ബിഐ പൾസ് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ്: 1499 രൂപ. ഒരു വർഷം 2 ലക്ഷം രൂപയിൽ കൂടുതൽ കാർഡ് ഉപയോഗിച്ച് ചെലവാക്കുകയാണെങ്കിൽ വാർഷിക ഫീസ് ഇല്ല. അംഗത്വമെടുക്കുമ്പോൾ 5999 രൂപ വിലവരുന്ന നോയ്‌സ് കളർഫിറ്റ് പൾസ് 2 മാക്‌സ് സ്‌മാർട് വാച്ച് സൗജന്യം. ഫാർമസി, സിനിമ, റസ്‌റ്ററന്റ് ആവശ്യങ്ങൾക്ക് ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും 2 റിവാർഡ് പോയിന്റുകൾ. 4 ലക്ഷം വാർഷിക ചെലവിന് 1500 രൂപയുടെ ഇ വൗച്ചർ. മൂന്നുമാസത്തിലൊരിക്കൽ വിമാനത്താവളത്തിൽ രണ്ട് ആഭ്യന്തര ലോഞ്ച് സന്ദർശനം സൗജന്യം. യാത്രാനഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ.
അപ്പോളോ എസ്ബിഐ ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ്: 499 രൂപ. ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് 10%, അല്ലാത്തവയ്ക്ക് 5% കിഴിവ്. അപ്പോളോയുടെ ഉൽപന്നങ്ങളാണെങ്കിൽ 15 % വരെ ആനുകൂല്യം. അപ്പോളോ ഗ്രൂപ്പിൽപെട്ട സെന്ററുകളിൽ ബിൽ തുകയുടെ 1.5% ഹെൽത്ത് ക്രെഡിറ്റായി ലഭിക്കും. റിവാർഡ് പോയിന്റുകൾ അപ്പോളോ സെന്ററുകളിൽ റെഡീം ചെയ്യാം. ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ 500 റിവാർഡ് പോയിന്റ്, അപ്പോളോ ഗോൾഡ് ടൈർ അംഗത്വം എന്നിവ ലഭിക്കും. അപ്പോളോ സേവനങ്ങൾക്കു ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും 3 റിവാർഡ് പോയിന്റ്. സിനിമ, വിനോദം എന്നിവയ്ക്കാണെങ്കിൽ 2, സൗന്ദര്യം - വെൽനസ് തുടങ്ങിയവയ്ക്ക് 1 പോയിന്റ്. കാർഡ് ഉപയോഗിച്ച് ഒരു വർഷം ഒരു ലക്ഷം രൂപ ചെലവഴിച്ചാൽ വാർഷിക ഫീസ് ഇല്ല.
ആക്‌സിസ് ബാങ്ക് ഓറ ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ്: 749 രൂപ. അംഗത്വം എടുക്കുമ്പോൾ 750 രൂപയുടെ ഡെക്കാത്‌ലൺ വെൽകം വൗച്ചർ. പ്രാക്ടോ വഴി നാല് സൗജന്യ ഓൺലൈൻ കൺസൽറ്റേഷൻ, ഫിറ്റേണിറ്റിയുടെ 4 വിഡിയോ ഫിറ്റ്നസ് സെഷൻസ്, 16 റെക്കോർഡഡ് സെഷൻസ് എന്നിവ. ഇൻഡസ്ഹെൽത്ത് പ്ലസ് വഴിയുള്ള വാർഷിക ആരോഗ്യ പരിശോധനയ്ക്ക് 500 രൂപ വരെ കിഴിവ്. പോഷകാഹാരങ്ങൾക്ക് 30%ൽ കുറയാതെ ഇളവ്. ഓരോ 200 രൂപയ്ക്കും 2 എഡ്ജ് ലോയൽറ്റി പോയിന്റ്.
യെസ് ബാങ്ക് വെൽനെസ് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് 749 രൂപ. ഒരു മാസം 6 ഫിറ്റ്നസ് സെഷൻ, 200 രൂപയുടെ മരുന്നുൽപന്നങ്ങളുടെ ചെലവുകൾക്ക് 20 റിവാർഡ് പോയിന്റുകൾ. മറ്റാവശ്യങ്ങൾക്ക് 4 പോയിന്റ്. തിരഞ്ഞെടുക്കപ്പെട്ട റസ്റ്ററന്റുകളിൽ 15% ഇളവ്. എബി മൾട്ടിപ്ലൈ ആപ് മുഖേന 25 തരത്തിലുള്ള ആരോഗ്യ പരിശോധനകളും പരിധിയില്ലാത്ത കൺസൽറ്റേഷൻ സേവനങ്ങളും. കാർഡ് ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷ.